| Sunday, 19th May 2019, 11:42 pm

വാജ്‌പേയ്‌ മുതല്‍ കെജ്‌രിവാള്‍ വരെ; പ്രവചനങ്ങള്‍ പാളിയ എക്‌സിറ്റ് പോളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായശേഷം ദേശീയ, പ്രാദേശിക ചാനലുകളും ഏജന്‍സികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. മുന്‍ തെരഞ്ഞെടുപ്പിലേതു പോലെതന്നെ എന്‍.ഡി.എ അധികാരത്തിലേറുമെന്നും മോദിഭരണം തുടരുമെന്നാണ് ഈ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലപ്രവചനം പലപ്പോഴും യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു. ഏജന്‍സികള്‍ പ്രവചിക്കുന്ന ഫലങ്ങള്‍ പൂര്‍ണമായി വിശ്വാസ്യത്തിലെടുക്കുന്നതിനുമുന്‍പ് ചില മുന്‍കാലാനുഭവങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1999 ലോക്‌സഭാ തെരഞ്ഞെടുപ്പ്

മറ്റ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണത്തില്‍ ആരെത്തുമെന്ന കാര്യത്തിലാണ് ആശങ്ക നിലനിന്നതെങ്കില്‍ 1999-ല്‍ എക്‌സിറ്റ് പോളുകള്‍ പാളിയത് മൂന്നാംമുന്നണിയുടെ കാര്യത്തിലാണ്. ഔട്ട്‌ലുക്ക്, സി.എം.എസ് സര്‍വേകള്‍ മൂന്നാംമുന്നണിക്ക് 39 സീറ്റ് പ്രവചിച്ചപ്പോള്‍ ഇന്ത്യാ ടുഡേ, ഇന്‍സൈറ്റ് സര്‍വേകള്‍ 80 സീറ്റ് പ്രവചിച്ചു.

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ 113 സീറ്റാണ് മൂന്നാംമുന്നണിക്കു ലഭിച്ചത്. അന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കു ലഭിച്ചതാകട്ടെ 134 സീറ്റും.

2004 ലോക്‌സഭാ തെരഞ്ഞെടുപ്പ്

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ ട്രിപ്പിള്‍ വിജയത്തിനുശേഷം അന്നത്തെ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ സഭ പിരിച്ചുവിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലെയും വിജയം തങ്ങള്‍ക്ക് ലോക്‌സഭയില്‍ അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അത്. വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നത്തേതിനു സമാനമായ സാഹചര്യമാണ് അന്നു സൃഷ്ടിച്ചത്.

240-250 സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു പോളുകളുടെ ശരാശരി കണക്ക്. ഔട്ട്‌ലുക്ക്-എം.ഡി.ആര്‍.എ ഫലം പ്രവചിച്ചത് എന്‍.ഡി.എക്ക് 290 സീറ്റും യു.പി.എക്ക് 169 സീറ്റുമാണ്. ആജ് തക്-ഓര്‍ഗ് മാര്‍ഗ് പ്രവചിച്ചത് എന്‍.ഡി.എക്ക് 248 സീറ്റും യു.പി.എക്ക് 190 സീറ്റുമാണ്. എന്‍.ഡി.ടി.വി, ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് എന്‍.ഡി.എ 250 സീറ്റും യു.പി.എ 205 സീറ്റും നേടുമെന്നാണ്. യു.പി.എക്ക് ഇരുന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നു പ്രവചിച്ചത് അവര്‍ മാത്രമാണ്. സ്റ്റാര്‍-സീ വോട്ടര്‍ പോള്‍ ഫലം എന്‍.ഡി.ടി.വിക്ക് 275 സീറ്റും യു.പി.എക്ക് 186 സീറ്റും പ്രവചിച്ചു. സീ ന്യൂസ് പ്രവചിച്ചത് എന്‍.ഡി.എയ്ക്ക് 249 സീറ്റും യു.പി.എക്ക് 176 സീറ്റുമാണ്.

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ യു.പി.എ 219 സീറ്റു നേടി മറ്റു സഖ്യകക്ഷികളുമായിച്ചേര്‍ന്ന് അധികാരത്തിലേറി. ആദ്യ യു.പി.എ സര്‍ക്കാര്‍ അവിടെ രൂപീകരിക്കപ്പെട്ടു. അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച ബി.ജെ.പി ഉള്‍പ്പെട്ട എന്‍.ഡി.എക്കാവട്ടെ, ലഭിച്ചത് 187 സീറ്റും.

2009 ലോക്‌സഭാ തെരഞ്ഞെടുപ്പ്

ആദ്യ യു.പി.എ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചശേഷം 2009-ല്‍ എന്‍.ഡി.എയും യു.പി.എയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്‍.ഡി.എ 197 സീറ്റും യു.പി.എ 199 സീറ്റും നേടുമെന്ന് സ്റ്റാര്‍ ന്യൂസ്, എസി നീല്‍സണ്‍ പ്രവചിച്ചപ്പോള്‍, ടൈംസ് നൗ യു.പി.എക്ക് 198 സീറ്റും എന്‍.ഡി.എക്ക് 183 സീറ്റും പ്രവചിച്ചു. എന്‍.ഡി.ടി.വി യു.പി.എക്ക് 216 സീറ്റും എന്‍.ഡി.എയ്ക്ക് 177 സീറ്റും ലഭിക്കുമെന്നു പറഞ്ഞു. ഹെഡ്‌ലൈന്‍സ് ടുഡേയാവട്ടെ യു.പി.എക്ക് 191 സീറ്റും എന്‍.ഡി.എക്ക് 180 സീറ്റും പറഞ്ഞു.

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ യു.പി.എക്ക് 262 സീറ്റിന്റെ കൃത്യമായ മേല്‍ക്കൈയുണ്ടായി. എന്‍.ഡി.എക്ക് ലഭിച്ചത് 159 സീറ്റാണ്. അതില്‍ 150-ലധികം സീറ്റുകളാണ് മറ്റു കക്ഷികള്‍ക്ക് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ ലഭിച്ചതാകട്ടെ 79 സീറ്റും. എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ട ആശങ്കയേതുമില്ലാതെ രണ്ടാം യു.പി.എ സര്‍ക്കാര്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അവിടെ അധികാരത്തിലേറി.

2015 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്

വീണ്ടും അധികാരത്തിലെത്താന്‍ നിതീഷ് കുമാറും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നതിനിടെയാണ് 2015-ല്‍ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ഇരുമുന്നണികള്‍ക്കും ഫോട്ടോഫിനിഷാണു വിധിച്ചത്.

എന്‍.ഡി.എക്ക് 120 സീറ്റുകള്‍ പ്രവചിച്ച ഇന്ത്യാ ടുഡേ ആര്‍.ജെ.ഡി-ജെ.ഡി.യു-കോണ്‍ഗ്രസ് മുന്നണിക്ക് 117 സീറ്റുകള്‍ ലഭിക്കുമെന്നു പ്രവചിച്ചു. അതേസമയം ടുഡേയ്‌സ് ചാണക്യ എന്‍.ഡി.എക്ക് 155 സീറ്റും ആര്‍.ജെ.ഡിയുടെ മുന്നണിക്ക് 83 സീറ്റും പ്രവചിച്ചു. എ.ബി.പി ന്യൂസ്-നീല്‍സണ്‍ സര്‍വേ പ്രവചിച്ചത് എന്‍.ഡി.എക്ക് 130 സീറ്റാണ്. 108 സീറ്റ് മാത്രമാണ് എതിര്‍മുന്നണിക്ക് ലഭിക്കുമെന്നു പറഞ്ഞത്. ടൈംസ് നൗ-സീ വോട്ടര്‍ ഫലത്തില്‍ മാത്രമാണ് ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിച്ചത്. അവര്‍ 122 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും എന്‍.ഡി.എ 111 സീറ്റ് നേടുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഫലം വന്നപ്പോള്‍ 178 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ആര്‍.ജെ.ഡി.-ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തി. 58 സീറ്റ് മാത്രമാണ് എന്‍.ഡി.എക്ക് ലഭിച്ചത്. നിതീഷ് കുമാര്‍ വീണ്ടും ഭരണത്തില്‍.

2015 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്

2015-ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ എക്‌സിറ്റ് പോളുകളും ആംആദ്മി പാര്‍ട്ടിയുടെ വിജയമാണു പ്രവചിച്ചത്. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. പ്രതിപക്ഷമായി ബി.ജെ.പി വരുമെന്ന അവരുടെ പ്രവചനവും ശരിയായി. പക്ഷേ 70 അംഗ നിയമസഭയിലെ സീറ്റിന്റെ എണ്ണത്തില്‍ എല്ലാ എക്‌സിറ്റ് പോളുകളും പാളിപ്പോയി. ആംആദ്മി 48 സീറ്റ് നേടുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിച്ചിരുന്നു. ബി.ജെ.പിയാകട്ടെ 22 സീറ്റ് നേടുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യാ ടുഡേ സര്‍വേ 38-46 സീറ്റ് ആംആദ്മിക്കും 19-27 സീറ്റ് ബി.ജെ.പിക്കും പ്രവചിച്ചു. എ.ബി.പി ന്യൂസ്-എ.സി നീല്‍സണ്‍ പ്രവചനം ആംആദ്മിക്ക് 43-ഉം ബി.ജെ.പിക്ക് 26-ഉം സീറ്റുകളാണു പ്രവചിച്ചത്. ഇന്ത്യാ ടി.വി-സീ വോട്ടര്‍ പ്രവചനം ആംആദ്മിക്ക് 35-43 സീറ്റും ബി.ജെ.പിക്ക് 23-27 സീറ്റും പ്രവചിച്ചു.

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. 67 സീറ്റാണ് ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ നേടിയത്. ബി.ജെ.പിക്കാവട്ടെ ലഭിച്ചത് വെറും മൂന്ന് സീറ്റും.

We use cookies to give you the best possible experience. Learn more