| Monday, 12th April 2021, 4:49 pm

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക്ക് 5 ന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതിയായി. വിദഗ്ധ സമിതിയാണ് വാക്‌സിന് അനുമതി നല്‍കിയത്.

രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍.

ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയില്‍ വാക്‌സിന്റെ നിര്‍മ്മാണ അനുമതിയുള്ളത്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. നിലവില്‍ ലഭ്യമായ കൊവിഷീല്‍ഡിനും കൊവാക്‌സീനും എഴുപത് ശതമാനത്തിനടുത്താണ് ഫലപ്രാപ്തി പറയുന്നത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതിയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു ശുപാര്‍ശ നല്‍കിയത്.

ഡി.സി.ജി.ഐ അനുമതി ലഭിക്കുന്നതോടെ വിതരണം ആരംഭിക്കാം. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സീന്‍ നിര്‍മിക്കുന്ന ഡോ റെഡ്ഡീസ് ലാബറട്ടറീസിന്റെ അപേക്ഷ പരിഗണിച്ചാണ് വിദഗ്ധ സമിതി വാക്‌സീന്റെ സാധ്യത പരിശോധിച്ചത്.

ഫെബ്രുവരി 19നാണ് ഡോ. റെഡ്ഡീസ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്. ക്ലിനിക്കല്‍ പരിശോധന മൂന്നാം ഘട്ടത്തിലെത്തിയ സമയത്തായിരുന്നു അത്. വാക്‌സിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ വിദഗ്ധ സമിതി ഏപ്രില്‍ ഒന്നിന് ഡോ. റെഡ്ഡീസിനോട് ആവശ്യപ്പെട്ടിരുന്നു.

റഷ്യയില്‍നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. റഷ്യയില്‍ 19,866 പേരില്‍ പരീക്ഷിച്ച വാക്‌സീന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ രണ്ട് പുതിയ വാക്‌സിന്‍ കൂടി ഇന്ത്യയില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു

18നും 99 ഉം ഇടയില്‍ പ്രായമുള്ള 1600 പേരിലാണ് ഇതുവരെ സ്പുട്‌നിക് 5 ഇന്ത്യയിലെ പരീക്ഷണം നടത്തിയത്. യു.എ.ഇ, വെനസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലും സ്പുട്‌നിക് പരീക്ഷണം നടത്തുന്നുണ്ട്. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സ്പുട്‌നിക് 5 വാക്‌സിന്‍ വികസിപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിന് രാജ്യാന്തര വിപണിയില്‍ 10 ഡോളറിലും താഴെയാണു വില.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Experts clear Russia’s Sputnik Covid-19 vaccine for use in India

We use cookies to give you the best possible experience. Learn more