ഇന്ത്യ-ന്യൂസിലാൻഡ്സ് പരമ്പര ആവേശകരമായ രീതിയിൽ അവസാനിച്ചിരിക്കുകയാണ്. ഏകദിന പരമ്പര സമ്പൂർണമായും ടി-20 പരമ്പര ഒരു തോൽവി മാത്രം വഴങ്ങിയും സ്വന്തമാക്കിയ ഇന്ത്യൻ ടീം തങ്ങൾക്ക് ഏറ്റ തിരിച്ചടികളിൽ നിന്നും കരകയറി മുന്നോട്ട് കുതിക്കുകയാണ്. ഇനി ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത പരമ്പര.
ഫെബ്രുവരി 9നാണ് ഓസീസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം തന്നെ ആവേശകരമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിനവും കാണികളെ ആകാംക്ഷാഭരിതരാക്കുന്ന വിക്കറ്റ് ഒരുക്കാൻ പിച്ച് ക്യൂറേറ്റർമാർക്ക് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും നിർദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.
അതിനാൽ തന്നെ സ്പിൻ ബോളിങ്ങിന് പ്രാമുഖ്യമുള്ള അഞ്ച് ദിവസം കളി നീണ്ടു നിൽക്കുന്ന തരത്തിലുള്ള വിക്കറ്റാകും മത്സരത്തിനായി തയ്യാറാക്കപ്പെടുക.
ഐ.പി.എൽ മുതലായ ടൂർണമെന്റുകളിൽ കളിച്ച് ഇന്ത്യൻ സാഹചര്യമായും ഇന്ത്യൻ സ്പിൻ ബോളിങ്ങിനെതിരായും കളിച്ച് ശീലമുള്ള ഓസ്ട്രേലിയൻ ബാറ്റർമാർ ഇന്ത്യൻ സ്പിൻ ബോളർമാർക്ക് വലിയ വെല്ലുവിളി ഉയർത്തും എന്ന് തന്നെയാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും പുറത്ത് വരുന്ന വിവരം.
നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ചതുർദിന പരമ്പരയിൽ അടങ്ങിയിരിക്കുന്നത്.
നാഗ്പൂർ, ധരംശാല,ദെൽഹി,അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.