തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിലെ നഗ്നതാ പ്രദര്‍ശനത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരുടെ പന്തം കൊളുത്തി പ്രതിഷേധം.
ഹോസ്റ്റലിന് മുന്നില്‍ സാമൂഹിക വിരുദ്ധര്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നുവെന്ന് കാണിച്ച് പ്രിന്‍സിപാളിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിരെയാണ് ഡോക്ടര്‍മാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചത്.
പരാതി നല്‍കിയപ്പോള്‍ നഗ്‌നതാ പ്രദര്‍ശനം ലൈംഗിക അധിക്ഷേപമല്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. വനിതാ ഹോസ്റ്റല്‍ പരിസരത്ത് നഗ്നതാ പ്രദര്‍ശനം പതിവാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.
ഹോസ്റ്റലിന് ചുറ്റുമതിലും നിരീക്ഷണക്യാമറകളും വേണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമില്ലെന്നും രാത്രിയായാല്‍ സുരക്ഷ ജീവനക്കാരുടെ സഹായം ലഭിക്കാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചിരുന്നു. യുവാവിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടികള്‍ മെന്‍സ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സഹപാഠികള്‍ എത്തി യുവാവിനെ പിടികൂടുകയായിരുന്നു. നേരത്തെ ഓട്ടോയിലെത്തിയ മറ്റൊരാളും നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നു. ചുറ്റുമതില്‍ ഇല്ലാത്ത ഹോസ്റ്റലില്‍ ആര്‍ക്കും കടന്നുവരാവുന്ന അവസ്ഥയാണ്.
നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ച റോഡ് വഴിയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയവര്‍ എത്തിയത്. ഇത് പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനും മെഡിക്കല്‍ കോളേജ് പോലീസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.