| Saturday, 9th March 2024, 10:51 am

ഒരാൾ കോൺഗ്രസ് വിട്ട് പോകുമ്പോൾ, ആയിരങ്ങൾക്ക് മുന്നോട്ട് വരാൻ വഴിയൊരുങ്ങുന്നു: ജയ്റാം രമേശ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹ്‌മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടയിൽ പാർട്ടിയെ അത് ബാധിച്ചിട്ടില്ലെന്നും പുതിയ മുഖങ്ങൾ പാർട്ടിയിലേക്ക് വരുന്നതിന് അത് സഹായിച്ചെന്നും കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ്റാം രമേശ്‌.

ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തിയ സാഹചര്യത്തിൽ നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത് എന്നാണ് വിവരം.

കോൺഗ്രസ്‌ നേതാക്കളെ ബി.ജെ.പി കൊണ്ടുപോകുന്നതിലൂടെ അർഹരായ ആളുകൾക്ക് അവസരം ലഭിക്കാൻ സഹായിക്കുന്നുണ്ടെന്ന് രമേശ്‌ പറഞ്ഞു.

‘ഞങ്ങളുടെ സംഘടനയിൽ, അനുഭവസമ്പജ്ഞരായ ധാരാളം യുവജനങ്ങളും സ്ത്രീകളും നേതാക്കളുമുണ്ട്. പല കാരണങ്ങൾ കൊണ്ട് അവർക്കിതുവരെ ഒരു അവസരം ലഭിച്ചിട്ടില്ല.

പാർട്ടി വിട്ട് വ്യക്തികൾ പോകുന്നത് കാണേണ്ടിവരുന്നത് വളരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് 30ഉം 40ഉം വർഷം പാർട്ടിക്കായി ജീവിതം സമർപ്പിക്കുകയും പാർട്ടിക്കകത്ത് നിന്ന് വലിയ പിന്തുണയും ലഭിച്ചവർ.

ന്യായമായ ഓഹരിയിലധികം ലഭിച്ചിട്ടും അവർ പോകാൻ തീരുമാനിച്ചത് വളരെ ഖേദകരമാണ്. എന്നാൽ കോൺഗ്രസ്‌ വിട്ട് ഒരാൾ പുറത്തുപോകുമ്പോൾ, ആയിരങ്ങൾക്കാണ് മുന്നോട്ട് വരാൻ വഴിയൊരുങ്ങുന്നത്,’ രമേശ്‌ പറഞ്ഞു.

രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയതിന് പിന്നാലെ കളം മാറ്റി ചവിട്ടിയ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ അർജുൻ മോദ്വാദിയയുടെ സഹോദരനും മുൻ ഗുജറാത്ത്‌ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനുമായ രാംദേവ് മോദ്വാദിയയെ ആറ് വർഷത്തേക്ക് പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. രാംദേവും സഹോദരന്റെ പത് പിന്തുടർന്ന് ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.

Content Highlight: ‘Exit of one leader makes way for another in Congress’

We use cookies to give you the best possible experience. Learn more