എക്‌സിറ്റ് പോളുകൾ കോർപ്പറേറ്റുകളുടെ മറ്റൊരു തന്ത്രം: സഞ്ജയ് റാവത്ത്
India
എക്‌സിറ്റ് പോളുകൾ കോർപ്പറേറ്റുകളുടെ മറ്റൊരു തന്ത്രം: സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 12:30 pm

മുംബൈ: എക്‌സിറ്റ് പോളുകൾ കോർപ്പറേറ്റ് ഗെയിമും വഞ്ചനയുമാണെന്ന പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എക്‌സിറ്റ് പോളുകൾ കോർപ്പറേറ്റുകളുടെ തന്ത്രമാണെന്നും എക്‌സിറ്റ് പോളുകളിൽ മാറ്റങ്ങൾ വരുത്താൻ മാധ്യമങ്ങൾക്ക് മേൽ ധാരാളം സമ്മർദങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താൻ ഫീൽഡിൽ പ്രവർത്തിക്കുന്ന ആളാണെന്നും നിലവിൽ പാർട്ടിയുടെ അടിയൊഴുക്കുകൾ തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ ഭയമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ലോക്സഭയിൽ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി 295 മുതൽ 310 വരെ സീറ്റുകൾ നേടുകയും ഇന്ത്യയിൽ പുതിയ സർക്കാർ നിലവിൽ വരികയും ചെയ്യും. എക്‌സിറ്റ് പോളുകളിൽ ഞാൻ വിശ്വസിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരം നിലനിർത്തുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു.

എന്നാൽ ഇതെല്ലം കോർപ്പറേറ്റുകളുടെ തന്ത്രങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘പലരും മാധ്യമ കമ്പനികൾക്ക് മേൽ വളരെയധികം സമ്മർദം ചെലുത്തുന്നുണ്ട് . ഇത് കോർപ്പറേറ്റ് തന്ത്രങ്ങളാണ്. അവർ ജനങ്ങളെ കബളിപ്പിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിറ്റ് പോളുകളല്ല ജനങ്ങൾ ചെയ്ത വോട്ടുകളുടെ എണ്ണമാണ് മന്ത്രിസഭയെ നിർണയിക്കുന്നത്.

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി .പി എന്നീ പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാടി 48 സീറ്റുകളിൽ 35ൽ അധികം സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയിൽ ശിവസേന 2019ലെ 18 സീറ്റുകൾ നിലനിർത്തും കോൺഗ്രസും എൻ.സി.പിയും മികച്ച പ്രകടനം കാഴ്ച വെക്കും. എൻ.സി.പി സ്ഥാനാർത്ഥി സുപ്രിയ സുലെ ബാരാമതിയിൽ ഒന്നരലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കും,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, കർണാടകം എന്നീ സംസ്ഥാനങ്ങളും മഹാരാഷ്ട്രക്കൊപ്പം രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഞങ്ങൾക്ക് എക്‌സിറ്റ് പോളിന്റെ ആവശ്യം ഇല്ല. ഇന്ത്യാ മുന്നണി ഉത്തർ പ്രദേശിൽ 35 സീറ്റുകളും രാഷ്ട്രീയ ജനതാദൾ ബീഹാറിൽ 16 സീറ്റുകളും നേടും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Content Highlight: exit polls are all fraud and corporate game claims Sanjay Raut