'പൗരത്വ ഭേദഗതി ബില്ലില്‍ മതങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കരുത്'; നിര്‍ദേശം രണ്ടുവര്‍ഷം മുന്‍പേ കേന്ദ്രത്തിനു ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
Citizenship Amendment Act
'പൗരത്വ ഭേദഗതി ബില്ലില്‍ മതങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കരുത്'; നിര്‍ദേശം രണ്ടുവര്‍ഷം മുന്‍പേ കേന്ദ്രത്തിനു ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2019, 8:41 am

ന്യൂദല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലില്‍ മതങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കരുതെന്ന മുന്നറിയിപ്പ് രണ്ടുവര്‍ഷം മുന്‍പേ കേന്ദ്ര സര്‍ക്കാരിനു ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഭരണഘടനാ വിദഗ്ധനും ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലുമായ സുഭാഷ് കശ്യപ് ഇക്കാര്യം 2016-ല്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ (ജെ.പി.സി) അറിയിച്ചിരുന്നതായി ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുക്കള്‍, സിഖുകാര്‍, പാഴ്‌സികള്‍ എന്നിങ്ങനെയുള്ള പേരുകള്‍ ഉള്‍പ്പെടുത്താതെ എല്ലാവര്‍ക്കുമായി പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ എന്നു പരാമര്‍ശിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ശുപാര്‍ശ. ഇക്കാര്യം കശ്യപ് തങ്ങളോടു സ്ഥിരീകരിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹിന്ദുക്കളെന്നോ ക്രിസ്ത്യാനികളെന്നോ സിഖുകാരെന്നോ ഒക്കെ പരാമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ബില്ലിന്റെ ലക്ഷ്യം നേടാന്‍ അതിന്റെ കാര്യമില്ലെന്നും കശ്യപ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ഏഴ്, എട്ട്, ഒമ്പത് ലോക്‌സഭകളുടെ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രപതി വരെ ഒപ്പിട്ട ബില്ലില്‍ ഇനി കോടതിയോ പാര്‍ലമെന്റ് തന്നെയോ ആണു മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും കശ്യപ് പറഞ്ഞു.

അതേസമയം പ്രതിഷേധത്തിനിടെയുണ്ടാകുന്ന അക്രമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്റിനെ പരമാധികാരിയായി കാണുന്നതും ഇതേ ഭരണഘടന തന്നെയാണെന്ന് ഓര്‍ക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഭരണഘടനാ വിശ്വാസികളെന്ന നിലയ്ക്ക്, ഇക്കാര്യം ശരിയാക്കാന്‍ വഴികളുണ്ടെന്ന കാര്യം നമ്മള്‍ അംഗീകരിക്കണം. അതു പക്ഷേ അക്രമാസക്തമായി പ്രതികരിച്ചോ പൊതുമുതല്‍ നശിപ്പിച്ചോ അല്ല.

പൗരത്വ ഭേദഗതി നിയമത്തെ ഇനി കോടതിക്കാണു ചോദ്യം ചെയ്യാനാവുക. അല്ലെങ്കില്‍ ജനാധിപത്യപരമായ രീതിയെന്ന നിലയ്ക്ക് പാര്‍ലമെന്റില്‍ത്തന്നെ അതിനെ മാറ്റാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധിക്കുന്നവര്‍ ഒരിക്കലും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ അല്ലെന്ന് ഓര്‍ക്കണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞു,’ കശ്യപ് പറഞ്ഞു.

ഈ വര്‍ഷം ജനുവരിയിലാണ് പൗരത്വ ഭേദഗതി ബില്ലില്‍ ജെ.പി.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കശ്യപിന്റെ പേരെടുത്തു പറയാതെ തന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

2016-ലാണ് ആദ്യമായി ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. അവിടെനിന്നാണ് ബില്‍ ജെ.പി.സിക്കു നല്‍കുന്നത്. ജെ.പി.സിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 2019 ജനുവരി എട്ടിന് ലോക്‌സഭ ബില്‍ പാസാക്കി. എന്നാല്‍ മേയില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചതോടെ ബില്ലിനു ലഭിച്ച അനുമതി അസാധുവായി.

തുടര്‍ന്നു ശീതകാല സമ്മേളനത്തില്‍ വീണ്ടുമെത്തിയ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസ്സായി.