കൊൽക്കത്ത: എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ബംഗാൾ മുഖ്യ മന്ത്രി മമത ബാനർജി. എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് ടിവി 9-ബംഗ്ലയോട് സംസാരിക്കവെയാണ് മമത.
‘ഇപ്പോൾ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കൊന്നും തന്നെ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. കാരണം അവയെല്ലാം രണ്ട് മാസങ്ങൾക്ക് മുൻപ് അവരുടെ വീട്ടിൽ നിന്ന് നിർമിച്ചതാണ്,’ മമത പറഞ്ഞു.
എക്സിറ്റ് പോളുകളിൽ വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും ഇതിന് മുൻപും എക്സിറ്റ് പോൾ ഫലങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
‘2016, 2019, 2021 വർഷങ്ങളിൽ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ നമ്മൾ കണ്ടതാണ്. ആ പ്രവചനകളൊന്നും തന്നെ സത്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വന്ന ഫലത്തിലും വിശ്വസിക്കേണ്ട ആവശ്യമില്ല, ‘ മമത ടിവി 9-ബംഗ്ലയോട് പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങളെ വിമർശിച്ച മമത, തന്റെ റാലികളിലെ ജനങ്ങളുടെ പ്രതികരണങ്ങൾക്ക് പുറത്ത് വന്ന ഫലങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. ഒപ്പം ബംഗാളിലെ ജനങ്ങളെയാണ് താൻ വിശ്വസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതി വളരെ മോശമായിരുന്നെന്നും അതിനാൽ തന്നെ ജനങ്ങൾ അവരെ പിന്തുണക്കില്ലെന്നും മമത അവകാശപ്പെട്ടു.
‘ എസ്.സി, എസ്.ടി, ഒ.ബി.സി, വിഭാഗങ്ങളുടെ സംവരണം മുസ്‌ലിം വിഭാഗത്തിന് നൽകുമെന്ന് പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അതിനാൽ തന്നെ മുസ്‌ലിം വോട്ടുകൾ ബി.ജെ.പിക്ക് കിട്ടുമെന്ന് ഞാൻ കരുതുന്നില്ല,’ അവർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ സി.പി.ഐ.എമ്മും കോൺഗ്രസും തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ചതായി അവർ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അവർ പറഞ്ഞു.
‘പ്രാദേശിക പാർട്ടികൾക്ക് ഉയർന്ന വിജയമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അഖിലേഷ് യാദവ്, തേജ്വസി യാദവ്, സ്റ്റാലിൻ, ഉദ്ധവ് താക്കറെ, എന്നിവർക്ക് ഉയർന്ന വിജയം ലഭിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെക്കാൾ സീറ്റുകൾ ബി.ജെ.പി നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ.
Content Highlight: exit polls were manufactured two months ago Mamata