Kerala News
'നികുതിയിൽ അഡ്ജസ്റ്റ് ചെയ്യാം'; മദ്യ വില കുറയ്ക്കുന്നത് പരി​ഗണനയിലെന്ന് ടി.പി രാമകൃഷ്ണൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 17, 12:07 pm
Sunday, 17th January 2021, 5:37 pm

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലുണ്ടെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന മദ്യനികുതി കേരളത്തിലാണ്. അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നാണ് മന്ത്രി അറിയിച്ചത്. മദ്യത്തിന് നികുതിയിളവ് വേണമെന്ന ആവശ്യം വലിയ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രതികരണം.

നിലവില്‍ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വര്‍ഷത്തേക്കുള്ള വിതരണ കരാറില്‍ പരമാവധി 7 ശതമാനം വര്‍ധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും വില വര്‍ധനയില്ല. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുത്തത്.

മദ്യത്തിന് വിലകുറയ്ക്കുമെന്ന് സർക്കാർ പറയുമ്പോൾ തന്നെ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവില്‍ വരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will consider decreasing Alcohol Price says TP Ramakrishnan