| Wednesday, 24th March 2021, 8:51 am

ജീവന്‍ മരണ പോരാട്ടത്തില്‍ നെതന്യാഹു; ഇസ്രഈലില്‍ ലക്ഷണങ്ങളൊന്നും ശുഭകരമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ വിയര്‍ത്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാര്‍ലമെന്റില്‍ വീണ്ടും അധികാരത്തിലെത്താന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിയര്‍ക്കേണ്ടി വരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടി.വി ചാനലുകള്‍ പുറത്തുവിട്ട സര്‍വ്വേയിലും ഇസ്രഈലില്‍ തൂക്ക് മന്ത്രി സഭയായിരിക്കും എന്നാണ് പറയുന്നത്. ചാനല്‍ 11, 12, 13 എന്നിവയുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഒരേ സ്വഭാവം പുലര്‍ത്തുന്നതാണ്. 120 അംഗ ഇസ്രഈലി പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53-54 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 59 സീറ്റുകള്‍ വരെ ലഭിക്കുമെന്ന പ്രവചനം നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇസ്രഈല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നേരിടുന്നത്.നെതന്യാഹുവിനും അദ്ദേഹത്തിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡിനും കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ അല്‍പ്പം വിയര്‍ക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വെല്ലുവിളികള്‍

കൊവിഡും, അതുയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധികളും നെതന്യാഹുവിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ വാക്സിനേഷന്‍ പ്രോഗ്രാമുകളിലൂടെ ഇത് ഒരു പരിധിവരെ നേരിടാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

നിലവില്‍ ഇസ്രഈലിലെ കൊവിഡ് കേസുകളിലും വലിയ കുറവാണുള്ളളത്. ഇത്തരത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികളെ പിടിച്ചു നിര്‍ത്താന്‍ നെതന്യാഹുവിന് സാധിച്ചിട്ടുണ്ട്.

അതേസമയം കടുത്ത അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നേരെ ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് വലിയ രീതിയില്‍ പ്രചാരണായുധമാക്കി മാറ്റിയിട്ടുമുണ്ട്.

എതിരാളിയാര്

യെഷ് ആദിദ് പാര്‍ട്ടിയുടെ നേതാവും, മുന്‍ ധനകാര്യ മന്ത്രിയും ടെലിവിഷന്‍ അവതാരകനുമായ യെര്‍ ലാപിഡാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി ന്യൂ ഹോപ് പാര്‍ട്ടി രൂപീകരിച്ച ക്യാബിനറ്റ് മന്ത്രി കൂടിയായ ഗിഡിയോണ്‍ സാറും മറ്റൊരു പ്രധാന എതിരാളിയാണ്.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന
ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Exit polls indicate no clear winner in Israeli election

We use cookies to give you the best possible experience. Learn more