ഇസ്‌ലാമിനെ അധ്യാപകന്‍ അധിക്ഷേപിച്ചതായി വിദ്യാര്‍ഥികളുടെ പരാതി
News of the day
ഇസ്‌ലാമിനെ അധ്യാപകന്‍ അധിക്ഷേപിച്ചതായി വിദ്യാര്‍ഥികളുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th April 2015, 2:17 pm

islam ജിദ്ദ: മോശം പദപ്രയോഗത്തിലൂടെയും വംശീയ അധിക്ഷേപത്തിലൂടെയും ഇസ്‌ലാമിനേയും വിദ്യാര്‍ഥികളേയും അപമാനിച്ചെന്ന് പ്രഫസര്‍ക്കെതിരെ പരാതി. ലൊറേറ്റ് കോളജ് ഓഫ് എക്‌സലെന്‍സിലെ പ്രഫസര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അല്‍ മദീന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

മതാപരമായ തീര്‍ത്ഥാടനകളെ പ്രഫസര്‍ “അസംബന്ധം” എന്നു വിശേഷിപ്പിച്ചതായി കോളജിലെ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പടിഞ്ഞാറന്‍ രാജ്യത്ത് നിന്നുളളയാളാണ് പ്രഫസര്‍.

“സ്‌കൂളധികൃതരില്‍ അറബികളോ മുസ്‌ലീങ്ങളോ ഇല്ല. തങ്ങള്‍ പരാതിപ്പെടുമ്പോഴെല്ലാം അവര്‍ അവഗണിക്കുകയാണ് ചെയ്തത്.” കോളജിലെ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

തങ്ങളുടെ പരാതി ചെവിക്കൊള്ളാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇസ്‌ലാമിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതൊന്നും ഞങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

കോളജ് അധികൃതരുമായി ബന്ധപ്പെടാന്‍ അല്‍ മദീന റിപ്പോര്‍ട്ടര്‍ ശ്രമിച്ചെങ്കിലും അവര്‍ കാണാന്‍ അനുമതി നല്‍കിയില്ല.

മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രയിനിങ് കോര്‍പ്പറേഷന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രയിനിങ് കോര്‍പ്പറേഷന്‍ വക്താവായ ഫഹദ് അല്‍-ഖൈ്വബി വ്യക്തമാക്കി.