ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്ക് അനുകൂലമാകുന്നതിനിടെ ത്രികോണ മത്സരം നടന്ന ഹോസ്‌കോട്ടെ നിയമസഭാ മണ്ഡലത്തിലാണ് എല്ലാവരുടെയും കണ്ണുകള്‍. ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയും ബി.ജെ.പി മുന്‍ നേതാവുമായ ശരത് ബച്ചെഗൗഡ അട്ടിമറിവിജയം നേടുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
അട്ടിമറി ഏറെക്കുറേ സാധ്യമാകുമെന്നു തന്നെയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബി ടി.വി നടത്തിയ എക്‌സിറ്റ് പോളില്‍ വിജയം ശരത്തിനാണെന്നു പറയുമ്പോള്‍, പബ്ലിക് ടി.വിയും പവര്‍ ടി.വിയും ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ പ്രവചിക്കുന്നത്. ആരു ജയിക്കുമെന്നതില്‍ ഇവര്‍ വ്യക്തത നല്‍കുന്നുമില്ല.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ ശരത്തിനെ ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനു കാരണമുണ്ട്.
ഈ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നു നടി സുമലതാ അംബരീഷിനെ വിജയിപ്പിച്ചെടുത്തത് ശരത്തിന്റെ പ്രചാരണ മികവാണ്. സുമലത പരാജയപ്പെടുത്തിയത് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ്.
മാണ്ഡ്യയിലെ നിയമസഭാ മണ്ഡലമായ ഹോസ്‌കോട്ടെയില്‍ ശരത്തിനു കിട്ടിയ ജനപിന്തുണ എല്ലാ പാര്‍ട്ടികളെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.
‘സ്വാഭിമാനി’ എന്നെഴുതിയ ടീ ഷര്‍ട്ടുകളിട്ടായിരുന്നു ശരത്തിനു വേണ്ടി യുവാക്കള്‍ പ്രചാരണത്തിനെത്തിയത്. താന്‍ സ്വാഭിമാനത്തിനു വേണ്ടിയാണു മത്സരിക്കുന്നതെന്നും ശരത് പലവട്ടം പറഞ്ഞിട്ടുണ്ട്.
ഹോസ്‌കോട്ടെയിലെ എം.എല്‍.എയായിരുന്ന എം.ടി.ബി നാഗരാജ് അയോഗ്യനായതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിനു വേണ്ടി കഴിഞ്ഞതവണ മത്സരിച്ച നാഗരാജ്, ബി.ജെ.പി പാളയത്തിലേക്കു കൂറുമാറിയതോടെയാണ് അയോഗ്യനായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ തനിക്ക് ഹോസ്‌കോട്ടെയില്‍ വിമതരെ വിജയിപ്പിക്കാന്‍ താത്പര്യമില്ലെന്ന അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണു ശരത്തിനെ ബി.ജെ.പി പുറത്താക്കുന്നത്. ഇത്തവണ ബി.ജെ.പി ടിക്കറ്റ് നല്‍കിയിരിക്കുന്നതും നാഗരാജിനാണ്. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് പദ്മാവതി സുരേഷിനെയും.
കഴിഞ്ഞതവണ ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത് 91,000 വോട്ടാണ്. ഇത്തവണ അതില്‍ക്കൂടുതല്‍ നാഗരാജിനു കിട്ടുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കാണു ജനകീയനായ ശരത് വന്നതോടെ മങ്ങലേറ്റത്. യു.എസില്‍ നിന്ന് എം.എസ് പൂര്‍ത്തിയാക്കിയ ശരത്, ബെംഗളൂരുവിലെ നൂട്രാസ്യൂട്ടിക്കല്‍ കമ്പനിയില്‍ ചീഫ് എക്സിക്യൂട്ടീവാണ്.