മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് പിന്നാലെ ദുരന്തഭൂമിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും പങ്കുവെച്ച് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍. അപകടം ഉണ്ടായെന്ന് അറിഞ്ഞപ്പോള്‍ തന്നെ ദുരന്തഭൂമിയിലേക്ക് രക്ഷകരായി ആദ്യം ഓടിയെത്തിയതും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആയിരുന്നു.
അപകടം ഉണ്ടായെന്ന് അറിയിച്ച് തങ്ങള്‍ക്ക് ആദ്യ മെസേജ് ലഭിക്കുന്നത് ജൂലൈ 30ന് പുലര്‍ച്ചെ 1:45ന് ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സാറേ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി, വേഗം വന്നില്ലെങ്കില്‍ ഞങ്ങള്‍ മരിക്കുമെന്നായിരുന്നു അദ്യം ലഭിച്ച മെസേജ്. പിന്നെ കേട്ടത് വലിയ കരച്ചിലായിരുന്നു. അപ്പോൾ തന്നെ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഴ കാരണം യാത്ര ഒരുപാട് തവണ തടസപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ദുരന്ത ഭൂമിയില്‍ എത്തിയപ്പോള്‍ കണ്ണ് കാണാന്‍ സാധിക്കാത്ത വിധം ഇരുട്ടായിരുന്നു. വഴികളിലെല്ലാം മുട്ടോളം ചെളിയും. കയ്യില്‍ കരുതിയ ടോര്‍ച്ചുമായി രക്ഷാ പ്രവര്‍ത്തനതിന് ഇറങ്ങിയപ്പോഴേക്കും നാട്ടുകാര്‍ തന്നെ ചിലരെയൊക്കെ രക്ഷപ്പെടുത്തി വരുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ തന്നെ രണ്ടാമത്തെ ഉരുള്‍പൊട്ടലും ഉണ്ടായി.
ഓടിക്കോ ഉരുള്‍പൊട്ടി എന്ന് നാട്ടുകാര്‍ മുകളില്‍ നിന്ന് വിളിച്ച് പറയുന്ന ശബ്ദം മാത്രമാണ് കേള്‍ക്കാനായത്. പിന്നെ കേള്‍ക്കുന്നത് പാറക്കല്ലുകള്‍ ഉരുണ്ട് വരുന്നതിന്റെ ഭീകരമായ ശബ്ദമാണ്. അപ്പോള്‍ തന്നെ ജീവനും കൊണ്ട് കുന്നിന്റെ മുകളിലേക്ക് ഓടിക്കയറി. ഓടിയെത്തിയ സ്ഥലത്ത് തന്നെ ഒരു വഴി ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കുന്നിന്‍ മുകളിലേക്ക് പെട്ടെന്ന് എത്താനായി, ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഞങ്ങളും ചാലിയാറില്‍ എത്തിയേനെ,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വന്നപ്പോള്‍ തന്നെ സ്ഥലത്ത് ടവര്‍ ലൈറ്റ് സ്ഥാപിക്കാനായെന്നും നേരം പുലര്‍ന്നപ്പോള്‍ മാത്രമാണ് ഇത്ര ഭീകരമായ ദുരന്തമാണ് ഉണ്ടായതെന്ന് മനസിലായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറിയ ടോര്‍ച്ച് അല്ലാതെ ഒരു സംവിധാനാവും അങ്ങോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ആദ്യ മണിക്കൂറില്‍ അത് അല്ലാതെ വേറൊന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി ആയിരുന്നെന്നും അവര്‍ പറഞ്ഞു.
അപകടം ഉണ്ടായെന്ന് അറിഞ്ഞ് ആദ്യം അവിടെ എത്തിയപ്പോള്‍ വഴി പോലും മനസിലാകാത്ത അവസ്ഥ ആയിരുന്നു. മരം വീണും മണ്‍ കൂനയായും റോഡ് ഇല്ലായിരുന്നു. ജനങ്ങളുടെ പിന്തുണകൊണ്ട് മാത്രമാണ് ആദ്യ മണിക്കൂറില്‍ വഴി ഒരുക്കാന്‍ പോലും സാധിച്ചത്. അവര്‍ ചെറിയ കത്തി ഉപയോഗിച്ച് മരച്ചില്ലകള്‍ മുറിച്ച് മാറ്റി വഴിയൊരുക്കാന്‍ സഹായിച്ചു.
പത്തോളം ജീപ്പുകളിലായി പ്രദേശവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നതാണ് കാണാനായത്. രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് കുന്നിറങ്ങി വന്നപ്പോള്‍ ഞങ്ങള്‍ നേരത്തെ നിന്ന വഴി പോലും മണ്ണ് തുടച്ചുമാറ്റിയിരുന്നു. രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിന് മുമ്പ് ഒരു സ്ത്രീയെ ഞങ്ങള്‍ക്ക് അവിടെ നിന്ന് രക്ഷിക്കാനും സാധിച്ചു.
പ്രദേശത്ത് വെളിച്ചം വന്ന് തുടങ്ങിയപ്പോള്‍ ഞങ്ങളുടെ മുന്നില്‍ സഹായം ആവശ്യപ്പെട്ട് വീടിന് മുകളില്‍ നിന്നൊക്കെ ആളുകള്‍ കൈ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിസഹായരായി നോക്കി നില്‍ക്കാനല്ലാതെ കുറച്ച് സമയത്തേക്ക് ഒന്നും ചെയ്യാനായില്ല. കാരണം ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ മണ്ണ് പോലും ഒലിച്ചുപോകുന്നുണ്ടായിരുന്നു. ജീവനോടെ കുറച്ച് പേരെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ അവരെ വിട്ട് അവിടെ നിന്ന് പോകാനും മനസ് അനുവദിച്ചില്ല. പിന്നീട് ആദ്യം രക്ഷപ്പെടുത്തിയതും അവരെ തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചുറ്റും വേദനയുമായി ഓടുന്ന മനുഷ്യരെയാണ് കാണാനായത്. ഒരാള്‍ വന്ന്, ആദ്യം ഉരുള്‍പൊട്ടിയപ്പോള്‍ ഭാര്യ തന്റെ കൂടെ ഉണ്ടായിരുന്നെന്നും രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ ഭാര്യയെ കാണാതായെന്നും കരഞ്ഞ് പറഞ്ഞു.
മറ്റൊരു വീട്ടില്‍ എത്തിയപ്പോള്‍ അവിടെ അച്ഛനും അമ്മയും മകനുമടക്കം മൂന്ന് പേരെയാണ് കണ്ടത്. അതില്‍ അച്ഛനും അമ്മയും നിലത്ത് മരിച്ച് കിടക്കുകയായിരുന്നു. മകന് ജീവനുണ്ട്. അവന്‍ അവിടെ ഒരു കമ്പിക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.എന്റെ അനിയന്‍ ഇവിടെ ഉണ്ട് അവന്‍ കുറച്ച് സമയം മുമ്പ് വരെ എന്നോട് സംസാരിച്ചതാണ്, അവനെ രക്ഷിക്കണം എന്ന് അവന്‍ കരഞ്ഞ് പറയുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ഒത്തിരി സമയം അവിടെ നിന്ന് അവനെ വിളിച്ച് നോക്കി. എന്നാല്‍ അവന്‍ വിളി കേട്ടില്ല. ഞങ്ങളെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കഴുത്തോളം ചെളിയായിരുന്നു. അവന്റെ അനിയന്‍ അവിടെ ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷെ ഞങ്ങളെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല, കണ്ണ് നിറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. മരണം 366 ആയി ഉയർന്നു. ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെയാണ്. വിവിധ ഫോഴ്‌സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്നത്തെ തിരച്ചിലില്‍ പങ്കെടുക്കുന്നത്.
Content Highlight: Experiences of Fire Force personnel who are the first to arrive at the scene of disaster in wayanad