നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍.
ടോകിയോ ഒളിംപിക്സില്‍ ജര്‍മനിക്കെതിരെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഗോള്‍വല കാത്ത് ശ്രീജേഷിന് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനിടയിലാണ് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ് ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത്.
ബി.സി.സി.ഐ അടക്കമുള്ള പല കായിക സമിതികളും ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന വലിയ സമ്മാനത്തുകയാണ് ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചത്.
ടോകിയോയില്‍ നിന്നും പുറപ്പെടും മുന്‍പേ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടനം രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.