ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടുപുറത്തുപോയത് ഏതാണ്ട് ഒരുമാസക്കാലത്തോളം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു.
പിന്നീട് കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടാണ് സച്ചിനെയും എം.എല്‍.എമാരേയും തിരിച്ച് പാര്‍ട്ടിക്കകത്ത് എത്തിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഈ വിഷയത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സച്ചിനൊപ്പം നില്‍ക്കുകയായിരുന്നു.
സച്ചിന്‍ പക്ഷത്തിന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയമിക്കുകയും, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യുക എന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സോണിയ ഗാന്ധി അംഗീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പാര്‍ട്ടിയുടെ പുതിയ മേധാവിയായി അജയ് മാക്കനെ നിയമിക്കുകയും ചെയ്തിരുന്നു.
സച്ചിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കിയത്. തിരിച്ചെത്തിയ സച്ചിനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നായിരുന്നു സച്ചിന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സച്ചിന്‍ തിരിച്ചെത്തിയിട്ടും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ സമിതിയുടെ ഭാഗത്തുനിന്നുള്ള പെട്ടെന്നുള്ള നടപടിക്കായി സച്ചിന്‍ പൈലറ്റ് തന്നെ രംഗത്തുവന്നിരിക്കുകയാണ്.
സമിതി എത്രയും പെട്ടെന്ന് കൂടിക്കാഴ്ച നടത്തുമെന്നും തങ്ങള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളില്‍ വേഗം തന്നെ നടപടിയെടുക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനകത്ത് ഉള്‍പ്പാര്‍ട്ടി തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം ആരംഭിച്ചത്.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന് ഒരു വിഭാഗം ഒളിഞ്ഞുംതെളിഞ്ഞും ആവശ്യപ്പെട്ടിരുന്നു. പക്ഷേ സോണിയയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ പ്രസിഡന്റാവാന്‍ വിസമ്മതിച്ചാല്‍ മാത്രം അത്തരത്തില്‍ ഒരു തീരുമാനം എടുത്താല്‍ മതിയെന്നാണ് മറ്റൊരു വിഭാഗം പറഞ്ഞത്.
തര്‍ക്കം നടക്കുന്നതിനിടെ സച്ചിന്‍ പൈലറ്റ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സോണിയയും രാഹുലും പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തവരാണെന്നും രാഹുലിനെ നേതൃസ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നു എന്നുമാണ് സച്ചിന്‍ പറഞ്ഞത്.