എക്‌സിറ്റ് പോൾ ചതിച്ചു; ഛത്തീസ്ഗഡിൽ മന്ത്രിമാരും പിന്നിൽ, കോൺഗ്രസിന് അടിപതറി
റായ്പൂർ: എക്‌സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽപറത്തി ഛത്തീസ്ഗഡിൽ ബി.ജെ.പി ആധിപത്യം.
മിക്കവാറും എല്ലാ സർവേകളിലും ഛത്തീസ്ഗഡിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ചിരുന്നു.
പാർട്ടിക്ക് ഈ വർഷം സംസ്ഥാനം നിലനിർത്താൻ ആകുമെന്നും എന്നാൽ സീറ്റുകളുടെ എണ്ണം കുറവായിരിക്കും എന്നുമായിരുന്നു സർവ്വേകൾ സൂചിപ്പിച്ചത്.
എന്നാൽ മന്ത്രിമാർ ലീഡ് നിലയിൽ പിന്നിൽ നിൽക്കുന്ന വിവരങ്ങളാണ് ഛത്തീസ്ഗഡിൽ നിന്ന് പുറത്തുവരുന്നത്. ആഭ്യന്തരമന്ത്രിയായ താംരാധ്വാജ് സാഹു ദുർഗ് റൂറൽ മണ്ഡലത്തിൽ ബി.ജെ.പിയുടെ ലളിത് ചന്ദ്രശേഖറിനേക്കാൾ 1,365 വോട്ടുകൾക്ക് പിന്നിലാണ്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, നിയമസഭാ സ്പീക്കർ ചരൺ ദാസ് മഹന്ത്, മന്ത്രിമാരായ ഗുരു രുദ്ര കുമാർ, മുഹമ്മദ് അക്ബർ, ശിവകുമാർ ദഹരിയ, ജയ്സിങ് അഗ്രവാൾ തുടങ്ങിയവരും പിന്നിലാണ്.
ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നിട്ടു നിന്നിരുന്നുവെങ്കിലും പിന്നീട് ബി.ജെ.പി ലീഡ് നില ഉയർത്തുകയായിരുന്നു. 90 സീറ്റുകളിൽ 54ലും ബി.ജെ.പിയാണ് ലീഡ്. 34 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്.
45 സീറ്റുകളാണ് ഛത്തീസ്‌ഗഡിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലകളിലെല്ലാം ബി.ജെ.പി ആധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
90 അംഗ നിയമസഭയിൽ 2018 ൽ 68 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. 15 വർഷത്തോളം സംസ്ഥാനം ഭരിച്ച ബി.ജെ.പി അന്ന് 15 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.
Content Highlight: Exit polls futile in Chattisgarh; Ministers trailing; Congress on the verge of loss