| Saturday, 18th September 2021, 7:09 pm

ആ അവസരം ലഭിച്ച ശേഷം ഞാനെന്റെ മനസ്സ് മാറ്റാന്‍ തീരുമാനിച്ചു; ബി.ജെ.പി വിട്ട ബാബുല്‍ സുപ്രിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.

മമതാ ബാനര്‍ജി നയിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ വലിയ ആവേശത്തിലാണെന്നും ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രണ്ട് മാസം മുമ്പ് പറഞ്ഞപ്പോള്‍, ഞാന്‍ അതിനെക്കുറിച്ച് ഗൗരവപൂര്‍വ്വം തന്നെയാണ് ആലോചിച്ചത്. എന്നാല്‍ ഈ അവസരം ലഭിച്ചതിനുശേഷം, ഞാന്‍ എന്റെ മനസ്സ് മാറ്റാന്‍ തീരുമാനിച്ചു,” സുപ്രിയോ പറഞ്ഞു.

ശനിയാഴ്ചയാണ് ബാബുല്‍ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പി വിട്ട് തൃണമൂലില്‍ എത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ ബി.ജെ.പി വിട്ടത്.

താന്‍ ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. പിന്നീട്, അദ്ദേഹം തന്റെ തീരുമാനം മാറ്റി താന്‍ ഒരു പാര്‍ലമെന്റ് അംഗമായി തുടരുമെന്ന് പറയുകയും ചെയ്തു.

രാഷ്ട്രീയത്തില്‍നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി വിട്ട് ഒരുമാസം കഴിയുമ്പോഴാണ് തൃണമൂലിലേക്ക് അദ്ദേഹം പോയത്.

ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രിയോ പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് വലിയം ക്ഷീണം തന്നെയാണ്.

തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്റെയും സാന്നിധ്യത്തിലാണ് ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടി പ്രവേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Excited about joining TMC, will work for Bengal’s development: Babul Supriyo

We use cookies to give you the best possible experience. Learn more