Advertisement
Kerala News
നേതാക്കളുടെ ഗുണ്ടാ പിരിവ്: പ്രതികരിക്കാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 27, 04:03 am
Monday, 27th May 2024, 9:33 am

കോഴിക്കോട്: ഗുണ്ടാ പിരിവായി 25 ലക്ഷം രൂപ നല്‍കാത്തതിന് എക്‌സിബിഷന്‍ സൈറ്റ് അഗ്‌നിക്കിരയാകുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. എക്‌സിബിഷന്‍ സംഘാടകരായ ഡി.ക്യൂ.എഫ് ഏജന്‍സി എം.ഡി ഫയാസ് റഹ്‌മാനും, ലീഗില്‍ അഡൈ്വസര്‍ അഡ്വ. ഫാത്തിമ സിദ്ദിഖുമാണ് പരാതിയുമായി രംഗത്തെത്തിയത്.

എരഞ്ഞിപ്പാലം സ്വപ്‌ന നഗരിയിലെ ‘മറൈന്‍ വേള്‍ഡ് ഇന്‍ ദി സീ ബൈ’ പ്രദര്‍ശന സെറ്റ് കത്തിക്കുമെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പാറന്നൂര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലം സെക്രട്ടറി അജയ് ലാല്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ അജയ് ലാലിനും സതീഷ് പാറന്നൂരിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും ബി.ജെ.പി സംസ്ഥാന നേതൃത്വം മൗനത്തിലാണ്.

എന്നാല്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ മൗനത്തില്‍ അസംതൃപ്തി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ വില കളഞ്ഞ ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടി അനുഭാവികളുടെയടക്കം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയും തുടങ്ങി.

നേരത്തെ പട്ടിക ജാതി വര്‍ഗ സംരക്ഷണ സമിതിയടക്കം സംഘടനകളുടെ ഭാരവാഹിയായിരുന്ന സതീഷ് പാറന്നൂര്‍ ഇപ്പോള്‍ ബി.ജെ.പി യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സതീഷും അജയ് ലാലും നേതൃനിരയിലെത്തിയതോടെ നഗരത്തിലെ വിവിധ ബിസിനസ് ഗ്രൂപ്പുകളെ സമീപിച്ച് പണം കൈപറ്റുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇരുവരും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഡി.ക്യൂ.എഫ് ഏജന്‍സി നടത്തിയ വാര്‍ത്താസമ്മേനത്തില്‍ പങ്കെടുത്ത് കാലിക്കറ്റ് ട്രെയ്ഡ് സെന്റര്‍, എമറാള്‍ഡ് ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികളും ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സ്വപ്ന നഗരിയില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ച ഗ്രൂപ്പിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് യുവമോര്‍ച്ച നേതാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അദ്ദേഹം ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

അതേസമയം, പ്രതികള്‍ക്ക് ജാമ്യം കിട്ടാനായി പൊലീസ് ഒത്തുകളിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാനായി പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് പരാതി. എന്നാല്‍ തങ്ങള്‍ ഒളിവില്‍ പോയിട്ടില്ലെന്നും എക്‌സിബിഷന്‍ ഗ്രുപ്പിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ പത്രകുറിപ്പിറക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Exhibition group  filed  a complained against B.J.P