എക്‌സിറ്റ് പോളുകളൊന്നും 'എക്‌സാറ്റ്' അല്ല; 1999 മുതല്‍ പലതും തെറ്റായിരുന്നു: വെങ്കയ്യ നായിഡു
D' Election 2019
എക്‌സിറ്റ് പോളുകളൊന്നും 'എക്‌സാറ്റ്' അല്ല; 1999 മുതല്‍ പലതും തെറ്റായിരുന്നു: വെങ്കയ്യ നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2019, 10:45 pm

ന്യൂദല്‍ഹി: എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

‘എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്.’വെങ്കയ്യനായിഡു പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.

‘ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.’

രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയാണെന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും സാമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടന്നെും രാഷ്ട്രീയത്തില്‍ ഒരാള്‍ മറ്റൊരാളുടെ ശത്രുവായിട്ടാണ് കാണുന്നത്. എന്നാല്‍ അവര്‍ എതിരാളികള്‍ മാത്രമാണെന്ന അടിസ്ഥാന വസ്തുത എല്ലാവരും മറക്കുന്നുവെന്നും വെങ്കയ്യനായിഡു കൂട്ടി ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്നു മാറി പാര്‍ലമെന്റിലും നിയമസഭയിലും എം.പി മാരും എം.എല്‍.എ മാരും എങ്ങനെയാണ് പെരുമാറുന്നതെന്നും വെങ്കയ്യനായിഡു ചോദിച്ചു.

ഇന്ന് പുറത്തു വന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം.

ആജ് തക് ആക്സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം.

ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി – ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.

നേരത്തേ എന്‍.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.

റിപ്പബ്ലിക് സി വോട്ടര്‍ എക്സിറ്റ്പോള്‍ പ്രകാരം എന്‍.ഡി.എ 287. കോണ്‍ഗ്രസ് 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ് കണക്കുകള്‍.
എന്‍.ഡി.ടി.വി എക്സിറ്റ്പോളില്‍ എന്‍.ഡി.എക്ക് 306 സീറ്റും കോണ്‍ഗ്രസിന് 124 സീറ്റും മറ്റുള്ളവര്‍ക്ക് 112 എന്നിങ്ങനെയാണ് കണക്കുകള്‍.