കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ചെക്പോസ്റ്റില്‍ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടി ആയിരുന്നു. മനുഷ്യര്‍ ഓരോരുത്തരും പെരുമാറ്റത്തിലും ജീവിത രീതികളിലും സാമ്പത്തിക സാമൂഹ്യ നിലവാരത്തിലും ഒക്കെ എത്ര മാത്രം വ്യത്യസ്തരാണെന്നു കാട്ടി തന്ന കുറച്ചു ദിവസങ്ങള്‍. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനായി പാസെന്നു പേരിട്ട ഒരു തുണ്ടുകടലാസിനായി കൈ കൂപ്പി നിന്ന് കെഞ്ചുന്ന, സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ആവശ്യമായ ഒരു രേഖകളും കയ്യില്‍ ഇല്ലാത്ത ഗതികെട്ട കുറെ മനുഷ്യര്‍ ഒരു വശത്ത്.
എല്ലാ രേഖകളും ഉണ്ടായിട്ടും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടു പാസ്സ് ജനറേറ്റ് ആവാന്‍ ഒരു പത്തു മിനിറ്റ് വൈകുമ്പോഴേക്കും സകലമാന സര്‍ക്കാര്‍ സംവിധാനങ്ങളെയും തെറി പറഞ്ഞു ഞങ്ങള്‍ ജീവനക്കാരോട് തട്ടിക്കയറുന്ന ജീവിതത്തിലിന്നു വരെ ഒന്നിന് വേണ്ടിയും കാത്തിരുന്നു പരിചയം ഇല്ലാത്ത ഒരു എലൈറ്റ് വിഭാഗം മറുവശത്ത്.
ഇതിനിടയില്‍ നിയമത്തിന്റെ വാറോലകളും മനുഷ്യത്വവും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ പെട്ടു പലപ്പോഴും ഒരു തീരുമാനം എടുക്കാനാവാതെ പകച്ചു നിന്ന് പോയ ഞങ്ങള്‍ ജീവനക്കാര്‍ ഒരു വശത്ത്. പാസ് ജനറേറ്റു ആവാന്‍ ഒരു പത്തു മിനിറ്റ് കൂടി വെയിറ്റ് ചെയ്യണം എന്നു പറഞ്ഞതിന് ദേഷ്യപ്പെട്ടു കയ്യിലിരുന്ന വില കൂടിയ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചാണ് ഒരു ചെറുപ്പക്കാരന്‍ പ്രതിഷേധിച്ചത്. ചിതറി തെറിച്ച മൊബൈലും ബാറ്ററിയും പെറുക്കിയെടുത്തു അയാളുടെ കയ്യില്‍ കൊടുത്തു തോളില്‍ തട്ടി ആശ്വസിപ്പിച്ചു സര്‍ക്കാര്‍ സര്‍വീസിന്റെ സൗമ്യ മുഖം അയാള്‍ക്ക് കാണിച്ചു കൊടുത്തു ഒരു പോലിസ് ഉദ്യോഗസ്ഥന്‍.
കിലോമീറ്ററുകളോളം കാല്‍ നടയായി നടന്നു അതിര്‍ത്തിയില്‍ എത്തിയ രണ്ടു തമിഴ് വംശജര്‍ അതിര്‍ത്തി കടക്കുന്നതിനുള്ള ഡൊമസ്റ്റിക് പാസ്സിനായി ഞാനിരിക്കുന്ന കൗണ്ടറില്‍ വന്നു. പാസ്സിന് രജിസ്റ്റര്‍ ചെയ്യാന്‍ വാഹന നമ്പറും പാസ്സ് ജനറേറ്റു ചെയ്യാന്‍ ആന്‍ഡ്രോയ്ഡ് ഫോണും വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ആന്‍ഡ്രോയ്ഡ് എന്ന വാക്ക് കേള്‍ക്കുന്നത് പോലും ആദ്യമാണ്. വാഹനം വാടകക്കെടുക്കുന്നതു പോയിട്ട് ആഹാരം വാങ്ങാന്‍ പോലും കയ്യില്‍ പണമില്ല. എങ്ങനെയെങ്കിലും അതിര്‍ത്തി കടന്ന് കേരളത്തില്‍ വന്നാല്‍ അഥവാ കോവിഡ് ബാധിച്ചാല്‍ ആഹാരവും ചികിത്സയും എങ്കിലും കിട്ടുമെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന പുളിയന്‍കുടി എന്ന സ്ഥലത്തു നിന്നും കാല്‍ നടയായി നടന്നു വന്നതാണ് ഇതു വരെ.
തങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കോവിഡ് ഒരു മലവെള്ളം പോലെ ഒഴുകി വരികയാണെന്നും തൊട്ടടുത്ത മുറിയില്‍ വരെ എത്തിയപ്പോള്‍ ജീവനും കൊണ്ടു രക്ഷപെട്ടു വരികയാണ് എന്നു പറഞ്ഞ കുറച്ചു പെണ്‍കുട്ടികള്‍ക്ക് ഹോം ക്വാറന്റൈന്‍ ആണ് പാസില്‍ രേഖപ്പെടുത്തി നല്‍കിയത്. തനിക്കു ഹോം ക്വാറന്റൈന്‍ വേണ്ട ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റൈന്‍ മതി എന്നു പറഞ്ഞു ഒരു പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. താന്‍ താമസിക്കുന്ന സ്ഥലത്തു കോവിഡ് പടര്‍ന്നു പിടിച്ചു എന്നു നാട്ടില്‍ എല്ലാവര്‍ക്കും അറിയാം അതു കൊണ്ടു വീട്ടില്‍ കയറ്റില്ല എന്നു പറഞ്ഞാണ് കരച്ചില്‍.
ഇതു കൂടാതെ ഒരുപാടു മുഖങ്ങള്‍ അവിടെ കണ്ടു. തൊട്ടടുത്തു നില്‍ക്കുന്നവന്‍ ഒന്നു തുമ്മിയാല്‍ ഭയത്തോടെ മാറിപ്പോകുന്ന പരസ്പരം ഭയത്തോടെ നോക്കുന്ന അനേകായിരം ആളുകള്‍. മൊബൈല്‍ ഫോണില്‍ പാസ്സ് ജനറേറ്റ് ആകുമ്പോള്‍ വിശ്വം ജയിച്ചവന്റെ സന്തോഷത്തോടെ കൗണ്ടറിലേക്കു അടുത്ത നടപടികള്‍ക്കായി ഓടിയെത്തുന്ന മനുഷ്യര്‍. ഭീതിയുടെയും നിസ്സഹായതയുടെയും അരക്ഷിതാവസ്ഥയുടെയും ധാര്‍ഷ്ട്യത്തിന്റെയും പുച്ഛത്തിന്റെയും ഒക്കെ അനേകം മുഖങ്ങള്‍ ഇപ്പോഴും കണ്മുന്നില്‍ തങ്ങി നില്‍ക്കുന്നു.
ഡ്യൂട്ടി അവസാനിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ ഒരു പെരുമഴ പെയ്തു തോര്‍ന്ന പ്രതീതിയാണ് മനസ്സില്‍. ഇനിയൊന്നുറങ്ങണം മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് രക്ഷപെടാനുള്ള ഒരു പാസ്സിന് വേണ്ടി കണ്മുന്നില്‍ വന്നു കൈ കൂപ്പി കെഞ്ചുന്ന അടയാളങ്ങളില്ലാത്ത കുറെ മനുഷ്യര്‍ സ്വപ്നത്തില്‍ വന്നു ഉറക്കത്തിനു ഭംഗം വരുത്താത്ത ഒരു സുഖ നിദ്ര.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക