അഫ്‌സ്പ മേഖലകളില്‍ സൈന്യമോ പോലീസോ അമിത അധികാരം ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
Daily News
അഫ്‌സ്പ മേഖലകളില്‍ സൈന്യമോ പോലീസോ അമിത അധികാരം ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2016, 2:52 pm

supreme-court-01

ന്യൂദല്‍ഹി: അഫ്‌സ്പ നിയമം പ്രാബല്യത്തിലുള്ള മേഖലകളില്‍ സൈന്യമോ സമാന്തരസൈനിക വിഭാഗങ്ങളോ പ്രതിക്രിയാ നടപടികളോ അമിത അധികാരമോ ചെലുത്തരുതെന്ന് സുപ്രീംകോടതി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന 1500ല്‍ അധികം വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

മണിപ്പൂരില്‍ നടന്ന 1,528 സായുധ കലാപങ്ങളുടെ വിശദാംശങ്ങള്‍ കോടതി ആരാഞ്ഞു. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കലാപങ്ങള്‍ സംബന്ധിച്ച് സേന നേരിട്ട് അന്വേഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ സൈനികരെ വിചാരണ ചെയ്യാന്‍ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍( അഫ്‌സ്പ) തടസം സൃഷ്ടിക്കുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൈനികര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാലും അവര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് അഫ്പ്‌സ നിയമ പ്രകാരം പൊലീസിന് കേന്ദ്രത്തിന്റെ അനുമതി തേടണം. സൈന്യത്തിന് പ്രത്യേക അധികാരമുള്ളതിനാല്‍ മണിപ്പൂരില്‍ നടന്ന സായുധ കലാപങ്ങളുടെയും വ്യാജഏറ്റുമുട്ടലുകളുടെയും എഫ്.ഐ.ആര്‍ പോലും പൊലീസ് തയാറാക്കിയിരുന്നില്ല. അഫ്പ്‌സ പിന്‍വലിക്കണമെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.