ഡീസല്‍ വാഹനങ്ങളുടെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്നു
Big Buy
ഡീസല്‍ വാഹനങ്ങളുടെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2012, 1:03 pm

ന്യൂദല്‍ഹി: ഡീസലിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഡീസല്‍ ഇന്ധന കാറുകളുടെ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍. ഇതു സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയ്ക്കു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ശുപാര്‍ശ നല്‍കി. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അനുയോജ്യ സമയത്ത് സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ എസ്. കെ. ഗോയല്‍ പറഞ്ഞു.

1200 സിസിയുള്ള പെട്രോള്‍ കാറിനും 1500 സിസിയുള്ള ഡീസല്‍ കാറിനും ഇപ്പോള്‍ എക്‌സൈസ് നികുതി 12 ശതമാനമാണ്. ഇതില്‍ത്തന്നെ നീളം നാലുമീറ്ററില്‍ കൂടുതലാണെങ്കില്‍ നികുതി 24 ശതമാനമാണ്. ഈ ശേഷിയില്‍ കൂടുതലുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കു അധിക നികുതിയായി 27 ശതമാനവും നിശ്ചിത നികുതിയായി 15,000 രൂപയും ചുമത്തുന്നു.

സ്വകാര്യ കാറുടമകള്‍ സബ്‌സിഡി ഡീസലിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസല്‍ കാറുകള്‍ക്ക് അധിക നികുതി ചുമത്തണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ധനമന്ത്രാലയത്തിനു നല്‍കിയ ബജറ്റ് നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് ഏറ്റവും ചെലവേറിയ ഇന്ധനമാണ് ഡീസല്‍. ഇറക്കുമതിച്ചെലവിനേക്കാള്‍ താഴ്ന്ന വിലയ്ക്കാണ് ഡീസല്‍ നല്‍കി വരുന്നത്. ആഡംബര കാറുകളും എസ്‌യുവികളും, ഷോപ്പിംഗ് മാളുകളിലെ പവര്‍ ജനറേറ്ററുകളും ടെലികോം ടവറുകളും ഡീസലാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്

ധനികര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കരുതെന്ന നിലപാടിലാണ് എണ്ണ മന്ത്രാലയം. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡീസലിന്റെ 15% സ്വകാര്യ കാറുകളും എസ്‌യുവികളുമാണ് ഉപയോഗിക്കുന്നത്.