| Friday, 30th December 2022, 1:41 pm

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് എക്‌സൈസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഒമര്‍ലുലു സംവിധാനം ചെയ്ത നല്ല സമയം ചിത്രത്തിനെതിരെ എക്‌സൈസ് കേസെടുത്തു. സിനിമയുടെ ട്രെയ്‌ലറില്‍ ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട് എന്ന പരാതിയിലാണ് എന്‍.ഡി.പി.എസ്, അബ്കാരി നിയമങ്ങള്‍ ചുമത്തി കേസെടുത്തത്.

സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഒമര്‍ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സുധാകരന്‍ കേസെടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഇര്‍ഷാദാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സിനിമയില്‍ അഞ്ച് പുതുമുഖ നായികമാരാണ് ഉള്ളത്.

നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം.

content highlight:excise case against Omarlulu’s  Nalla Samam movie

We use cookies to give you the best possible experience. Learn more