ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുമ്പോള്‍ ഛത്തീസ്ഗഢിലും തെലങ്കാനയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
മിസോറാമില്‍ സോറാം പീപ്പിള്‍സ് മൂവ്‌മെന്റും മിസോ നാഷണല്‍ ഫ്രണ്ടുമായി കടുത്ത മത്സരം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും പിന്നിലാണ്. സംസ്ഥാനത്ത് മിക്കവാറും എല്ലാ സര്‍വേകളും തൂക്കുസഭയാണ് പ്രവചിച്ചത്.
2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതുമുതല്‍ അധികാരത്തിലിരിക്കുന്ന കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസിന് കനത്ത തിരിച്ചടിയായി എല്ലാ സര്‍വേകളും കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് പ്രവചിച്ചു. കോണ്‍ഗ്രസിന്റെ വിജയത്തിന്റെ തോതില്‍ മാത്രമാണ് വ്യത്യാസമുള്ളത്. എക്സിറ്റ് പോളുകള്‍ ശരിയാണെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അത് വലിയ ആത്മവിശ്വാസം നല്‍കും. ഈ വര്‍ഷം ആദ്യം കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
മിക്കവാറും എല്ലാ സര്‍വേകളും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നു. 2018ല്‍ 90 അംഗ മന്ത്രിസഭയില്‍ പാര്‍ട്ടി 68 സീറ്റുകള്‍ നേടിയപ്പോള്‍, പാര്‍ട്ടിക്ക് സംസ്ഥാനം നിലനിര്‍ത്താനാകുമെന്നും എന്നാല്‍ ഇത്തവണ സീറ്റുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
മധ്യപ്രദേശില്‍ മിക്ക സര്‍വേകളും ഭരണകക്ഷിയായ ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കി.
നിലവില്‍ മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കരാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് അധികാരത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷമായി തെലങ്കാന ഭരിക്കുന്നത് ബി.ആര്‍.എസ് സര്‍ക്കാരാണ്. മിസോ നാഷണല്‍ ഫ്രണ്ടാണ് മിസോറാമില്‍ അധികാരത്തിലുള്ളത്.
നവംബര്‍ 7 മുതല്‍ 30 വരെയായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
content highlight : Exit polls give edge to Cong in Chhattisgarh & Telangana, BJP in Rajasthan, Madhya Pradesh