ന്യൂദല്‍ഹി: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 2020ലെ ഇന്ത്യാ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 38 ലക്ഷം രൂപയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ അറിയിച്ചു.
36 മണിക്കൂര്‍ നീണ്ട ട്രംപിന്റെ സന്ദര്‍ശനത്തിന് താമസം, ഭക്ഷണം, ലോജിസ്റ്റിക്‌സ് തുടങ്ങിയവയ്ക്കായാണ് 38 ലക്ഷം രൂപ ചെലവഴിച്ചത്. മിഷാല്‍ ബത്തേന എന്നയാള്‍ നല്‍കിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്ക് വെളിപ്പെടുത്തിയത്.
യു.എസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലേക്കുള്ള ട്രംപിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു 2020 ഫെബ്രുവരിയില്‍ നടന്നത്. സന്ദര്‍ശനവേളയില്‍, ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കുഷ്നര്‍, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. 2020 ഫെബ്രുവരി 24, 25 തീയതികളില്‍ അഹമ്മദാബാദ്, ആഗ്ര, ദല്‍ഹി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.
ഫെബ്രുവരി 24ന് അഹമ്മദാബാദില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച ട്രംപ്, 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് സബര്‍മതി ആശ്രമത്തില്‍ എത്തി മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിച്ചു.
അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ (ഇന്നത്തെ നരേന്ദ്ര മോദി സ്‌റ്റേഡിയം) ‘നമസ്തേ ട്രംപ്’ എന്ന മെഗാ സമ്മേളനത്തെയും ട്രംപ് അഭിസംബോധന ചെയ്തു. അന്നേ ദിവസം താജ്മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രയിലെത്തി. ഫെബ്രുവരി 25ന് ഡല്‍ഹി സന്ദര്‍ശിച്ച ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വന്ന സംഘത്തില്‍ അന്നത്തെ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, ഊര്‍ജ സെക്രട്ടറി ഡാനി ബ്രൌലെറ്റ്, ആക്ടിംഗ് വൈറ്റ് ഹൗസ് ചീഫ് സ്റ്റാഫ് മിക്ക് മുല്‍വാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു.
അതേസമയം, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ചേരിപ്രദേശങ്ങള്‍ മതില്‍കെട്ടി മറച്ചുവെച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയതുമായി ബന്ധപ്പെട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ചേരിപ്രദേശങ്ങള്‍ മറക്കാനായിരുന്നു ഈ നീക്കം.