കോട്ടയം: സുപ്രസിദ്ധ എഴുത്തുകാരി മാധവിക്കുട്ടി “ലൗ ജിഹാദിന്റെ ഇര”യെന്ന് യുവ എഴുത്തുകാരി ഇന്ദുമേനോന്‍. മംഗളം ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദു മേനോന്‍ ഇക്കാര്യം പറയുന്നത്.
കേരളത്തിലെ പ്രമുഖനായൊരാള്‍ മാധവിക്കുട്ടിയോട് പ്രേമം നടിക്കുകയും ഇയാള്‍ക്ക് വേണ്ടിയാണ് മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചതെന്നും ഈ ആഴ്ച്ചത്തെ മംഗളം ആഴ്ച്ചപ്പതിപ്പില്‍ ഇന്ദു മേനോന്‍ പറയുന്നു.[]
മാധവിക്കുട്ടിയെ കുറിച്ച് അഭിമുഖത്തില്‍ ഇന്ദു മേനോന്‍ പറയുന്നതിങ്ങനെ,
“മൂന്ന് ഭാര്യമാരുള്ള ഗസലും കവിതയും ഏറെ ഇഷ്ടപ്പെടുന്ന ഇയാള്‍ പ്രേമം ഭാവിച്ച് മാധവിക്കുട്ടിയെ മതം മാറ്റുകയായിരുന്നു. എന്നാല്‍ മതംമാറ്റത്തിന് ശേഷം ഇയാള്‍ മാധവിക്കുട്ടിയെ വഞ്ചിച്ചു.
ഇയാളോടുള്ള പ്രണയം മൂലമാണ് മാധവിക്കുട്ടി മതം മാറിയത്. എന്നാല്‍ ഇയാള്‍ ഉസ്മാനിയ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. അയാളുടെ പാര്‍ട്ടിക്കാരാണ് അയാളുടെ പ്രേമം പൊളിച്ചത്.”
മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുള്ള തന്നോട് അവര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ഇന്ദുമേനോന്‍ അഭിമുഖത്തില്‍ പറയുന്നു.
“എന്റെ കഥ” പ്രസിദ്ധീകരിച്ച ശേഷം പ്രതിഫലവുമായി എത്തിയ പത്രാധിപര്‍ മാധവിക്കുട്ടിയെ അപമാനിച്ചതായും ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നു.
മതമല്ല മനുഷ്യനെയായിരുന്നു മാധവിക്കുട്ടി പരിഗണിച്ചിരുന്നത്. അതിനാലാണ് മൂന്ന് ഭാര്യമാരുള്ള അയാളുടെ പ്രണയം മാധവിക്കുട്ടി സ്വീകരിച്ചത്. മാധവിക്കുട്ടിയുടെ മതം പ്രണയമായിരുന്നു. ശരീരത്തില്‍ അധിഷ്ഠിതമായ പ്രണയമായിരുന്നില്ല അത്.
പക്ഷേ, അയാള്‍ക്ക് വേണ്ടി മതം മാറിയപ്പോള്‍ കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമുള്ള ഭീഷണിക്ക് മുന്നില്‍ വഴങ്ങി അയാള്‍ പിന്‍മാറി. ഇതിന്റെ പ്രതികാരമായി അതേ മതത്തിലുള്ള ഒരു ഡോക്ടറുമായി മാധവിക്കുട്ടി പ്രണയത്തിലായെന്നും ഇന്ദു മേനോന്‍ പറയുന്നു.
ശശി തരൂരിനോട് ഈ അവസരത്തിലാണ് തനിക്ക് ബഹുമാനം തോന്നുന്നതെന്നും അധികാരത്തിന് വേണ്ടി തന്റെ കാമുകിയെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഇന്ദു മേനോന്‍ പറഞ്ഞു.
വിവാദ സ്വാമി സന്തോഷ് മാധവനേയും ശോഭാ ജോണിനേയും കുറിച്ചും അഭിമുഖത്തില്‍ ഇന്ദു മേനോന്‍ പറയുന്നുണ്ട്. സന്തോഷ് മാധവന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. “സ്വാമിയാര്‍ ആളത്ര ശരിയല്ല” എന്നായിരുന്നു പറഞ്ഞത്. മാധവിക്കുട്ടി പൂനെയിലേക്ക് പോയി അല്‍പ്പനാളുകള്‍ക്ക് ശേഷമാണ് സന്തോഷ് മാധവനെ അറസ്റ്റ് ചെയ്യുന്നത്.
മതംമാറിയതിന് ശേഷം നിരവധി പേര്‍ മാധവിക്കുട്ടിയെ സന്ദര്‍ശിച്ചിരുന്നെന്നും ഇതില്‍ പലരും മാധവിക്കുട്ടിയെ വഞ്ചിച്ചിരുന്നതായും ഇന്ദു മേനോന്‍ പറയുന്നു. ഒരിക്കല്‍ ഉംറ ചെയ്യാന്‍ പണം ആവശ്യപ്പെട്ട് വന്നയാള്‍ക്ക് അയാള്‍ ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ അപ്പോള്‍ തന്നെ കൊടുത്തു.
എന്നാല്‍ പിന്നീടാണ് അറിയുന്നത് ഉംറയ്ക്ക് അത്രയും പണം വേണ്ടെന്ന്. ഇത് ചോദിച്ചപ്പോള്‍ തനിക്കും ഭാര്യക്കും ഉംറ ചെയ്യാനാണെന്നായിരുന്നു അയാളുടെ മറുപടി.
ഒരിക്കല്‍ ഈജിപ്ത് അംബാസിഡര്‍ ഇ.ഇ.ഇ ഫൈസി മാധവിക്കുട്ടിക്ക് കൈയ്യിലുള്ള രത്‌ന മോതിരം സമ്മാനമായി നല്‍കി. എന്നാല്‍ മോതിരത്തിന് കോടിക്കണക്കിന് വിലയുണ്ടെന്നറിഞ്ഞ മാധവിക്കുട്ടി സമ്മാനം തിരിച്ചുനല്‍കാന്‍ തയ്യാറായെന്നും എന്നാല്‍ ഫൈസി നിരസിച്ചതിനാല്‍ ഇത് മകന് നല്‍കിയതായും അഭിമുഖത്തില്‍ പറയുന്നു.
ഫൈസിയുടെ മകള്‍ക്ക് മാധവിക്കുട്ടി നാഗപടത്താലിയും വളയും കമ്മലും സ്വര്‍ണത്തില്‍ പണിയിച്ച് കൊടുത്തയച്ചപ്പോഴാണ് മാധവിക്കുട്ടിക്ക് സമാധാനമായതെന്നും മറ്റുള്ളവരില്‍ നിന്ന് ഔദാര്യം പറ്റുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇന്ദു മേനോന്‍ പറയുന്നു.
വലിയ എഴുത്തുകാരിയായിരുന്നെങ്കിലും മാധവിക്കുട്ടി ജാതീയത സൂക്ഷിച്ചതായി മാധവിക്കുട്ടിയെ ഇന്ദുമേനോന്‍ ആക്ഷേപിക്കുന്നു. അതുകാരണം “തന്നെയല്ലാതെ” മറ്റാരെയും മാധവിക്കുട്ടി മുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്നും ഇന്ദു മേനോന്‍ അവകാശപ്പെടുന്നു.