| Monday, 21st January 2019, 11:13 am

രാഹുലിന് പൊതുമധ്യത്തില്‍ മുഖം കാണിക്കാന്‍ കഴിയാത്ത അവസ്ഥ വരും: ജനുവരി 25ന് ചിലത് പുറത്തുവരും; മുന്നറിയിപ്പുമായി കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് അടുത്തിടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ ശ്രീകാന്ത് ജെന.

പൊതുമധ്യത്തില്‍ മുഖം കാണിക്കാന്‍ പോലും കഴിയാത്ത വിധം രാഹുല്‍ ഗാന്ധിയെ തുറന്നുകാട്ടുമെന്നാണ് ജെന പറഞ്ഞത്. “കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുകയെന്ന ഉത്തരവാദിത്തില്‍ നിന്നും രക്ഷപ്പെട്ടതില്‍ ആശ്വാസമുണ്ട്. ഒഡീഷ ജനതയ്‌ക്കൊപ്പമോ അല്ലെങ്കില്‍ ഖനി മാഫിയയ്ക്കും പട്‌നായിക് സഹോദരങ്ങള്‍ക്കുമൊപ്പമോയെന്ന് ചോദിച്ച് നിരവധി കത്തുകള്‍ ഞാന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചിരുന്നു.” ജെന പറഞ്ഞു.

Also read:സവര്‍ണ്ണര്‍ക്ക് സര്‍ക്കാര്‍ ഏഴ് ദിവസം കൊണ്ട് സംവരണം നല്‍കി, ഞങ്ങള്‍ വര്‍ഷങ്ങളായി സമരം നടത്തിയിട്ടും തന്നില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ജാട്ട് സമുദായം

ഖനി മാഫിയയ്ക്കും പട്‌നായിക് സഹോദരങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ രാഹുല്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനാലാണ് തന്നെ പുറത്താക്കിയത്. ഇത് വെറുമൊരു പുറത്താക്കല്ല. താന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെ തുറന്നുകാട്ടുകയായിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍ അദ്ദേഹം സ്വയം തുറന്നുകാട്ടിയിരിക്കുകയാണെന്നും ജെന പറഞ്ഞു.

താന്‍ പ്രചരണം നടത്തുന്ന എല്ലായിടങ്ങളിലും രാഹുല്‍ കാന്ധിയെ തുറന്നുകാട്ടും. ഇത് വെറും തുടക്കം മാത്രം. ജനുവരി 25ന് ചില വസ്തുതകള്‍ പുറത്തുവിടും. രാഹുല്‍ ഗാന്ധിയെന്താണെന്നും ആരെയാണ് അദ്ദേഹം സംരക്ഷിക്കുന്നതെന്നും രാജ്യത്തിന് മുഴുവന്‍ അറിയാമെന്നും ജെന പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് വെള്ളിയാഴ്ച ശ്രീകാന്ത് ജെനയേയും കോരാപൂര്‍ മുന്‍ എം.എല്‍.എ കൃഷ്ണ ചന്ദ്ര സാഗരിയയേയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു തീരുമാനം.

We use cookies to give you the best possible experience. Learn more