| Thursday, 20th October 2011, 10:52 am

കൂടംകുളം: പരാതി പഠിക്കാന്‍ 15 അംഗ വിദഗ്ധ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൂടംകുളം ആണവ നിലയം സംബന്ധിച്ച പരാതി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു. 15 അംഗങ്ങളാണു സമിതിയില്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ സമിതി പരിശോധിക്കും. സമിതി അംഗങ്ങള്‍ ആണവനിലയം സന്ദര്‍ശിക്കും.ആണവ നിലയത്തിനെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണു വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

റേഡിയേഷന്‍ സുരക്ഷ, റിയാക്ടര്‍ സുരക്ഷ, ഓണ്‍കോളജി, മത്സ്യമേഖല, ആണവമാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലയിലെ വിദഗ്ധര്‍ കൂടംകുളത്തെ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തും.

ജനങ്ങളുടെ ആശങ്ക മാറുന്നതുവരെ നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണു തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. കൂടംകുളത്തെ പ്രതിസന്ധിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്നു മുഖ്യമന്ത്രി ജയലളിത കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

കൂടംകുളത്തെ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വാഗ്ദാനം പാലിക്കാതായതോടെ കൂടംകുളം സമരം വീണ്ടും ശക്തമായി. പ്രതിഷേധക്കാര്‍ കരാര്‍ തൊഴിലാളികളെ തടഞ്ഞുവയ്ക്കുകയും ശാസ്ത്രജ്ഞന്‍മാരെ ഉപരോധിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ തീരപ്രദേശമായ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത് അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. അടുത്തിടെ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തങ്ങള്‍ ഇവരുടെ ഭീതിക്ക് ആക്കം കൂട്ടി. ഇന്ത്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിരീക്ഷകരും കൂടംകുളം നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിട്ടും ആണവദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ജപ്പാന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണി നിലനിര്‍ത്തിക്കൊണ്ട് ഇവിടെയൊരു ആണവനിലയം വേണ്ടെന്നാണ് സമരക്കാരുടെ ആവശ്യം.

ആണവനിലയത്തിലുള്‍പ്പെട്ട ആദ്യ രണ്ട് ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനം ഈ മാസം ആരംഭിക്കാനാണ് നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ കേന്ദ്രമാക്കി കൂടംകുളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more