കവരത്തി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യൂണിഫോമുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ തട്ടത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ലോക്‌സഭ എം.പി മുഹമ്മദ് ഫൈസല്‍. ബെല്‍റ്റ്, ടൈ, ഷൂസ്, സോക്‌സ് എന്നിങ്ങനെ കുട്ടികളുടെ യൂണിഫോമിനെക്കുറിച്ച് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ തട്ടത്തെ കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തട്ടമിടുന്നതിനുള്ള സമ്പൂര്‍ണ നിരോധനമാണെന്നും ഫൈസല്‍ പി.ടി.ഐയോട് പറഞ്ഞു.
‘സര്‍ക്കുലറില്‍ തട്ടത്തെക്കുറിച്ചോ സ്‌കാര്‍ഫിനെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തികളുടെ അവകാശങ്ങള്‍ക്കുള്ള ലംഘനമാണ്. ഞങ്ങള്‍ ഇതിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും പോരാടും,’ അദ്ദേഹം പറഞ്ഞു.
ഇതിനോടകം തന്നെ സര്‍ക്കുലറിനെതിരെയും യൂണിയന്‍ ടെറിറ്ററിയുടെ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ ദ്വീപുകളില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെന്നും ഫൈസല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അവകാശങ്ങള്‍ അനുവദിക്കുന്നത് വരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും പുതിയ സര്‍ക്കുലര്‍ അയക്കുന്നത്. കുട്ടികളുടെ യൂണിഫോമില്‍ ഏകത കൊണ്ടുവരണമെന്നും അച്ചടക്കമുണ്ടാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
‘നിര്‍ദിഷ്ട യൂണിഫോം സര്‍ക്കുലറിലില്ലാത്തവ ധരിക്കുന്നത് സ്‌കൂള്‍ കുട്ടികളിലെ ഏകീകൃത സങ്കല്‍പ്പത്തെ ബാധിക്കും. സ്‌കൂളുകളില്‍ അച്ചടക്കവും ഏകീകൃതമായ രീതിയും കൊണ്ടുവരേണ്ടത് പ്രിന്‍സിപ്പാല്‍മാരുടെയും ഹെഡ് മാസ്റ്റര്‍മാരുടെയും ഉത്തരവാദിത്തമാണ്,’ സര്‍ക്കുലറില്‍ പറയുന്നു.
CONTENT HIGHLIGHTS: Excluding it, Lakshadweep school uniform circular; MP He said there was a move for a total ban