ജക്കാർത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമിച്ച സിറപ്പുകൾ കഴിച്ച് മരണപ്പെട്ട കുട്ടികളുടെ എണ്ണം 133 ആയി. എഥിലിൻ ഗ്ലൈകോൾ, ഡയഥിലിൻ ഗ്ലൈകോൾ, ബ്യൂട്ടിൽ ഈഥെർ തുടങ്ങിയ രാസവസ്തുക്കളാണ് രോഗകാരണമായത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കുട്ടികൾ മരിച്ചത്.
കുട്ടികളുടെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ 22 പ്രവിശ്യകളിലായി 241 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളുടെ മരണസംഖ്യയിൽ ജനുവരി മുതലുണ്ടായ വലിയ വർധനവ് അന്വേഷിക്കുകയാണെന്നും സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകളുടെയും വിൽപന താൽക്കാലികമായി നിരോധിച്ചതായും ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“22 പ്രവിശ്യകളിലായി 241 വൃക്ക തകരാർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 133 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.” ആരോഗ്യമന്ത്രി ബുഡി ഗുണാഡി സാഡികിൻ പറഞ്ഞു, മിക്ക രോഗികളും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
“11 കുട്ടികളിൽ ഏഴു പേരിലും ഹാനികരമായ പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എഥിലിൻ ഗ്ലൈകോൾ, ഡയഥിലിൻ ഗ്ലൈകോൾ, ബ്യൂട്ടിൽ ഈഥെർ തുടങ്ങിയവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്,” മന്ത്രി കൂട്ടിച്ചേർത്തു.
പനി, ചുമ, ജലദോഷം എന്നിവക്കുള്ള സിറപ്പുകളാണിവ. രോഗം സ്ഥിരീകരിക്കുകയും കുട്ടികൾ മരണപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രാദേശികമായി നിർമിച്ച അഞ്ച് സിറപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവ വിപണിയിൽനിന്ന് പിൻവലിക്കാനും ബാക്കിയുള്ള നിർമിക്കപ്പെട്ട എല്ലാ ബാച്ചുകളും നശിപ്പിക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ രാസ വസ്തുക്കൾ കൂടുതലടങ്ങിയ മരുന്നുകളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വൃക്ക രോഗങ്ങൾക്ക് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയർന്നതോടെ സംശയം തോന്നി മരുന്നുകൾ പരിശോധിച്ചപ്പോഴാണ് അപകടകരമായ അളവിൽ മരുന്നുകളിൽ രാസസാന്നിധ്യം കണ്ടെത്തിയത്.
രോഗബാധിതരായ കുട്ടികളുടെ വീടുകളിൽ നിന്നും ശേഖരിച്ച 102 സിറപ്പ് മരുന്നുകളിൽ സമാനമായ രാസപദാർത്ഥങ്ങളുടെ അംശം ആരോഗ്യ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്ത മരുന്നാണ് നിലവിൽ രോഗികൾക്കായി നൽകി വരുന്നത്. ഇത് രോഗബാധിതരുടെ ആരോഗ്യനിലയിൽ മെച്ചപ്പെട്ട വ്യത്യാസം ഉണ്ടാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഗാംബിയയിൽ സമാന രീതിയിൽ സിറപ്പ് കഴിച്ച് എഴുപതോളം കുട്ടികൾ മരണപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം.
ഗാംബിയയിലെ മരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ മരുന്ന് കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകളുടെ ഇറക്കുമതി രാജ്യത്ത് നിർത്തിയിരുന്നു.
Content Highlight: Excessive chemicals in medicines; 133 children died in Indonesia