| Saturday, 2nd May 2020, 10:34 am

'മദ്യശാലകള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദേശമനുസരിച്ച്'; പ്രതികരണവുമായി ടി. പി രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൈഡ് ലൈന്‍ പരിശോധിച്ചാകും തീരുമാനമെടുക്കുകയെന്ന് എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍. കേന്ദ്ര ഗൈഡ്‌ലൈനില്‍ ബാറിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിമാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ ഉറപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. ബാറുകളില്‍ നിന്നും പാഴ്‌സല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

മദ്യം ഓണ്‍ലൈനില്‍ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും നിലവില്‍ എടുത്തിട്ടില്ല. ആ തീരുമാനം എടുക്കാതെ തന്നെ ചിലര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു എന്നുള്ള വാര്‍ത്ത കണ്ടിരുന്നു. അവ അങ്ങേയറ്റത്തെ തട്ടിപ്പാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നത് വിലക്കില്ല. മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. മാസ്‌ക് ധരിക്കണമെന്നും മദ്യം വാങ്ങുമ്പോള്‍ സാമൂഹ്യ അകലം പാലിച്ചാകണം നില്‍ക്കേണ്ടതെന്നും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more