ലോക കേരള സഭ: ഭക്ഷണ ബില്ല് മാത്രം അരക്കോടി
keralanews
ലോക കേരള സഭ: ഭക്ഷണ ബില്ല് മാത്രം അരക്കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 4:47 pm

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും ചെലവിട്ട തുകയുടെ കണക്കുകള്‍ പുറത്ത്. കോവളം റാവീസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അരക്കോടിയിലേറെ രൂപ ചെലവായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരി 1,2,3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോക്‌സഭ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന് ഉന്നതാധികാര സമിതിയുടെ തീരുമാനം.

അവസാന നിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിനിധികള്‍ക്ക് ജനുവരി 1,2,3 തീയതികളില്‍ താമസ സൗകര്യമൊരുക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗസ്റ്റ്ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു.

താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്. ലോക കേരള സഭസമ്മേളനം ധൂര്‍ത്തെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ