കോഴിക്കോട്: മദ്യ നയം പൊളിച്ചെഴുതുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്നും പ്രായോഗിക സമീപനം മാത്രമാണ് സര്‍ക്കാര്‍ പരിഗണിക്കുകയെന്നും മന്ത്രി വിശദീകരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ചില ആലോചനകളും നടപടി ക്രമങ്ങളും മാത്രമാണ് ബാക്കിയുള്ളത്. അവ കൂടി പൂര്‍ത്തിയായാല്‍ നിലവിലെ മദ്യനയം പൊളിച്ചെഴുതി മാസങ്ങള്‍ക്കുള്ളില്‍ പുതിയ നയം പ്രഖ്യാപിക്കുമെന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെ നിലപാട്.
എതിര്‍പ്പുകളെ കാര്യമാക്കാതെ പ്രയോഗികതയ്ക്കാവും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയെന്നും യു.ഡി.എഫിന്റെ മദ്യ നയം ടൂറിസം മേഖലയെ ബാധിച്ചുവെന്ന ടൂറിസം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നു എന്നും മന്ത്രി കൂട്ടിചേര്‍ത്തു.
യു.ഡി.എഫിന്റെ ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം എന്ന ആശയം പരാജയമാണ്. അതിനാല്‍ യു.ഡി.എഫിന്റെ നയത്തില്‍ നിന്ന് കാതലായ മാറ്റം പുതിയ മദ്യനയത്തിലുണ്ടാകുമെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.