ന്യൂദല്‍ഹി: ആര്‍.എസ്.എസ് അനുകൂല സ്ഥാപനങ്ങളുടെ അടവാണ് എക്‌സിറ്റ് പോളുകളെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. എല്ലാവരും ഇതു തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.ഡി.എ അധികാരത്തിലേറുമെന്ന രീതിയില്‍ ഇന്നലെ വന്ന എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തേജസ്വി ഇക്കാര്യം പറഞ്ഞത്.
‘എക്‌സിറ്റ് പോളിന്റെ പേരിലാണ് മാര്‍ക്കറ്റില്‍ എല്ലാം വിറ്റഴിച്ചത്. ആര്‍.എസ്.എസിന്റെ സ്ഥാപനങ്ങളും ഉറവിടങ്ങളും നല്‍കിയ സഹായത്തിലാണ് മാനസികനില തകര്‍ക്കുക എന്ന പഴയ ആയുധമെടുത്ത് അവരിപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. തള്ളിക്കളയുക. നമ്മളാണു ജയിച്ചുകൊണ്ടിരിക്കുന്നത്. സ്‌ട്രോങ് റൂമില്‍ കണ്ണുണ്ടായിരിക്കുക. വൃത്തികെട്ട കളികള്‍ കളിക്കുന്നതില്‍ വിദഗ്ധരായ ആളുകളുടെ ഈ അടവുകള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും തേജസ്വി ട്വീറ്റ് ചെയ്തു.
എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ പറഞ്ഞിരുന്നു. ഒരു കാരണവശാലും അത് കൃത്യമാവാറില്ല. വികസിത രാജ്യങ്ങളില്‍ പോലും, ഇന്നലെ ഓസ്ട്രേലിയയില്‍ കണ്ടത് പോലെ, എക്സിറ്റ്പോളുകള്‍ പ്രവചിച്ചതിന് വിരുദ്ധമായ ഫലമാണുണ്ടായത്. യെച്ചൂരി പറഞ്ഞു.
ഈ തലമുറയെ ആദ്യത്തെ എക്സിറ്റ്പോളിനെ കുറിച്ചുള്ള ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. തെറ്റായി വോട്ട് ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ ചീത്ത പറയാനൊരുങ്ങുമ്പോള്‍ ‘പേടിക്കേണ്ട എക്സിറ്റ് പോളില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്’ എന്ന് ഭര്‍ത്താവ് പറയുന്നതാണ് കാര്‍ട്ടൂണ്‍. ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമെന്നും യെച്ചൂരി പറഞ്ഞു.
മിഠായിക്കട കണ്ട് കുട്ടികളെ പോലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ മുഖത്തുള്ള സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു.
ഇന്നലെ പുറത്തു വന്ന ഭൂരിപക്ഷം എക്സിറ്റ്പോളുകളും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്കാണ് മുന്‍തൂക്കം പ്രവചിച്ചത്. 2014-ല്‍ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്.