| Saturday, 28th January 2023, 11:44 pm

കേരളത്തില്‍ കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവ്; എക്‌സൈസ് സര്‍വേ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് ഏക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. പുകവലിയിലൂടെയാണ് കൂടുതല്‍ പേരും കഞ്ചാവിലേക്കെത്തുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിലെ 70 ശതമാനം പേരും 10നും 15നും വയസിനിടയിലാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത്. 15 മുതല്‍ 19 വയസിനിടയില്‍ തുടങ്ങിയത് 20 ശതമാനമാണ്. ഒമ്പത് ശതമാനം പേരാണ് 10 വയസിന് താഴെയുള്ള പ്രായത്തില്‍ ലഹരി ഉപയോഗിക്കുന്നത്.

ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡി അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 19 വയസിന് താഴെയുള്ള 600 പേരിലാണ് പഠനം നടത്തിയത്.

82 ശതമാനം പേരും ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥം കഞ്ചാവാണ്. 75.66 ശതമാനം പേര്‍ പുകവലിയും 64.46 ശതമാനം പേര്‍ മദ്യവും 25.5 ശതമാനം ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. 78 ശതമാനം പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്കെത്തിയത്.

ആദ്യം ലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66 ശതമാനവും കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33 ശതമാനവുമാണ്. 79 ശതമാനം വ്യക്തികള്‍ക്കും സഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്.

കുട്ടികളുടെ സ്വകാര്യത പൂര്‍ണമായി കാത്തുസൂക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസിന്റെ സര്‍വേ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.

പ്രകാശന ചടങ്ങില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി. രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗോപകുമാര്‍. ആര്‍. സുല്‍ഫിക്കര്‍.എ.ആര്‍, ഏലിയാസ് പി.വി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരായ ബി. രാകൃഷ്ണന്‍, സലിം എന്നിവര്‍ പങ്കെടുത്തു.


Content Highlight: Excise department survey report that ganja is the most used drug by teenagers in Kerala

We use cookies to give you the best possible experience. Learn more