എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ്; ഫിസിക്കല്‍ ടെസ്റ്റിനിടെ 11 പേര്‍ മരിച്ചു
national news
എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ്; ഫിസിക്കല്‍ ടെസ്റ്റിനിടെ 11 പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2024, 10:16 am

റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിനിടെ 11 ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചതായി പൊലീസ്. ഫിസിക്കല്‍ ടെസ്റ്റിനിടെയാണ് 11 പേര്‍ മരിച്ചത്.

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എക്‌സൈസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നടത്തിയ ഫിസിക്കല്‍ ടെസ്റ്റിനിടെ ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംങ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഫിസിക്കല്‍ ടെസ്റ്റ് നടന്നത്.

ആഗസ്ത് 22ന് നടന്ന ഫിസിക്കല്‍ ടെസ്റ്റില്‍ പലാമുവില്‍ നാല് പേരും ഗിരിദിഹ്, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേരും റാഞ്ചിയിലെ ജാഗ്വാറിലും ഈസ്റ്റ് സിംങ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളില്‍ ഒരോ ആളുകളും മരിച്ചെന്നാണ് ഐ.ജി അമോല്‍ വി ഹോംകര്‍ പറയുന്നത്.

ഫിസിക്കല്‍ ടെസ്റ്റിനിടെ ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും ഐ.ജി വ്യക്തമാക്കി.

ആഗസ്റ്റ് 30 വരെ നടന്ന ഫിസിക്കല്‍ ടെസ്റ്റില്‍ 1,27,772 ആളുകള്‍ പങ്കെടുത്തിട്ടുണ്ടെന്നും അതില്‍ 78,023 പേര്‍ വിജയിച്ചിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു.

എല്ലാ കേന്ദ്രങ്ങളിലും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെന്നും മെഡിക്കല്‍ ടീമുകള്‍, മരുന്നുകള്‍, ആംബുലന്‍സ് സംവിധാനങ്ങള്‍, ടോയ്‌ലറ്റുകള്‍, കുടിവെള്ളം എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നെന്നും ഐ.ജി വ്യക്തമാക്കി.

എന്നാല്‍ പലകേന്ദ്രങ്ങളിലായി ഉദ്യോഗാര്‍ത്ഥികള്‍ മരണപ്പെട്ടത് അധികൃതരുടെ കെടുകാര്യസ്ഥത കാരണമാണെന്ന് ആരോപിച്ച് നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Hihlight: excise constable recruitment drive; 11 people died during the physical test