|

കോഴിക്കോട് 200 വനിതാ സംരഭകരെ അണിനിരത്തി മെഗാ മേള; എസ്‌കലേറ ആഗസ്റ്റ് 20ന് ആരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് വനിതാ സംരംഭകരുടെ മെഗാ മേള സംഘടിപ്പിക്കുന്നു. 200 വനിതകളാണ് ആഗസ്റ്റ് 20 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുക. മേളയുടെ ഭാഗമായി ഫുഡ് കോര്‍ട്ടും കലാസന്ധ്യയും ഉണ്ടാകും. ആഗസ്റ്റ് 21 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വനം മന്ത്രി എ. കെ ശശീന്ദ്രനാണ് പരിപാടിയില്‍ അധ്യക്ഷത വഹിക്കുക.

വനിതകള്‍ക്ക് വേണ്ടി ഒരു പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി പദ്ധതി ഈ വര്‍ഷം കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിക്കുകയാണ്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് അതിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങുകയുമാണ് ഈ ഏകജാലക സേവന സംവിധാനത്തിലൂടെ ചെയ്യുന്നത്. അതിന്റെ തുടക്കമെന്ന നിലയിലാണ് എസ്‌കലേറ എന്ന പേരില്‍ വനിത സംരംഭക പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്.

സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിലുള്ളത്. റെഡിമേയ്ഡ് കൈത്തറി വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, കളിമണ്‍ ഉത്പന്നങ്ങള്‍, ശുദ്ധമായ തേന്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മറയൂര്‍ ശര്‍ക്കര തുടങ്ങിയ ഉല്‍പന്നങ്ങളും മേളയിലുണ്ടാകും.

മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ സീസണ്‍ ടു ജേതാവും വിജയ് ടി. വി സൂപ്പര്‍ സിംഗര്‍ സീസണ്‍ നയന്‍ താരവുമായ അഭിജിത് അനില്‍ കുമാറും മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ സീസണ്‍ ടു താരമായ ജാന്‍വി ബൈജുവും നയിക്കുന്ന ധ്വനി സംഗീത രാവ് അരങ്ങേറും.

ഓഗസ്റ്റ് 21 ന് വൈകിട്ട് 5.30 മുതല്‍ 9 വരെ തരംഗം എന്ന പേരില്‍ വിമന്‍ സെല്‍ കോളജ് വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികളും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളും പ്രമുഖ പിന്നണി ഗായകരുമായ സായി ബാലന്‍, ദീപക് ജെ.ആര്‍ എന്നിവരുടെ ഗാനമേള ഉണ്ടാകും. ഓഗസ്റ്റ് 22ന് വൈകിട്ട് 6 മുതല്‍ 9 വരെ പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ മെഹ്ഫില്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ന് വൈകിട്ട് 6 മുതല്‍ 9 വരെ തുടിതാളം സംഘത്തിലെ ആദിവാസി കലാ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാ അരങ്ങ് എന്ന പരിപാടിയുണ്ടാകും.

ഓഗസ്റ്റ് 24ന് വൈകിട്ട് 6 മുതല്‍ 9 വരെ ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടു കുത്തി കോല്‍ക്കളി എന്നിവയാണ് അരങ്ങിലെത്തുക. 25ന് വൈകിട്ട് 5 മുതല്‍ കുടുംബശ്രീ റെസിഡന്‍ഷ്യല്‍ കലാമേളയും 26ന് വൈകിട്ട് 5 മുതല്‍ ഫ്‌ലവേഴ്‌സ് ടി.വി കോമഡി ഉത്സവ താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഷോയും ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ രംഗത്തെ തൊഴില്‍ സാധ്യതകള്‍, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. സമാപന സമ്മേളനം ആഗസ്റ്റ് 26 ന് വൈകിട്ട് 5.30 ന് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനാകും.

Content Highlights: Exlera expo starts tomorrow

Video Stories