ന്യൂദല്‍ഹി: ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. എല്ലാ ഫലങ്ങളും ആംആദ്മി പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തോടെ ദല്‍ഹിയില്‍ തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം പറയുന്നത്.
നേതാ ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍
ദല്‍ഹി തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലത്തില്‍ ആംആദ്മിക്ക് വന്‍ ഭൂരിപക്ഷമെന്ന് നേതാ ന്യൂസ് എക്സിന്റെ സര്‍വ്വേ. 70 ല്‍ 53 സീറ്റാണ് ആംആദ്മിക്ക് സാധ്യത കല്‍പ്പിക്കുന്നത്. 11-17 ആണ് ബി.ജെ.പിക്കുള്ള സീറ്റുകള്‍. പൂജ്യം മുതല്‍ രണ്ടു സീറ്റു വരെയാണ് കോണ്‍ഗ്രസിന് സാധ്യതയെന്നാണ് നേതാ ന്യൂസ് എക്‌സിറ്റ് പോളില്‍ പറയുന്നത്.
ടൈംസ് നൗ സര്‍വ്വേ
ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 44 സീറ്റുകള്‍ നേടി ആം ആദ്മി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗന്റെ പ്രവചനം.
ബി.ജെ.പിയ്ക്ക് 26ലധികം സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
റിപ്പബ്ലിക് ടിവി സര്‍വ്വേ
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് വിജയമെന്ന് റിപ്പബ്ലിക്ക് ടി.വിയും. 48 മുതല്‍ 61 സീറ്റുവരെയാണ് റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ ഫലത്തില്‍ ആംആദ്മി പാര്‍ട്ടി നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബി.ജെപിക്ക് 9 മുതല്‍ 21 സീറ്റു വരെയാണ് വിജയ സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയേക്കാം എന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എ.ബി.പി ന്യൂസ്
എ.ബി.പി ന്യൂസും സി വോട്ടറും പുറത്തു വിട്ട സര്‍വ്വേ ഫലത്തില്‍ ബി.ജെ.പിയുടെ നില പരുങ്ങലില്‍. ഷാഹീന്‍ബാഗ് പ്രതിഷേധ സമരത്തെ അടിസ്ഥാനമാക്കിയുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് എ.ബി.പി ന്യൂസിന്റെയും എക്സിറ്റ് പോള്‍ ഫലം. അമിത് ഷായുടെയും മോദിയുടെയും നേതൃത്വത്തില്‍ വന്‍ പ്രചരണം നടത്തിയ ബി.ജെ.പിക്ക് അഞ്ച് മുതല്‍ 19 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ആം ആദ്മി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. 44 മുതല്‍ 63 സീറ്റ് വരെ ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.