| Saturday, 9th September 2023, 6:31 pm

ഒരു അമ്മയുടെ അത്ര എളുപ്പമല്ലാത്ത ഗവേഷക ജീവിതം

നൂര്‍ജഹാന്‍

കഴിഞ്ഞ 19 ദിവസമായി മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ (ടിസ്)കാമ്പസിലാണുള്ളത്. 2014ല്‍ തുടങ്ങിയ ഗവേഷണം ഇനിയെങ്കിലും പൂര്‍ത്തിയാക്കണമെന്ന വിചാരത്തോടെ വണ്ടി കേറിയതാണ്. ഇത്രയും വര്‍ഷമായി ടിസ്സിലെ ഗവേഷകയാണെങ്കിലും ആദ്യമായിട്ടാണ് ഇത്രയും കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കുന്നത്.

പാരന്റിങ്ങില്‍ ബ്രേക്ക് എടുത്ത്  മുഴുസമയ ഗവേഷണത്തെ തെരെഞ്ഞെടുത്തത് മറ്റൊരു വഴിയില്ലാത്തത് കൊണ്ടാണ്. ഗവേഷണത്തിന് ചേരുമ്പോള്‍ ഞാനൊരു ഉമ്മയല്ല. ഗവേഷണം തുടങ്ങി ഒരു വര്ഷം കഴിയും മുമ്പാണ് ഞാന്‍ ഗര്‍ഭിണിയാവുന്നത്. വിവാഹത്തിന് എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാവുന്ന ഗര്‍ഭമായതിനാല്‍ ഗര്‍ഭത്തിന് വേണ്ടി ഗവേഷണത്തെ വേണ്ടെന്ന് വെക്കാനോ ഗവേഷണത്തിന് വേണ്ടി ഗര്‍ഭധാരണം നീട്ടി വെക്കാനോ സാധിക്കാത്ത ഒരു സാമൂഹിക കുടുംബ സാഹചര്യത്തിലാണ് ഞാനുണ്ടായിരുന്നത്.

പഠനത്തിനോ ജോലിക്കോ മറ്റെന്തെങ്കിലും കാര്യത്തിനോ വേണ്ടി ഗര്‍ഭധാരണം നീട്ടി വെക്കുന്നത് എത്രത്തോളം നമ്മുടെ സമൂഹത്തിന് സ്വീകാര്യമാണെന്ന ചര്‍ച്ച സമാന്തരമായി നടക്കേണ്ടതാണ് എന്നിരികുമ്പോള്‍ തന്നെ, താന്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറാണോ, താന്‍ കുട്ടികളെ പോറ്റാന് തയ്യാറാനാണോ എന്ന ചോദ്യത്തിന് പോലും സ്ഥലം കൊടുകാന്‍ നമ്മുടെ സമൂഹം തയ്യാറുണ്ടോ എന്ന ചോദ്യം motherhood and choice; uncommon mothers, childfree women എന്ന തന്റെ പുസ്തകത്തില് അമൃത നാന്‍ഡി (Nandy, 2017)ഉയരത്തികൊണ്ട് വരുന്നുണ്ട്.

Motherhood and Choice; uncommon mothers, childfree women

എന്റെ ഗര്‍ഭം ഗവേഷണത്തിന് കൂടെയായിരുന്നെങ്കിലും എന്റെ കൂടെ പൂര്‍ണ്ണ ആഗ്രഹത്തിന് മുകളില് പടച്ച തമ്പുരാന് നല്കിയാണെന്ന് ഞാന്‍ കരുതുന്നത് കൊണ്ടാവണം, ഏറെ ക്ഷമയോടെ എനിക്ക് മുന്നോട്ട് കൊണ്ട് പോവാന്‍ കഴിഞ്ഞത്. ആ കാര്യത്തില് പടച്ചോന്റെ തീരുമാനത്തിന് കൂടെ എനിക്ക് എന്റെ കര്‍ത്തൃത്വത്തിനും സ്ഥാനം ലഭിച്ചു എന്നത് പോലും അത്തരത്തിലുള്ള കര്‍ത്തൃത്വം വക വെച്ചു നല്കപ്പെടാത്ത ഒരു സമൂഹത്തില് എന്റെ പ്രിവിലേജ് (സവിശേഷത) ആയിട്ടാണ് ഞാന് മനസ്സിലാക്കുന്നത്.

അത് മനസ്സിലാകി അന്ന് കൂടെ നിന്ന എന്റെ ജീവിത പങ്കാളിയെയും ഞാനിവിടെ ഓര്‍ക്കേണ്ടതുണ്ട്. പിന്നീടങ്ങോട്ട് മാതൃത്വവും ഗവേഷണവും ഒരുമിച്ചാണ് കൊണ്ട് പോയത്. ഈ ഒരുമിച്ച് കൊണ്ടുപോവല്‍ എങ്ങനെയിരിക്കുമെന്നതിനെ കുറിച്ച് ഒട്ടും ധാരണയില്ലാതെ തുടങ്ങിയ പ്രക്രിയ ഓരോ പടിയിലും പരീക്ഷണങ്ങളായിരുന്നു.

ഗര്‍ഭകാലത്തിന്റെ ശാരീരിക സങ്കീര്‍ണ്ണതകളെയും മാറ്റങ്ങളെയും പരിഗണിച്ച് കൊണ്ട് എങ്ങനെ വായനയും എഴുത്തും മുന്നോട്ട് കൊണ്ട് പോകാമെന്ന പരീക്ഷണമായിരുന്നെങ്കില്‍, പ്രസവത്തിനു ശേഷം കൈ കുഞ്ഞിനെയും കൊണ്ട് എങ്ങനെ ഗവേഷണം പുരോഗമിപ്പിക്കാമെന്ന പരീക്ഷണവും. അത് കഴിഞ്ഞു, കുട്ടികാലത്തിന്റെ ഓരോ തലത്തിലും മകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടെങ്ങനെ എങ്ങനെ ഗവേഷണ യാത്രകളും, paper presentation , doctoral advisory committee meeting ഉം മുന്നോട്ട് കൊണ്ട് പോവാമെന്ന പരീക്ഷണവും നടത്തിയിട്ടുണ്ട്.

ഈ സമയങ്ങളിലൊക്കെയും തന്നെ ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച് കൊണ്ട് പോവുന്നതില്‍ എനിക്ക് എന്നോടു തന്നെ ബഹുമാനമായിരുന്നു എന്നതാണ് സത്യം.

ശ്രമകരമാണെങ്കിലും ഞാനത് ഒരു പരിധിവരെ ആസ്വദിച്ചിരുന്നു. പതുപതുക്കെയാണെങ്കിലും ഗവേഷകയെന്നതില്‍ ഞാന് കൂടുതല് തെളിഞ്ഞു വരുന്നുവെന്നതും, എന്റെ മാതൃത്വം അതിനൊരു കാരണമായിട്ടുണ്ട് എന്നതും ഞാന് തിരിച്ചറിഞ്ഞു തുടങ്ങി. എന്നാല്‍ ഞാനത് ആസ്വദിച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ് അതെനിക്കു വല്ലാത്ത ബുദ്ധിമുട്ടായി തോന്നതിരുന്നത് എന്നതാണ് സത്യം.

ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള വിലപേശലുകള്‍ സ്വന്തത്തോടും, ചുറ്റുപാടിനോടും നടത്തേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പിന്നീട് ജോലി ചെയ്യേണ്ടി വന്നപ്പോഴും, മാതൃത്വം, ഗവേഷണം, ജോലി എന്നെ മൂന്നു മേഖലകളെ കൂടി സമന്വയിപ്പിച്ച് കൊണ്ട് പോകാനുള്ള ശ്രമവും നടത്തി. അതിനിടയിലാണ് രണ്ടാം ഗര്‍ഭവും, കുഞ്ഞും ഉണ്ടാവുന്നത്.

രണ്ടാം കുഞ്ഞിന്റെ വരവോടെ, അന്നേ വരെ നിലനിര്ത്തി പോന്നിരുന്ന താളം തന്നെ എനിക്ക് നഷ്ട്ടമായത് പോലെ തോന്നിയിരുന്നു. ഒട്ടും സമയം കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഓരോ ദിവസവും ഗവേഷണത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയത്തിന് പോലും ഞാന്‍ അങ്ങേയറ്റം പരിശ്രമിക്കേണ്ടി വന്നു എന്നതാണ് ശരി. എന്നേ പൂര്‍ത്തിയക്കേണ്ടിയിരുന്ന ഗവേഷണം ഓരോ തവണയും extension വാങ്ങി 9 വര്‍ഷമായി.

ഇതിനിടയില്‍ എന്റെ കൂടെയോ, അതിനു ശേഷമോ ഗവേഷണം തുടങ്ങിയവരോരോന്നായി ഗവേഷണം പൂര്‍ത്തിയാക്കുമ്പോഴൊക്കെ ഞാന്‍ എന്നോടു തന്നെ ചോദ്യങ്ങള് ചോദിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. ആ താരതമ്യത്തിനിടയില്‍ ഞാന് രണ്ടു കുട്ടികളെ പ്രസവിച്ചു വളര്‍ത്തുന്നതിനിടയിലാണ് ഗവേഷണം ചെയ്യുന്നതെന്നും, മറ്റുള്ളവരുടെ പ്രിവിലേജ് എനിക്കില്ല എന്നും ഞാന്‍ തന്നെ ഇടയ്ക്കിടെ മറന്നു പോവുകയും, എന്നെ തന്നെ ഞാന്‍ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരികയും ചെയ്യേണ്ടി വരാറുണ്ട്.

ആളുകളുടെ വ്യക്തിപരവും, കുടുംബ-സാമൂഹിക, സാമ്പത്തികപരമായ ചുറ്റുപാടുകളെ പരിഗണിക്കാതെയുള്ള താരതമ്യം നമ്മുടെ സമൂഹത്തില്‍ അത്ര തന്നെ സാധാരണമായത്തിന്റെ പ്രതിഫലനമാണ് ഞാന്‍ തന്നെ സ്വയം നടത്തുന്ന താരതരമ്യവും എന്താണ് ഗവേഷണം മുഴുവനാക്കാത്തത് എന്ന് മറ്റുള്ളവരുടെ തുടരെ തുടരെയുള്ള ചോദ്യവും എന്നെനിക്ക് തോന്നിയിട്ടുണ്ട്.

അത്തരം ചോദിക്കുന്നവരൊന്നും തന്നെ ഞാന്‍ രണ്ട് കുട്ടികളെ പെറ്റ് പോറ്റുന്നു എന്ന ഘടകം ചോദിക്കുമ്പോള്‍ ഓര്‍ക്കാറുണ്ടോ എന്ന് സംശയമാണ്.

വിവാഹം കഴിച്ചും, കുട്ടികളായും പെണ്‍കുട്ടികള്‍ക്ക് പഠിക്കാമെന്നും വീമ്പ് പറയുന്ന സമൂഹം പോലും ആ പ്രയത്‌നമെടുക്കുന്ന സ്ത്രീകളുടെ വിജയമെന്ന അന്തിമ നിലക്കുപരി ആ പ്രയത്‌നങ്ങളെ വേണ്ടത്ര പരിഗണിക്കാന്‍ പഠിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. അത് കൊണ്ടാണല്ലൊ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ചോദ്യമോ, എന്താണ് ഗവേഷണം വെക്കാത്തത് എന്ന ചോദ്യമോ എന്നോട് ചോദിക്കുന്നവരോട് ഇതൊക്കെ ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കേണ്ടി വരുന്നത്.

ഇനി ആ ഓര്‍മപ്പെടുത്തലിന് ശേഷവും കുട്ടികളെ പെറ്റുപോറ്റുന്നതിനിടയില്‍ ഗവേഷണം ചെയ്യുന്ന ആദ്യത്തെ സ്ത്രീയല്ലല്ലൊ എന്ന അഭിപ്രായം സ്വാഭാവികമെന്നോണം വരുന്നതും നമ്മുടെ ലിംഗ അടിസ്ഥാനത്തിലുള്ള പ്രതീക്ഷകള്‍ സ്ത്രീയുടെ വിദ്യാഭ്യാസവും തൊഴിലും, സാമൂഹിക നിലയും മാറുന്നതിന്നുപരിയായും നിലനിലക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്.

സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം എത്ര തന്നെയായാലും, അവളുടെ വ്യക്തിപരമായ ജെന്‍ഡര്‍ റോളുകള്‍ പ്രതീക്ഷകളില്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ മാറ്റം ഉണ്ടാവുകയോ ചെയ്യുന്നില്ല എന്നത് തന്നെ. വിവാഹം കഴിഞ്ഞും കുട്ടികളായും പഠിക്കാമെന്നും, ജോലി ചെയ്യാമെന്നും പറയുന്ന സമൂഹം തന്നെ വിവാഹം കഴിഞ്ഞും കുട്ടികളയും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ പാരമ്പര്യ gender rolesനേ കുറിച്ച് പുനരലോചിക്കാനോ, പങ്കിട്ടെടുക്കാനോ, അവളുടെ വൈകാരിക ശാരീരിക ബുദ്ധിമുട്ടുകളെ തിരിച്ചറിയാനോ, അംഗീകരിക്കാനോ, ഉള്‍ കൊള്ളാനോ തയ്യാറുണ്ടോ എന്നതാണ് ചോദ്യം.

അല്ലാത്ത പക്ഷം ഗവേഷണത്തിന്റെ കൂടെയുള്ള മാതൃത്വവും വിവാഹത്തിന് ശേഷമുള്ള പഠനവുമെല്ലാം സൗകര്യപൂര്‍വ്വം കണ്ടില്ലെന്നു വെക്കുകയും, സ്വഭാവികവത്കരിക്കപ്പെടുകയും, സ്ത്രീകളുടെ മുകളില് ഇരട്ടി ഭാരമായി മാറുകയുമായ് ചെയ്യുന്നത് എന്നതാണ് വസ്തുത.

ഗവേഷണവും മാതൃത്വവും ഒരുമിച്ചു കൊണ്ടുപോകാന്‍ പെടാപാട് പെടുന്ന ഒരു കൂട്ടം പെണ്ണുങ്ങളെ എനിക്കറിയാം. അതൊരു വലിയ കൂട്ടമാണ്. പഠിച്ച് മിടുക്കാരായി കേന്ദ്ര സര്‍വകലാശാലകളില്‍ വരെ കൃത്യമായി സ്ഥാനം അടയാളപ്പെടുത്തിയ പെണ്‍കൂട്ടങ്ങളില്‍ ഗവേഷകരുടെ എണ്ണം ഒട്ടും കുറവല്ല. സമൂഹത്തിന്റെ പുരോഗതിയായിട്ടണല്ലോ ഈ നേട്ടങ്ങളെ നമ്മള്‍ കാണാറുള്ളത്.

മേല്‍പറഞ്ഞ കൂട്ടത്തില്‍ പലരും തന്നെ വിവാഹിതരോ ഉമ്മമാരോ ഒക്കെ തന്നെയാണ്. ഈ കൂട്ടരുടെ നേട്ടം അഭിമാനകരമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അവരുടെ ദൈനം ദിന വിലപേശലുകളെ സമൂഹത്തിന് അറിയാമോ? അറിയേണ്ടത്തില്ലേ? ഗൌരവത്തോടെ തന്നെ സമൂഹം ചര്‍ച്ച ചെയയേണ്ടത്തില്ലേ?

ഭര്‍ത്താവിന്റെ വീട്ടില്‍ ഉച്ചക്കത്തേക്കുള്ള പപ്പടം പോലും പൊരിച്ച് വെച്ചു കോളേജിലേക്ക് ഇറങ്ങുന്ന പെണ്‍കുട്ടികളെ എനിക്കറിയാം. മൂന്നു മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് കോളേജില് വന്നു കോളേജ് ക്രഷിലില്‍ കിടത്തിയുറക്കി ഓരോ രണ്ടു മണിക്കൂറും പാല് കൊടുത്തു വൈകീട്ട് പോവുമ്പോള് കുട്ടിയെയും കൊണ്ട് പോവുന്ന ഡിഗ്രീക്കാരി പെണ്കുട്ടിയെ ഞാന് കണ്ടിട്ടുണ്ട്. കൈകുഞ്ഞിനെയും വെച്ചു വീട്ടു ജോലി ചെയ്തു മുഴുവനാക്കി, കുഞ്ഞിനെ സ്വന്തം ഉമ്മയുടെ അടുത്ത്‌ കൊണ്ട്ചെന്നാക്കി ക്ലാസിന് പോയിരുന്ന പെണ്കുട്ടിയെ എനിക്കറിയാം.

ഇത്തരത്തിലുള്ള ഓരോ സ്ത്രീക്കും ചുറ്റുപാടുമായി ഓരോ ദിവസവും വിലപേശേണ്ടി വരുന്നു എന്നതും തോതില് വ്യത്യസമുണ്ടെങ്കിലും ഓരോ സ്ത്രീയും ഇതിലൂടെ കടന്നു പോവേണ്ടി വരുന്നു എന്നാണ് പറഞ്ഞു വരുന്നത്. ഈ വിലപേശുകളും ശ്രമങ്ങളും എന്തു കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല? മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ വിലപേശല്‍ കുറെ എളുപ്പവും, സമാധാന പരവുമാണ് എന്നെനിക്ക് തോന്നാറുണ്ട്. പ്രാതലിനെന്ത്, ചോറിനെന്ത്, കുട്ടികളുടെ മെനു എന്താവണം , മോനെന്താണ് ഉറങ്ങാത്തത് , മീന്‍ വാങ്ങണ്ടെ , പാല് വാങ്ങണ്ടെ , മോളെ ഹോം വര്‍ക്കെന്താണ്, അയ്യോ മോന് പനിക്കുന്നുണ്ടോ തുടങ്ങി നിസ്സാരമെന്ന് തോന്നുന്ന ദൈനം ദിന ചിന്തകളാണ് എന്റേത്.

അതും ഞാനനുഭവിക്കുന്ന പ്രിവിലേജ് മാത്രമാണ്. എന്റെ അവസ്ഥയെയും, ഗവേഷണമെന്ന എന്റെ ആവശ്യത്തെയും, അതിന്റെ പ്രധാന്യത്തെയും മനസ്സിലാക്കുകയും അതിനു വേണ്ട physical -material അന്തരീക്ഷം ഒരുക്കി തരാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു കുടുംബം എനിക്കുണ്ട് എന്നതാണ് എന്റെ പ്രിവിലേജ്. ഇരുപതു ദിവസങ്ങളില്‍ കൂടുതലായി രണ്ടു വയസ്സുകരനെയും, ഏഴു വയസ്സുകാരിയെയും എല്‍പ്പിച്ചു എനിക്കിവിടെ സര്‍വകലാശാലയി്ല്‍ വന്നിരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. എന്റെ മാതാപിതാക്കള്‍ അവരുടെ റിട്ടയറമെന്റ് വേളയില്‍ എന്റെ കുട്ടികളെ നോക്കാനുള്ള സന്നദ്ധത കാണിച്ചത് കൊണ്ടും അവരുടെ ആരോഗ്യം അതിനനുവദിക്കുന്നത് കൊണ്ടുകൂടിയുള്ള പ്രിവിലേജാണിത്.

ചിന്തയില്‍ ഗവേഷണമുണ്ടാവുക എന്നത് ഗവേഷണമെന്ന പ്രക്രിയയില്‍ വളരെ പ്രധാനമാണ്. അതാണ് സര്‍വ്വകാലാശാലയില്‍ വന്നിരുന്നു ചെയ്യുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം.

അത്രയും ഗൗരവകരമായ ഒരു പ്രക്രിയയെന്ന നിലയില്‍ വേണ്ടത്ര സമയവും ശ്രദ്ധയും കൊടുക്കാന്‍ കഴിയേണ്ടതുണ്ട്. ‘ചിന്തിക്കുക’ എന്ന പ്രക്രിയ നമ്മുടെ എഴുത്തിന്റെ ഗുണത്തെയൊക്കെ നന്നായി സ്വാധീനിക്കുമെന്നതാണ് ശരി. മാതൃത്വമുള്‍പ്പെടെയുള്ള ജീവിത വ്യവഹാരങ്ങള്‍ ഗവേഷണമെന്ന പ്രക്രിയയിയുമായി ഉരസുന്നത്തും അവിടെ തന്നെയാവണം.

മാതൃത്വം തന്നെ അങ്ങേയറ്റം മനസ്സാനിധ്യത്തോടെ ചെയ്യേണ്ട ഒരു പ്രക്രിയ ആണെന്നയിരിക്കെ അങ്ങേയറ്റം ഗൗരവരവകരവു ശ്രദ്ധയും തുടര്ച്ചയും, സമയവും ആവശ്യമുള്ള ഗവേഷണത്തിന്റെ കൂടെ ഇതെങ്ങനെ കൊണ്ടുപോകുമമെന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഗവേഷണം എന്നത് Multitasking ല്‍ ഒന്നായി മാറുക എന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞത് മാത്രമല്ല നമ്മുടെ പ്രൊഡക്റ്റിവിറ്റിയെയും മാനസികാരോഗ്യത്തെയും അങ്ങേയറ്റം ബാധിക്കുകയും ചെയ്യുന്നു.

എന്നാല്‍ മാതൃത്വത്തിന്റെ കൂടെയുള്ള പഠനത്തെ സ്വാഭാവികവല്‍ക്കരിച്ച ഒരു ചുറ്റുപാടിനോട് ഈ വെല്ലുവിളിയെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നത് മറ്റൊരു വെല്ലുവിളിയാണ്; അത്യന്തം സങ്കീര്‍ണമായ ശ്രമവുമാണ്.

മാതൃത്വത്തില്‍ നിന്നും മുഴുവന്‍ സമയ ഗവേഷണത്തിലേക്ക് പോവുക മറ്റൊരു ശ്രമമാണ്. കുട്ടികളെ വിട്ട് ഞാനെങ്ങനെ പോവാനാണ് എന്ന ചിന്തയില്‍ നിന്നും, കുട്ടിയെ ഉറക്കികിടത്തി ഉമ്മ കൊടുത്ത് വണ്ടി കയറി പോരുക എന്നതും , കുട്ടികളില്ലാതെ അന്തിയുറങ്ങുക എന്നതും , കുട്ടികളില്ലാത്ത ശൂന്യതയിലേക്ക് ഗവേഷണത്തെ നിറക്കുക എന്നതും അസുഖ സമയത്ത് കുട്ടികളെ ഫോണില്‍ വിളിച്ച് കാണേണ്ടിവരിക എന്നതും ഒട്ടും എളുപ്പമല്ലല്ലോ.

നൂര്‍ജഹാന്‍

കുട്ടികളുടെ കുട്ടിക്കാലത്ത് അവരുടെ കൂടെയുണ്ടാവുക എന്നത് ഏറെ പ്രധാനമാണെന്ന തിരിച്ചറിവുണ്ടായിരിക്കെ തന്നെ അതിന് മുകളില്‍ ഗവേഷണത്തിന്റെ തെരെഞ്ഞെടുപ്പ് അങ്ങേയറ്റം കുറ്റബോധമുണ്ടാക്കുന്ന പ്രക്രിയയാണ്. കൂട്ടത്തില്‍ Mother guilt കൂട്ടുന്നതില്‍ നമ്മുടെ സമൂഹത്തിന്റെ കഴിവ് പിന്നെ പറയേണ്ടതില്ലല്ലൊ. വിവാഹം കഴിഞ്ഞും കുട്ടികളുണ്ടായും ഞങ്ങളുടെ സ്ത്രീകള് പഠിക്കുന്നുണ്ട് എന്നു വീമ്പ് പറയുന്ന അതേ സമൂഹത്തിലെ ആളുകള്‍ത്തന്നെ ‘കുട്ടികളെ വിട്ടു ഓള് പോയോ’ എന്നും മടിയില്ലാതെ ചോദിക്കുന്നു എന്നതാണ് വിരോധാഭാസം.

അതേ ചോദ്യം ചോദിക്കുന്ന മനുഷ്യര്‍ തന്നെ നാളെ മറ്റൊരു പെണ്ണിനോട് , ഇനി കല്യാണം കഴിഞ്ഞിട്ട് പഠിക്കാമെന്നും കുട്ടികളായിട്ട് പഠിക്കാമെന്നും ഉപദേശനിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കാണാം. സ്ത്രീകളുടെ ഉന്നമനനങ്ങള്‍ സമൂഹത്തിന്റെ അഭിമാനമാണെന്ന് പറയുന്ന അതേ സമൂഹം തന്നെ, സ്ത്രീകള്‍ അവരുടെ ജെന്‍ഡര്‍ റോളില്‍ ഏതെങ്കിലും വിധേന നീക്കുപോക്കുകള്‍ നടത്തുന്നത് ഉള്‍കൊള്ളാന്‍ തക്ക തരത്തില്‍ വളര്‍ന്നിട്ടില്ല എന്നാണ് ഈ സമീപനം വ്യക്തമാക്കുന്നത്.

ഗവേഷണമെന്ന പ്രക്രിയയും മാതൃത്വവും ഒരുമിച്ച്‌കൊണ്ട് പോകുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തിന് പുറത്തുമുണ്ട്.

വിശിഷ്യാ പാശ്ചാത്യ ലോകത്ത് ഇത്തരം തെരെഞ്ഞെടുപ്പുകള്‍ നടത്തുന്ന സ്ത്രീകള്‍ അവരുടെ അനുഭങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നത് കാണാറുണ്ട്. ഇത്തരം മാതൃകകളെ നമ്മള്‍ നന്നായി സ്വാഗതം ചെയ്യാറുമുണ്ട്‌. പരമ്പരാഗതമായ ജെന്‍ഡര്‍ റോളുകളും സമായസമയം ചെയ്തു കൊണ്ട് തന്നെ മുന്നേറുന്ന സ്ത്രീകളെ ആഘോഷിക്കാന്‍ നമുക്ക് വലിയ ആവേശമാണ്.

യു.എന്‍. അസംബ്ലിയില്‍ കൈക്കുഞ്ഞുമായെത്തിയ ജസീന്ത

അതുകൊണ്ടു തന്നെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ആര്‍ഡന്‍ സ്വന്തം കൈകുഞ്ഞിനെയും കൊണ്ട്പാര്‍ലമെന്റില്‍ ഇല്‍ അടക്കം പ്രത്യക്ഷപ്പെട്ടപ്പോള്‍ നമ്മള് ഇവിടെയിരുന്നു കയ്യടിച്ചത്. അതൊരു അനുകൂല നിലപാടുമാണ്. നമ്മുടെ നാട്ടിലും, ഇത്തരം പ്രതികൂല സാഹചര്യങ്ങളില് നിന്നു പി.എസ്.സി പരീക്ഷയില്‍ പ്രതീക്ഷര്‍ഹമായ റാങ്കുകള്‍ വാങ്ങുകയും, കുഞ്ഞ് കുട്ടികളുടെ അമ്മമാരായിരിക്കെ തന്നെ ഐ.എ.എസ് പരീക്ഷ വരെ നേരിടുകയും നല്ല റാങ്ക് വാങ്ങുകയും ചെയ്ത ഡോ. അദീല അബ്ദുല്ല പോലെയുള്ളവരുടെയൊക്കെ വിജയത്തിനോട് ഇത്തരം കയ്യടികളാണ് നമ്മള്‍ നല്കിയത്.

ഡോ. അദീല അബ്ദുള്ള

വിജയത്തെ അംഗീകരിക്കുന്നു എന്ന രീതിയില് അത് വളരെ അനുകൂലമായ ഒരു മനോഭാവവുമാണ്. എന്നാല്‍ അതിനു ചേര്ത്ത് നമ്മള് രൂപപ്പെടുത്തുന്ന ചില പ്രതീക്ഷകള്‍ എത്രത്തോളം ആരോഗ്യകരമാണെന്ന് സംശയമാണ്. എല്ലാ സ്ത്രീകള്ക്കും പ്രയത്‌നം കൊണ്ട് ഏത് പ്രതികൂല സഹചര്യങ്ങളെയും നേരിട്ട് താന്‍ കരുതുന്ന വിജയം നേടാനാവുമെന്ന തത്ത്വം പെട്ടെന്ന് രൂപപ്പെടുത്തിയെക്കുകയും, അത് എല്ലാ സ്ത്രീകള്‍ക്കും ബാധകാമാണെന്ന മാതൃക നിര്‍മാണം പെട്ടെന്ന് ഉണ്ടായി വരുകയും ചെയ്യും.

പത്തനംതിട്ട ജില്ല കളക്ടറായിരിക്കെ ദിവ്യ എസ്. അയ്യര്‍ തന്റെ കുഞ്ഞുമായി ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍

അതോടെ സ്ത്രീകളുടെ എല്ലാ തരം പ്രതികൂല സഹചര്യങ്ങളെയും വിലപേശലുകളെയും വളരെ സൗകര്യപൂര്‍വ്വം അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ‘കണ്ടില്ലേ, വേണമെന്ന് വെച്ചാല് വിജയത്തിന് ഒന്നും തടസ്സമല്ലെന്നുള്ള’ പറച്ചിലുകള് അത്തരത്തില് സൃഷ്ടിക്കപ്പെടുന്ന ഒരു അപകടകരമായ പ്രതീക്ഷയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതോട് കൂടെ വിജയം നേടാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ എല്ലാ ശ്രമങ്ങളെയും, സാഹചര്യങ്ങളെയും, ഉള്‍കൊള്ളുകകയും അനുകൂല സാഹചര്യങ്ങള് സൃഷട്ടിച്ചു നല്കുക എന്ന ഉത്തരവാദിത്യത്തില്‍ നിന്നും സമൂഹം തന്നെ രക്ഷപ്പെടും. പകരം വിജയം എന്നത് അവളുടെ മാത്രം നിശ്ചയ ദര്‍ഢ്യതെയും കഠിനാധ്വാനതെയും മാത്രം ആശ്രയിച്ചാണിരിക്കുന്നതെന്ന തരത്തിലേക്ക് മനസ്സിലാക്കപ്പെടും. ഇതിലും വലിയ വെല്ലുവിളി മറ്റെന്താണുള്ളത്?

കുഞ്ഞുമായി പൊതുവേദിയില്‍ പ്രസംഗിക്കുന്ന മുസ്‌ലിം ലീഗ് നേതാവ് നജ്മ തബ്ഷീറ

ഗവേഷണത്തിനൊപ്പം മാതൃത്വം കൊണ്ട് പോകാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നുണ്ടങ്കില് അവള്‍ സമൂഹത്തിനു വേണ്ടി രണ്ടു പ്രധാനപ്പെട്ട പണിയെടുക്കുന്നവളാണ് എന്നു മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

ഒന്ന്, ഒരു തലമുറയിലെ കണ്ണിയെ വാര്‍ത്തെടുക്കുന്നു. രണ്ട്, സമൂഹത്തിന് ഉപകാരപ്പെടുന്ന നോളേജ് പ്രൊഡക്ഷന്‍ നടത്തുന്നു. ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോവനുള്ള അവളുടെ ശ്രമങ്ങള്‍ അവളുടെ മാത്രം ഉത്തരദിത്തമല്ല. മറിച്ച് അത്ര തന്നെ സാമൂഹത്തിന്റെ കൂടെ ഉത്തരവാദിതമാണ്. കുട്ടിയെ വളര്‍ത്തുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ് എന്നു മനസിലാക്കുന്ന ഒരു സംസ്‌കാരവും അതിനനൂകൂലമായ, നിയമ, സാമൂഹിക ചുറ്റുപാടുകള്‍ കുടുംബത്തില് നിന്നു തുടങ്ങി, ഭരണതലത്തില് വരെ ഉണ്ടാവേണ്ടതുണ്ട്. മാതൃത്വവും ഗവേഷണവും കൂടെ കൊണ്ട് പോവുന്ന സ്ത്രീകള്ക്ക് അനുകൂലമായ നിയമങ്ങള്, സൗകര്യങ്ങള്‍ എന്നിവ ഉണ്ടാക്കേണ്ടത്‌ ഭരണകൂടത്തിന്റെയും, സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമല്ലേ.

സോഷ്യല്‍ സയന്‍സില്‍ രാജ്യത്തെ തലത്തോട്ടപ്പന്മാരായ ഒരു സര്‍വകലാശാലയാണ് ടാറ്റാ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. രാജ്യത്ത് child guidance clinic (ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്‌) എന്ന ആശയം തന്നെ അവതരിപ്പിച്ച സ്ഥാപനം. ഈ സ്ഥാപനത്തില് പോലും അമ്മമാരായ ഗവേഷകര്‍ക്ക് വേണ്ട ഒരു സൗകര്യവും നിലവിലില്ല. കുട്ടികളുടെ കൂടെ വന്നു താമസിച്ചു ഗവേഷണം നടത്താനുള്ള ഇടമോ, മറ്റ് സംവിധാനങ്ങളോ, ഒന്നും തന്നെ ലഭ്യമല്ല.

ഇത് ടാറ്റാ ഇന്‍സ്റ്റിറ്യൂട്ടിന്റെ മാത്രം പ്രശനമാണെന്ന് എനിക്കു തോന്നുന്നില്ല. രാജ്യത്തെ ഇങ്ങനെ ഗവേഷകരായ അമ്മമാര്‍ എന്ന ആശയം തന്നെ എത്രത്തോളം പരിചിതമാണെന്നതിന്റെ പ്രതിഫലനമാണ്. ഗവേഷകരായ അമ്മമാര്‍ക്ക് മാത്രമായി നല്കുന്ന എന്തെങ്കിലും fellowships , sponsorship നിലവിലുണ്ടോ? അതും ആവശ്യമല്ലേ? മനോഭങ്ങളിലുള്ള മാറ്റങ്ങള്‍ കുടുംബം തൊട്ട്, മുകളില് വരെ തലത്തില്‍ തന്നെ ഉണ്ടാവേണ്ടത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ്.

സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ കുറിച്ച് ദേവിക ജെ യുടെ ‘ഉറയൂരലി’ല്‍ വായിച്ചു. എന്നാല്‍ ഈ വിഷയത്തില് വ്യക്തമായ പഠനങ്ങള്‍ നമ്മുടെ രാജ്യത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നടന്നിട്ടുണ്ടോ? അതും വേണ്ടതല്ലേ? അക്കാദമിക സമൂഹവും ഇത്തരം കാര്യങ്ങളെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവേണ്ടതല്ലേ ?

ഒട്ടും സംഭവ ബഹുലമല്ലെന്ന് സമൂഹം വിചാരിച്ച് വെച്ചിരിക്കുന്ന, വലിയ ചര്‍ച്ചകളില്‍ ഇടം നല്‍കത്തക്ക വിശേഷങ്ങളൊന്നുമുന്നില്ലെന്ന് വിധിയെഴുതപ്പെട്ട കുറെ സംഭവങ്ങളുടെ, വികാരങ്ങളുടെ വില പേശലുകളുടെ തുടര്‍ച്ചകളെ എവിടെയെങ്കിലും രേഖപ്പെടുത്തുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവുള്ളത് കൊണ്ട് തന്നെയാണ് ഇതിവിടെ കുറിക്കുന്നത്. സ്മിത്ത് പറഞ്ഞത് പോലെ, മേല്‍ പറഞ്ഞ വികാരങ്ങള്‍ക്കും , വില പേശലുകള്‍ക്കൊന്നും തന്നെ മുഖ്യധാര വിജ്ഞാന നിര്‍മിതിയെന്ന പ്രക്രിയയില്‍ ഇടമില്ലാത്തത് കൊണ്ട് തന്നെ ഗൗനിക്കപ്പെടാതെ പോവുമെന്നതിനാല്‍ പറഞ്ഞു കൊണ്ടേയിരിക്കേണ്ടതും ഒരാവശ്യമാണ്.

content highlights: Experiences of a research mother at the Tata Institute of Social Sciences

നൂര്‍ജഹാന്‍

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഗവേഷക

We use cookies to give you the best possible experience. Learn more