സര്‍ക്കാരിനെ പുറത്താക്കി യുവരാജ്; പിന്നാലെ സ്റ്റേഡിയം കണ്ടത് 'യുദ്ധം' വീഡിയോ
Sports News
സര്‍ക്കാരിനെ പുറത്താക്കി യുവരാജ്; പിന്നാലെ സ്റ്റേഡിയം കണ്ടത് 'യുദ്ധം' വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd July 2023, 3:55 pm

 

 

എമേര്‍ജിങ് ഏഷ്യാ കപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശ് എയെ പരാജയപ്പെടുത്തി ഇന്ത്യ എ ടീം ഫൈനലില്‍ പ്രവേശിച്ചിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 51 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലില്‍ പാകിസ്ഥാന്‍ എ ആണ് ഇന്ത്യയുടെ എതിരാളികള്‍.

മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങളും ബംഗ്ലാദേശ് താരം സൗമ്യ സര്‍ക്കാരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. സര്‍ക്കാരിന്റെ പുറത്താകലിന് പിന്നാലെയാണ് ബംഗ്ലാ ബാറ്ററും ഇന്ത്യന്‍ താരങ്ങളും കൊരുത്തത്.

മത്സരത്തിന്റെ 26ാം ഓവറിലെ രണ്ടാം പന്തില്‍ സൗമ്യ സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. യുവരാജ് സിങ് ധോഡിയയുടെ പന്തില്‍ നികിന്‍ ജോസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

സര്‍ക്കാരിന്റെ പാഡില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊങ്ങുകയും നികിന്‍ വളരെ മികച്ച രീതിയില്‍ പന്ത് കൈപ്പിടിയിലൊതുക്കിയിരുന്നു. എല്‍.ബി.ഡബ്ല്യൂവിലൂടെയാണ് സര്‍ക്കാര്‍ പുറത്തായതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ക്യാച്ചിലൂടെയാണ് താരം പുറത്തായതെന്ന് വ്യക്തമാക്കുകയായിരുന്നു.

ക്യാച്ചെടുത്ത നികിന്‍ ജോസിന്റെ ആവേശം കലര്‍ന്നുള്ള ആഘോഷവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ സര്‍ക്കാരിനോട് എന്തോ പറഞ്ഞിരുന്നു. ഇതുകേട്ട സര്‍ക്കാരും റാണയോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു.

കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പ് തന്നെ അമ്പയര്‍മാരും മറ്റ് ഇന്ത്യന്‍ താരങ്ങളും ചേര്‍ന്ന് അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 49.1 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും നഷ്ടമാകുന്നത്.

ക്യാപ്റ്റന്‍ യാഷ് ധുള്ളിന്റെയും അഭിഷേക് ശര്‍മയുടെയും ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ 211 റണ്‍സ് നേടി. ധുള്‍ 85 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ ശര്‍മ 63 പന്തില്‍ 34 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ബംഗ്ലാദേശ് ഇന്ത്യന്‍ ആരാധകരെ വിറപ്പിച്ചു.

എന്നാല്‍ നിഷാന്ത് സിന്ധുവിന്റെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ ബ്രേക് ത്രൂ നല്‍കിയപ്പോള്‍ ബംഗ്ലാദേശ് 35ാം ഓവറിലെ രണ്ടാം പന്തില്‍ 160 റണ്‍സിന് പുറത്താവുകയായിരുന്നു.

എട്ട് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് സിന്ധു വീഴ്ത്തിയത്. മാനവ് സുതര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ യുവരാജ് സിങ് ധോഡിയയും അഭിഷേക് ശര്‍മയും ഓരോ വിക്കറ്റും നേടി.

ജൂലൈ 23നാണ് എമേര്‍ജിങ് ഏഷ്യാ കപ്പിന്റെ ഫൈനല്‍ മത്സരം. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

 

Content Highlight: Exchange of Worlds between Harshit Rana and Soumya Sarkar