ചാത്തൻ മുതൽ ഏലിയൻ വരെ കയറിനിരങ്ങിയ 2024 ലെ എക്സ്പിരിമെന്റൽ സിനിമകൾ
Entertainment
ചാത്തൻ മുതൽ ഏലിയൻ വരെ കയറിനിരങ്ങിയ 2024 ലെ എക്സ്പിരിമെന്റൽ സിനിമകൾ
നവ്‌നീത് എസ്.
Sunday, 29th December 2024, 7:26 pm

ക്വാളിറ്റി കൊണ്ട് എന്നും ഇന്ത്യൻ സിനിമയെ ഞെട്ടിച്ചിട്ടുള്ള ഇൻഡസ്ട്രിയാണ് മലയാളം. മികച്ച അഭിനേതാക്കളാലും ടെക്നിഷ്യന്മാരാലും എന്നും മുന്നിലുള്ള മലയാള സിനിമ പുതിയ പരീക്ഷണങ്ങളെ ചേർത്ത് പിടിക്കാനും എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനും ആദ്യ 70 എം.എം ചിത്രമായ പടയോട്ടവും ഇന്ത്യയിലെ ആദ്യമായി 8k യിൽ ഷൂട്ട് ചെയ്ത വില്ലനുമെല്ലാം മലയാളത്തിന്റെ സ്വന്തമാണ്.

ടെക്‌നോളിയിൽ വന്ന മാറ്റങ്ങൾ സ്വാഭാവികമായി മലയാള സിനിമയെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. 2025 ലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വർഷം മലയാളത്തിലിറങ്ങിയ വ്യത്യസ്ത പരീക്ഷണ സിനിമകളെ കുറിച്ച് പരിശോധിക്കാം.

മലൈക്കോട്ടൈ വലിബൻ

 

ഈ വർഷം മലയാളത്തിൽ ഏറ്റവും ഹൈപ്പോടെ എത്തിയ മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ് മാനും മോഹൻലാൽ എന്ന മികച്ച അഭിനേതാവും ഒന്നിക്കുന്നതായിരുന്നു സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം.

ഒരു നാടോടി കഥയിലൂടെ വാലിബൻ എന്ന മല്ലന്റെ കഥയാണ് സിനിമ സംസാരിച്ചത്. മലയാള സിനിമ മുമ്പ് കാണാത്ത വിധത്തിൽ അവതരിപ്പിക്കപ്പെട്ട ചിത്രം ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ടെക്നിക്കലി മികച്ച നിന്ന സിനിമ സമീപ കാലത്ത് മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനം കണ്ട സിനിമ കൂടിയായിരുന്നു.

 

ഭ്രമയുഗം

അന്യഭാഷയിലടക്കം ചർച്ചയായി മാറിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഗംഭീര വിഷ്വൽ ട്രീറ്റ് പ്രേക്ഷർക്ക് സമ്മാനിച്ചു. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്തിയ ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായി മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് മലയാളികൾ കണ്ടത്.

ഈ വർഷത്തെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപെടാനും ഭ്രമയുഗത്തിന് സാധിച്ചു. കൃത്യമായി അവതരിപ്പിക്കപ്പെട്ടത് പരീക്ഷണ സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ സിനിമയുടെ വിജയം.

 

അഞ്ചകള്ളകോക്കാൻ

ചെമ്പൻ വിനോദ്, ലുക്മാൻ അവറാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ വേറിട്ട ചലച്ചിത്രമാണ് അഞ്ചകള്ളകോക്കാൻ. ഒരു മലയോരഗ്രാമത്തിലേക്ക് സ്ഥലംമാറി എത്തുന്ന ഒരു പൊലീസുകാരന്റെ കഥയിലൂടെ തുടങ്ങുന്ന ചിത്രം വ്യത്യസ്ത അവതരണമാണ് സ്വീകരിച്ചത്.

ഗംഭീര വിഷ്വൽസും ആക്ഷൻ സീക്വൻസും നിറഞ്ഞു നിന്ന ചിത്രത്തിലെ മ്യൂസിക്കും വലിയ ശ്രദ്ധ നേടിയിരുന്നു. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു അഞ്ചകള്ളകോക്കാൻ.

 

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായി പ്രണയകഥ

 

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന തരത്തിൽ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ സുരേശൻ, സുമലത എന്നീ രണ്ടു കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ കിട്ടിയ സ്വീകാര്യതയാണ് ഇങ്ങനെയൊരു ചിത്രം ചെയ്യാൻ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ പ്രേരിപ്പിച്ചത്. മൂന്ന് കാലഘട്ടത്തിലെ ഒരു കഥയെ ഒരു സമയം കാണിച്ച ചിത്രമായിരുന്നു ഇത്. മലയാളത്തിലെ ഒരു പരീക്ഷണ ചിത്രം തന്നെയാണ് സുസുവിന്റെ പ്രണയകഥ.

 

ഗഗനാചാരി

ഭ്രമയുഗം പോലെ ഈ വർഷം ഏറെ ചർച്ചയായ മറ്റൊരു പരീക്ഷണ സിനിമയാണ് ഗഗനാചാരി. ശിവ സായ്‌ക്കൊപ്പം അരുണ്‍ ചന്തു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഗഗനാചാരി. 2050കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറഞ്ഞത്.

അനാര്‍ക്കലി, ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍, അജു വർഗീസ് എന്നിവർ ഒന്നിച്ച സിനിമ ഈ വർഷത്തെ സംസ്ഥാന അവാർഡിലും തിളങ്ങിയിരുന്നു. മലയാളത്തിൽ മുമ്പ് സംസാരിക്കാത്ത ഏലിയൻ സൗബ്ജക്റ്റായിരുന്നു ഗഗനചാരി അവതരിപ്പിച്ചത്.

 

അജയന്റെ രണ്ടാം മോഷണം

നവാഗതാനായ ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് പറഞ്ഞത്.

മൂന്ന് വേഷവും അവതരിപ്പിച്ചത് നടൻ ടൊവിനോ തോമസായിരുന്നു. ത്രീ.ഡിയിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നൂറുകോടിയോളം ബോക്സ് ഓഫീസിൽ നിന്ന് നേടിയ ചിത്രം മിന്നൽ മുരളിക്ക് ശേഷം ടൊവിനോയുടെതായി പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ഫിലിം ആയിരുന്നു.

ബറോസ്

 

ഈ വർഷം ഏറ്റവും ഒടുവിലിറങ്ങിയ സിനിമയാണ് മോഹൻലാലിൻറെ ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം പൂർണമായി ത്രീ.ഡിയിൽ ചിത്രീകരിച്ച സിനിമയാണ് ബറോസ്. കഴിഞ്ഞ ദിവസം ഇറങ്ങിയ സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്. മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഈ സിനിമകൾക്ക് പുറമെ എക്സിറ്റ്, മഞ്ജു വാര്യർ പ്രധാനവേഷത്തിൽ എത്തിയ ഫൂട്ടേജ്, മോണിക്ക: ഒരു എ.ഐ സ്റ്റോറി തുടങ്ങി പരീക്ഷണ സിനിമകളുടെ ഒരു നീണ്ടനിര തന്നെ ഈ വർഷമുണ്ട്. പ്രതീക്ഷയോടെ ഒരു വർഷം കൂടെ കടന്നുവരികയാണ്. മികച്ച സിനിമകൾ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാള സിനിമ ഒരു റോളർ കോസ്റ്ററിലൂടെ കടന്നുപോയ വർഷമാണ് കടന്നുപോകുന്നത്. ദിനംപ്രതി മികച്ച ടെക്‌നീഷ്യന്മാർ ഉണ്ടാവുന്ന മലയാളത്തിൽ നിന്ന് ഇനിയും മികച്ച എക്സ്പീരിയൻസ് നൽകുന്ന എക്സ്പിരിമെന്റൽ സിനിമകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

 

Content Highlight: Experimental Movies In Malayalam 2024

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം