| Tuesday, 21st December 2021, 11:03 am

Exclusive Interview| ഫഹദ് ഫാസില്‍ തന്നെയായിരുന്നു ആദ്യ ഓപ്ഷന്‍, അല്ലുവിന് നല്‍കിയത് ഇതുവരെ ചെയ്യാത്ത വേഷം| സംവിധായകന്‍ സുകുമാര്‍

അന്ന കീർത്തി ജോർജ്

സംവിധായകന്‍ സുകുമാര്‍

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് പുഷ്പ. സുകുമാറിന്റെയും അല്ലു അര്‍ജുന്റെയും കരിയറിലെ ഏറ്റവും വലിയ സിനിമയാകുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകളെല്ലാം. എന്ത് തോന്നുന്നു?

ഒരുപാട് സന്തോഷം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ സിനിമക്കൊപ്പമായിരുന്നു. കൊവിഡ് മൂലം പലതും വൈകി. ഒടുവില്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണം നേടാന്‍ സാധിച്ചതില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട്.

ആര്യ എന്ന താങ്കളുടെ ആദ്യ ചിത്രത്തിലൂടെയാണ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള അല്ലു അര്‍ജുന്റെ യാത്ര തുടങ്ങുന്നത്. ഇപ്പോള്‍ അല്ലുവിന്റെ കരിയറിലെ അടുത്ത വഴിത്തിരിവായിരിക്കുകയാണ് പുഷ്പ. അല്ലു – സുകുമാര്‍ ടീമിനെ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അല്ലു അര്‍ജുനുമായുള്ള ബന്ധത്തെ കുറിച്ച്?

അല്ലു അര്‍ജുന്റെ രണ്ടാമത്തെ ചിത്രവും എന്റെ ആദ്യ സിനിമയുമായിരുന്നു ആര്യ. ആര്യ സംവിധാനം ചെയ്യുന്നതിന് മുന്‍പ് ഞാന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ഗണിതശാസ്ത്രമായിരുന്നു വിഷയം. ആര്യയിലെത്തിയപ്പോള്‍ ഞാന്‍ അല്ലു അര്‍ജുനെ പഠിപ്പിക്കാന്‍ തുടങ്ങി. ഇന്ന് അല്ലു പക്വതയുള്ള അഭിനേതാവായി വളര്‍ന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുണ്ട്.

ആര്യ 2വിന് ശേഷം സിനിമയില്‍ ഒന്നിച്ചില്ലെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കുറവൊന്നും വന്നിട്ടില്ലായിരുന്നു. അന്നും ഇന്നും നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. ചെയ്യുന്ന സിനിമകളെ കുറിച്ചും ഞങ്ങള്‍ പരസ്പരം സംസാരിക്കുമായിരുന്നു.

പുഷ്പ സിനിമയില്‍ നിന്നുള്ള രംഗം

വ്യത്യസ്തമായ ഒരു റോളിലൂടെ അല്ലുവിന് തന്റെ തന്നെ അഭിനയ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്താന്‍ അവസരം നല്‍കണമെന്നുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു വേഷമാണ് പുഷ്പയിലേത്. അല്ലു ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണത്.

ബഡ്ജറ്റ് കൊണ്ടും ബോക്‌സ് ഓഫീസ് കളക്ഷന്‍ കൊണ്ടും താങ്കളുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ് പുഷ്പ. സിനിമയിലെ പുഷ്പരാജായി അല്ലു വരണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു?

ആന്ധ്രയിലെ കാട്ടില്‍ മാത്രം വളരുന്ന രക്തചന്ദനത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും കഥാപരിസരം നേരത്തെ മനസിലുണ്ടായിരുന്നു. പുഷ്പയായി അല്ലുവായിരുന്നു മനസില്‍ വന്നത്. അതേ കുറിച്ച് അല്ലുവിനോട് സംസാരിച്ച ശേഷമാണ് ഞാന്‍ കഥയായി എഴുതാന്‍ തുടങ്ങുന്നത്.

ആദ്യം തെലുങ്കില്‍ മാത്രമായായിരുന്നു സിനിമ ആലോചിച്ചത്. പിന്നീട് വര്‍ക്ക് തുടങ്ങിയ ശേഷമാണ് മറ്റു ഭാഷകളിലും കൂടി ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇന്ത്യ മുഴുവനുമുള്ള അല്ലു ആരാധകരാണ് അതിന് കാരണം.തെലുങ്കില്‍ മാത്രമല്ല, മലയാളമടക്കമുള്ള മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഉത്തരേന്ത്യയിലും അല്ലുവിന് വലിയ ആരാധകവൃന്ദമുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ വഴിയാണ് അല്ലു അവിടങ്ങളിലും പ്രിയങ്കരനായത്.

ആര്യയില്‍ അല്ലു അര്‍ജുന്‍

എന്റെ കരിയറിലെ വലിയൊരു വഴിത്തിരിവാകുമെന്നൊന്നും കരുതിയല്ലായിരുന്നു പുഷ്പ ചെയ്തത്. സത്യത്തില്‍ ഞാന്‍ ഒരു തെലുങ്ക് സിനിമ മാത്രമാണ് ചെയ്തത്. ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കിയത് പ്രേക്ഷകരാണ്. ഇത്തരത്തിലൊരു സ്വീകാര്യത സിനിമ നേടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സിനിമയിലെ വില്ലന്‍ കഥാപാത്രമായ ബന്‍വര്‍ സിംഗ് ഷെഖാവതായി ഫഹദ് ഫാസിലിനെ തന്നെയാണോ ആദ്യം മുതല്‍ മനസില്‍ കണ്ടിരുന്നത്? ഫഹദ് പുഷ്പയിലെത്തുന്നത് എങ്ങനെയാണ്?

ഞാന്‍ കാണുന്ന ഫഹദിന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരമാണ്. ആ സിനിമയിലെ ഫഹദിന്റെ പ്രകടനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനുശേഷം ഫഫയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ ബിഗ് ഫാനായി എന്ന് തന്നെ പറയാം.

ധാരാളം മലയാള സിനിമകള്‍ കാണുന്നവരാണ് തെലുങ്ക് പ്രേക്ഷകര്‍. ഒ.ടി.ടി കൂടി വന്നതോടെ തെലുങ്കില്‍ മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനായി. ട്രാന്‍സ് സിനിമ ഇവിടെ വളരെ പോപ്പുലറായിരുന്നു.

തെലുങ്കില്‍ ഏറെ ഫഫ ആരാധകരുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫഹദ് ആദ്യം വിശ്വസിച്ചില്ല. നിങ്ങളുടെ പടം ആളുകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസും പ്രൊഫൈല്‍ ഫോട്ടോയും മൊബൈലിലെ സ്‌ക്രീന്‍ സേവറുമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അദ്ദേഹം വിശ്വസിച്ചില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ ഫഫക്ക് അതെല്ലാം ബോധ്യമായി. ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു.

മഹേഷിന്‍റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍

പുഷ്പയുടെ എഴുത്ത് തുടങ്ങിയപ്പോള്‍ മുതല്‍ ഫഹദ് തന്നെയായിരുന്നു മനസില്‍. ബന്‍വറിന് വേണ്ടി മറ്റാരെയും പരിഗണിച്ചിരുന്നില്ല. പക്ഷെ ഫഹദ് ഈ റോള്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നു. വേറെയാരെയെങ്കിലും നോക്കണോയെന്ന് ആലോചിച്ചിരുന്നു.

പക്ഷെ, ആദ്യത്തെ ഓപ്ഷനിലുള്ളയാളുമായി സംസാരിച്ചുപോലും നോക്കാതെ മറ്റു ഓപ്ഷന്‍സ് നോക്കുന്നത് എന്തിനാണെന്ന് അല്ലു ചോദിച്ചു. സംസാരിച്ചു നോക്കിയാലല്ലേ ഫഹദ് റോള്‍ ചെയ്യുമോ ഇല്ലയോ എന്ന് അറിയുകയുള്ളുവെന്നും പറഞ്ഞ് അല്ലു നിര്‍ബന്ധിച്ചു.

അങ്ങനെ ഞാന്‍ ഫഹദുമായി സംസാരിച്ചു. എന്റെ അവസാന ചിത്രമായ രംഗസ്ഥലം ഏറെ ഇഷ്ടമായെന്ന് ഫഹദ് പറഞ്ഞു. അങ്ങനെ അന്നത്തെ സംസാരത്തിനൊടുവില്‍ പുഷ്പയിലെ ബന്‍വര്‍ സിംഗ് ഷെഖാവത്താകാന്‍ അദ്ദേഹം സമ്മതിച്ചു.

ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ആരാധനയും വര്‍ദ്ധിച്ചു. മറ്റു ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ വരുന്ന സമയത്ത് സാധാരണയായി ഡയലോഗുകള്‍ ഷൂട്ടിംഗ് സമയത്ത് പ്രോംപ്റ്റ് ചെയ്തു കൊടുക്കാറുണ്ട്. പക്ഷെ ഫഹദ് പ്രോംപ്റ്റിങ്ങ് വേണ്ടെന്ന് പറഞ്ഞു.

ബന്‍വര്‍ സിംഗ് ഷെഖാവതായി ഫഹദ്

ഷൂട്ടിന്റെ ദിവസം സെറ്റില്‍ വെച്ചാണ് ഞാന്‍ ഡയലോഗ് അഭിനേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കാറുള്ളത്. ഡയലോഗ് എന്നതിനേക്കാള്‍ ആ സീന്‍ വിവരിച്ചു കൊടുക്കുകയും അതിനുശേഷം അവര്‍ക്ക് അഭിനയിക്കാനുള്ള സ്‌പേസ് നല്‍കുകയുമാണ് ഞാന്‍ ചെയ്യാറുള്ളത്. അഭിനേതാക്കളുടെ ക്രിയേറ്റീവ് ഫ്രീഡത്തിന് നിയന്ത്രണങ്ങള്‍ വെക്കരുതെന്നാണ് എന്റെ രീതി.

എന്റെ ഈ രീതി ഫഹദിന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം പ്രോംപ്റ്റിങ്ങ് വേണ്ടെന്ന് വെക്കുകയും അവിടെ വെച്ച് ഡയലോഗ് മനസിലാക്കി പഠിച്ച് അഭിനയിക്കുകയുമായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദ് നിറഞ്ഞു നില്‍ക്കും. ആ ഭാഗത്തില്‍ പ്രധാനമായും ഫഹദും അല്ലുവും മാത്രമാണുള്ളത്.

ലവ് ട്രാക്ക് പ്രധാന കഥാതന്തുവായി വരുന്ന ചിത്രങ്ങളാണല്ലോ താങ്കള്‍ പൊതുവെ ചെയ്തിരുന്നത്. എന്നാല്‍ രംഗസ്ഥാനിലും പുഷ്പയിലും നായകന്റെ റൊമാന്റിക് ഇന്‍ട്രസ്റ്റിന് രണ്ടാം സ്ഥാനമാണുള്ളത്. ബോധപൂര്‍വം നടത്തിയ മാറ്റമാണോ അത്?

ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ്. ഇപ്പോള്‍ ആ ഗ്രാമത്തില്‍ നിന്നുള്ള കഥകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുറച്ചു കൂടി നാച്ചുറലായ കഥകളിലേക്ക് മാറി. എന്റെ ലവ് സ്റ്റോറികള്‍ക്കും ഗ്രാമപശ്ചാത്തലമുണ്ടാകാറുണ്ട്.

സൂപ്പര്‍സ്റ്റാറുകളെ വെച്ചുള്ള വലിയ കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അതില്‍ ചെറിയ മാറ്റം വരാന്‍ തുടങ്ങിയത്. എന്നാലും ആ സിനിമകളില്‍ പ്രണയത്തെ കുറിച്ച് പറയാനുള്ള സ്പേസ് ഉണ്ടാകാറുണ്ട്. പക്ഷെ ചില വ്യത്യാസങ്ങളുണ്ടാകുമെന്ന് മാത്രം.

മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അവസാന രണ്ട് ചിത്രങ്ങളിലും കഥാപരിസരം പൂര്‍ണമായും ഗ്രാമങ്ങളിലാണല്ലോ? ആ മാറ്റത്തെ കുറിച്ച് എന്താണ് പറയാനുള്ളത്? പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കൊമേഴ്‌സ്യല്‍ സിനിമകളാണ് താങ്കള്‍ ഒരുക്കുന്നതെന്ന് ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.

മലയാളത്തിലും തമിഴിലും വരുന്ന ചിത്രങ്ങളാണ് ആ മാറ്റത്തിലേക്ക് നയിച്ചത്, പ്രത്യേകിച്ച് മലയാള സിനിമകള്‍. വളരെ സ്വാഭാവികമായ കഥപറച്ചില്‍ രീതിയാണ് മലയാള സിനിമകളുടെ പ്രധാന ആകര്‍ഷണം. ആ സ്വാഭാവികതയില്‍ ഊന്നിനിന്നുകൊണ്ട് അതിമനോഹരമായാണ് മലയാളി എഴുത്തുകാരും സംവിധായകരും കഥകള്‍ പറയുന്നത്.

അവരില്‍ നിന്നുമാണ് ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടത്. ഒരേയൊരു കാര്യത്തില്‍ മാത്രമാണ് ഞാന്‍ പ്രധാനമായും ശ്രദ്ധിച്ചത്, നാച്ചുറലായ കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സും.

രംഗസ്ഥലം എന്ന ചിത്രത്തില്‍ രാം ചരണ്‍

സാധാരണ കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ മികച്ച കഥാപാത്രസൃഷ്ടിക്കോ പെര്‍ഫോമന്‍സിനോ ഉള്ള സ്പേസ് ഉണ്ടാകാറില്ല. പക്ഷെ ഈ ചിത്രങ്ങളില്‍ ഞാനൊരു മാറ്റത്തിന് ശ്രമിച്ചു. അതിന് എല്ലാ നന്ദിയും പറയേണ്ടത് മലയാള സിനിമകളോടാണ്. കുറെയേറെ കാര്യങ്ങള്‍ എനിക്ക് മലയാള ചിത്രങ്ങളില്‍ നിന്നും പഠിക്കാനായി.

താങ്കള്‍ ഒരു സംവിധായകന്‍ മാത്രമല്ല, തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടിയാണ്. ഈ മൂന്ന് റോളുകളെയും എങ്ങനെയാണ് കാണുന്നത്?

എഴുത്താണ് ഏറ്റവും എളുപ്പവും ഇഷ്ടവുമെന്ന് പറയാം. എന്റെ ടീമിനും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കുമൊപ്പം കഥ ചര്‍ച്ച ചെയ്യുന്നത് ഞാനേറെ ആസ്വദിക്കാറുണ്ട്. അതൊരു ഫണ്‍ ടൈമാണ്. നമ്മള്‍ യാത്ര ചെയ്യും, കുറെ സംസാരിക്കും, കറങ്ങി നടക്കും – അങ്ങനെയാണ് എഴുതുന്നത്. പക്ഷെ സംവിധാനം വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്. എനിക്ക് നാച്ചുറലായി വരുന്ന ഒരു കാര്യമേയല്ല അത്.

പ്രൊഡക്ഷനെ കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് ഇനിയും ഒരുപാട് പടങ്ങള്‍ നിര്‍മ്മിക്കണമെന്നുണ്ട്. ഞാന്‍ പറയാനാഗ്രഹിക്കുന്ന കഥകള്‍ കൂടുതലായി വെള്ളിത്തിരയില്‍ കാണണമെന്നുണ്ട്. സംവിധായകനേക്കാളും എഴുത്തുകാരനേക്കാളും ഭാവിയില്‍ ഒരു നല്ല നിര്‍മ്മാതാവാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ തന്നെ സംവിധാനം ചെയ്താല്‍ ഒരു വര്‍ഷം എന്റെ ഒരു കഥയ്ക്കല്ലേ സിനിമയായി സ്‌ക്രീനിലെത്താന്‍ സാധിക്കൂ. ഞാന്‍ നിര്‍മ്മാതാവായാല്‍ എന്റെ കൂടുതല്‍ കഥകള്‍ സിനിമയായി വരുമല്ലോ.

താങ്കളുടെ എല്ലാ സിനിമകളിലും പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകാറുണ്ട്. മിക്ക പാട്ടുകളും സൂപ്പര്‍ ഹിറ്റുമാകാറുമുണ്ട്. സംവിധാനം ചെയ്യുന്ന സിനിമകളില്‍ മികച്ച പാട്ടുകളുണ്ടാകണമെന്ന് നിര്‍ബന്ധം വെക്കാറുണ്ടോ?

റേഡിയോയില്‍ വരുന്ന പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. സിനിമാപ്പാട്ടുകള്‍ വരുന്ന സമയം കാത്തിരുന്ന് കേള്‍ക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പാട്ടിന് ശ്രദ്ധ നല്‍കാറുണ്ട്.

ദേവിശ്രീ പ്രസാദ്

പക്ഷെ പാട്ടുകള്‍ കേള്‍ക്കും എന്നല്ലാതെ എനിക്ക് സംഗീതത്തിന്റെ എ ബി സി ഡി അറിയില്ല. എന്റെ സിനിമകളിലെ പാട്ടുകള്‍ക്കെല്ലാം നന്ദി പറയേണ്ടത് ദേവിശ്രീ പ്രസാദിനോടാണ്. കഥയിലുടെയും സീനുകളിലൂടെയും ഈ സംഗീത സംവിധായകനെ മികച്ച പാട്ടുകള്‍ ഒരുക്കാനായി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയുമാണ് എനിക്കാകെ ചെയ്യാനുള്ളത്.

ആദ്യ ചിത്രമായ ആര്യ മുതല്‍ ദേവിശ്രീ പ്രസാദാണ് എന്റെ സിനിമകള്‍ക്കായി പാട്ടൊരുക്കുന്നത്. അദ്ദേഹത്തിന് എന്നെയും എന്റെ കഥകളെയും നന്നായറിയാം. അത് സംഗീതം ചെയ്യുമ്പോള്‍ സഹായകരമാകാറുണ്ട്.

ഇറങ്ങിയ ഭാഷകളിലെല്ലാം പുഷ്പയിലെ പാട്ടുകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം ചില വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. സാമന്തയെത്തിയ പാട്ടിലെ വരികള്‍ പുരുഷന്മാരെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് വിമര്‍ശനത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ഒരു സിനിമയിലൊഴികെ എന്റെ മറ്റെല്ലാ സിനിമകളിലും സ്പെഷ്യല്‍ സോങ്ങ് ഉണ്ടായിരുന്നു. നേരത്തെ പറഞ്ഞതു പോലെ ഞാനൊരു ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അവിടെയുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് സ്പെഷ്യല്‍ സോങ്ങുകളാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അവ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്.

പുഷ്പയിലെ ഓ അണ്ടവാ എന്ന പാട്ടില്‍ നിന്നും

പുഷ്പയിലെ പാട്ടില്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ചന്ദ്രബോസ് ആ പാട്ടില്‍ എഴുതിയിരിക്കുന്നത്. ആരെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല.

പുഷ്പ തിയേറ്ററുകളില്‍ മികച്ച വിജയം നേടുമ്പോഴും സിനിമയുടെ മേക്കിങ്ങിനും കഥയ്ക്കുമെതിരെ ചില വിമര്‍ശനങ്ങളുമുണ്ടായിരുന്നു. അല്ലുവിന്റെയോ താങ്കളുടെയോ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുഷ്പയില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളോടുള്ള പ്രതികരണം?

പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. അവര്‍ക്ക് സിനിമ എന്‍ജോയ് ചെയ്ത് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയായിരിക്കും. കൊമേഴ്സ്യല്‍ സിനിമാരംഗത്തെ വ്യത്യസ്തമായ ഒരു രീതിയായിരുന്നു പുഷ്പയിലേത്. മുന്‍ചിത്രങ്ങളില്‍ നിന്ന് അടിമുടി വ്യത്യസ്തമാണോ അല്ലയോ എന്നുള്ളതിനേക്കാള്‍ ആളുകള്‍ എന്‍ജോയ് ചെയ്യുന്നുണ്ടോയെന്നാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

2004ല്‍ ഇറങ്ങിയ ആര്യയിലൂടെ അല്ലു അര്‍ജുനൊപ്പം താങ്കളും കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. സുകുമാര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകക്കൂട്ടം ഇവിടെയുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?

സത്യത്തില്‍ മലയാളികള്‍ക്ക് എന്നെ അറിയുമെന്ന് പോലും ഞാന്‍ കരുതുന്നില്ല. വെറുതെ പറയുന്നതല്ല, അവര്‍ എന്റെ സിനിമകള്‍ക്കായി പ്രത്യേകം കാത്തിരിക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. അതല്ല, മലയാളി സിനിമാപ്രേക്ഷകര്‍ക്ക് എന്നെ അറിയാമെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അതൊരു മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. കാരണം എനിക്ക് മലയാള സിനിമകള്‍ അത്രയ്ക്ക് ഇഷ്ടമാണ്.

പണ്ട് മുതലേ മലയാള ചിത്രങ്ങള്‍ കാണാറുണ്ട്. അന്ന് സംവിധായകന്‍ കമലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. മലയാളികള്‍ക്ക് ഒരുപക്ഷെ അറിയുന്നുണ്ടാവില്ല, തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. അവിടെയുള്ള പല നടന്മാര്‍ക്കും ഇവിടെ വന്‍ ആരാധകരുണ്ട്.

സുരേഷ് ഗോപിയെന്ന് പറഞ്ഞാല്‍ വലിയൊരു സ്റ്റാറാണ് ഇവിടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തെലുങ്കിലേക്ക് ഡബ് ചെയ്ത സിനിമകളും സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. സ്ഥിരമായി മലയാള സിനിമകള്‍ കാണുന്നവരുടെ കൂട്ടത്തില്‍ പെടുന്നയാളാണ് ഈ ഞാനും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Exclusive Interview with Telugu Filmmaker Sukumar| Pushap Movie, Allu Arjun, Fahadh Faasil

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more