karnataka bypolls
കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് വേണ്ടത് ആറ് സീറ്റുകള്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 05, 02:08 pm
Thursday, 5th December 2019, 7:38 pm

ബെംഗളൂരു: കര്‍ണാടകത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം. 15 നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. ആറ് സീറ്റുകളാണ് ബി.ജെ.പിക്കു സംസ്ഥാനത്തു ഭരണം നിലനിര്‍ത്താന്‍ വേണ്ടത്.

ഒമ്പതു മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 3-6 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ജെ.ഡി.എസ് അതിലും താഴെപ്പോകുമെന്നും ഒരു സീറ്റ് മാത്രമേ ലഭിക്കൂവെന്നും പ്രവചിക്കുന്നു.

സീ വോട്ടര്‍ക്കു പുറമേ ഇതുവരെ പുറത്തുവന്നത് പ്രാദേശിക ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്. ബി.ജെ.പിയുടെ മുന്നേറ്റം അവരും പ്രവചിക്കുമ്പോള്‍, തകര്‍ന്നടിയുന്നത് ജെ.ഡി.എസാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബി.ജെ.പി ഒമ്പത് സീറ്റുകള്‍ നേടുമെന്നാണ് ബി ടി.വി പ്രവചിക്കുന്നത്. കോണ്‍ഗ്രസ് മൂന്നും ജെ.ഡി.എസ് രണ്ടും സീറ്റുകള്‍ നേടുമെന്നും അവര്‍ പറയുന്നു.

ബി.ജെ.പിക്ക് 8-10 സീറ്റുകള്‍ കിട്ടുമെന്നാണ് പബ്ലിക് ടി.വിയുടെ പ്രവചനം. കോണ്‍ഗ്രസ് 3-5 സീറ്റും ജെ.ഡി.എസ് 1-2 സീറ്റും നേടുമെന്ന് അവര്‍ പറയുന്നു. പവര്‍ ടി.വി സര്‍വേയില്‍ ബി.ജെ.പിക്ക് 8-12 വരെയും കോണ്‍ഗ്രസിന് 3-6 വരെയും ജെ.ഡി.എസിന് 0-2 വരെയും സീറ്റുകള്‍ ലഭിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ്-ജെ.ഡി.എസ് അംഗങ്ങള്‍ കൂറുമാറി ബി.ജെ.പി പാളയത്തിലെത്തിയതോടെയാണ് സ്പീക്കര്‍ രമേശ് കുമാര്‍ ഈ 15 സീറ്റുകളിലെ എം.എല്‍.എമാരെയും അയോഗ്യരാക്കിയത്. തുടര്‍ന്ന് സുപ്രീം കോടതിയും ഈ തീരുമാനം ശരിവെച്ചിരുന്നു. തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.