ന്യൂദല്‍ഹി: ബി.ജെ.പിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമമല്ലെന്നും എങ്കിലും എന്‍.ഡി.എ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
എക്‌സിറ്റ് പോള്‍ വെറും സൂചനമാണ്. അത് ഒരിക്കലും അന്തിമമല്ല. മെയ് 23 ന് ഫലം വരും. എക്‌സിറ്റ് പോളുമായി അടുത്ത നില്‍ക്കുന്ന ഫലം തന്നെ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം- എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
എല്ലാ എക്‌സിറ്റ് പോളുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ പ്രതീക്ഷയുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളില്‍ ബി.ജെ.പിക്കും എന്‍.ഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എന്‍.ഡി.എ നേടിയേക്കാമെന്ന് അവര്‍ പറയുന്നു. 108 സീറ്റില്‍ യു.പി.എയും 69 സീറ്റില്‍ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട ഫലം.
സി.എന്‍.എന്‍ ന്യൂസ് 18 എന്‍.ഡി.എക്ക് 336 സീറ്റുകളും യു.പി.എക്ക് 82 സീറ്റും മറ്റുള്ളവര്‍ക്ക് 124 സീറ്റുമാണ് പ്രവചിച്ചത്.
ടൈംസ് നൗ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിക്കുക. 132 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ 104 സീറ്റുകളാണ് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവചിക്കുന്നത്.
റിപ്പബ്ലിക് ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 287 സീറ്റിലാണ് എന്‍.ഡി.എ വിജയിക്കാന്‍ സാധ്യതയുള്ളത്. യു.പി.എക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാര്‍ട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും അവര്‍ പറയുന്നു.
ന്യൂസ് എക്‌സ് 298 സീറ്റില്‍ എന്‍.ഡി.എയ്ക്കും 118 സീറ്റില്‍ യു.പി.എയക്കും 126 സീറ്റില്‍ മറ്റ് പാര്‍ട്ടികള്‍ക്കും വിജയം പ്രവചിക്കുന്നു.
എബിപി ന്യൂസാണ് ഇന്ത്യയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എന്‍.ഡി.എക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂവെന്നും യു.പി.എയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവര്‍ 148 സീറ്റിലും വിജയിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.