| Tuesday, 22nd October 2019, 10:48 pm

ഹരിയാനയില്‍ കര്‍ണാടക മോഡല്‍ തെരഞ്ഞെടുപ്പ് ഫലം വരുമോ? ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുള്ള തുല്യസാധ്യതയ്ക്ക് കാരണങ്ങള്‍ ഇതൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും തുല്യസാധ്യതയെന്ന എക്‌സിറ്റ് പോള്‍ പുറത്തുവിട്ട ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ അതിനുള്ള കാരണങ്ങള്‍ കൂടി വ്യക്തമാക്കി. ജാട്ട്, ദളിത്, മുസ്‌ലിം വോട്ടുകളില്‍ വിധി നിര്‍ണയിക്കപ്പെടുന്ന മണ്ഡലങ്ങളാണ് ഈ ഫോട്ടോഫിനിഷിലേക്കു കാര്യങ്ങളെത്തിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

ബി.ജെ.പിക്ക് 33 ശതമാനം വോട്ട് ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതും ഏറെക്കുറേ ഇത് വോട്ട് തന്നെയാണ്.

എന്നാല്‍ ഈ വര്‍ഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനെക്കാള്‍ 25 ശതമാനം കുറവാണിത്. 58 ശതമാനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയിലെ 50 ശതമാനത്തോളം ജനങ്ങളും ജാട്ട്, ദളിത്, മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്നവരാണ്. അവര്‍ക്കു സ്വാധീനമുള്ളത് 40 ശതമാനത്തോളം മണ്ഡലങ്ങളിലാണ്.

വിവിധ വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ജാട്ട്, ദളിത് വിഭാഗങ്ങള്‍ക്കു കടുത്ത വികാരമുണ്ടെന്നാണ് ഇന്ത്യ ടുഡേ ടി.വി ചര്‍ച്ചയില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ ജാട്ട് വിഭാഗക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അവരെ തണുപ്പിച്ചിരുന്നു. എന്നാല്‍ 2016-ല്‍ ഹരിയാനയില്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം വേണമെന്നാവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ അവരെ പരിഗണിച്ചതേയില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈംഗികാക്രമണക്കുറ്റം ചുമത്തി ഗുര്‍മീത് റാം റഹിം സിങ്ങിനെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് സി.ബി.ഐ കോടതി ശിക്ഷിച്ചതും ദളിതരെ രോഷാകുലരാക്കിയെന്ന് അവര്‍ വിലയിരുത്തി.

ഈ കാരണങ്ങളാണ് ഹരിയാനയില്‍ കര്‍ണാടക മോഡല്‍ ഫലം വരാന്‍ കാരണമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം തൂക്കുസഭ വന്നപ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസുമായി കൈകോര്‍ത്ത് ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു.

90 അംഗ ഹരിയാന നിയമസഭയില്‍ ബി.ജെ.പി 32-44 സീറ്റുകള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 47 സീറ്റാണ്. അതേസമയം കോണ്‍ഗ്രസിന്റെ വിജയസാധ്യത പറയുന്നത് 30-42 സീറ്റുകളിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ 15 സീറ്റുകള്‍ മാത്രം ജയിച്ച സംസ്ഥാനത്താണിത്.

അതുപോലെ ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) 6-10 സീറ്റുകള്‍ വിജയിക്കുമെന്നാണ് അവര്‍ പറയുന്നത്. മറ്റുള്ള കക്ഷികളും 6-10 സീറ്റുകള്‍ വിജയിക്കുമെന്ന് അവര്‍ പ്രവചിക്കുന്നു.

We use cookies to give you the best possible experience. Learn more