Kerala News
വിലകൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് കേടാണെന്ന് പറഞ്ഞ് തിരിച്ചയക്കും; കണ്ണും കണ്ണും കൊള്ളയടിത്താല്‍ മോഡല്‍ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 11, 02:18 am
Tuesday, 11th June 2024, 7:48 am

കൊച്ചി: ഓണ്‍ലൈനില്‍ നിന്ന് വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് അവ കേടാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം വ്യാജ മൊബൈലുകള്‍ തിരികെ നല്‍കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തിരുമാറാടി മണ്ണത്തൂര്‍ തറെകുടിയില്‍ വീട്ടില്‍ എമില്‍ ജോര്‍ജ് സന്തോഷ് (23) ആണ് പിടിയിലായത്. കൂത്താട്ടുകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ഇത്തരം തട്ടിപ്പ് നടത്തിയ പ്രതി ലക്ഷങ്ങളാണ് കൈക്കലാക്കിയത്.

ആമോസോണില്‍ നിന്നാണ് പ്രതി സ്ഥിരമായി മൊബൈല്‍ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ കൈപറ്റുകയും അടുത്ത ദിവസങ്ങളില്‍ ഫോണ്‍ കേടാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ചെയ്തിരുന്നത്.

തിരിച്ചെടുക്കാന്‍ വരുന്ന ഡെലിവറി ജീവനക്കാരന് വ്യാജ മൊബൈല്‍ ഫോണുകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തില്‍ പകരം ഫോണുകള്‍ വാങ്ങുന്ന പ്രതി അവയും കേടാണെന്ന് പറഞ്ഞ് പണം തിരികെ വാങ്ങാറാണ് പതിവ്. പകരം നല്‍കുന്നതാകട്ടെ വില കുറഞ്ഞ വ്യാജ മൊബൈല്‍ ഫോണുകളുമാണ്.

ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ഫോണുകളാണ് പ്രതി ഓരോ തവണയും ഓര്‍ഡര്‍ ചെയ്തിരുന്നത്. ഓരോ ഇടപാടിലും അത്രയും പണവും എമില്‍ ജോര്‍ജ് സന്തോഷ് സ്വന്തമാക്കിയിരുന്നു. ഇതിനിടെ തട്ടിപ്പ് നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാനുള്ള ശ്രമവും പ്രതി നടത്തി. കൊടൈക്കനാലിലേക്ക് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ മണ്ണത്തൂര്‍ ഭാഗത്ത് വെച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. പിറവം, വാഴക്കുളം, കോതമംഗലം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍, എളമക്കര, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ട്. ഇതുകൂടാതെ മണര്‍ക്കാട് പൊലീസില്‍ ഒരു കഞ്ചാവ് കേസും പ്രതിക്കെതിരെയുണ്ട്. കൂത്താട്ടുകുളം ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

content highlights: Expensive phones are ordered and sent back as damaged; The accused who cheated the model by Kannum Kannum Kollaiyadithaal was arrested