കൊവിഡ് കാലത്തെ 'അധിക മരണങ്ങള്‍' കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ്: ദി ഹിന്ദു റിപ്പോര്‍ട്ട്
Kerala News
കൊവിഡ് കാലത്തെ 'അധിക മരണങ്ങള്‍' കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ്: ദി ഹിന്ദു റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 1:58 pm

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ കൊവിഡ് കാലത്തുണ്ടായ അധിക മരണങ്ങള്‍ കുറവാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കാലത്തും അതിന് മുന്‍പുള്ള വര്‍ഷങ്ങളിലും നടന്ന മരണങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ അധിക മരണങ്ങള്‍ കുറവാണെന്ന് ദി ഹിന്ദു കണ്ടെത്തിയിട്ടുള്ളത്.

ദി ഹിന്ദുവില്‍ ശ്രീനിവാസന്‍ രമണി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കാലത്തും അതിനു മുന്‍പും നടന്നിട്ടുള്ള മരണങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയും ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനം മധ്യപ്രദേശാണ്. 2018-2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,92,004 അധിക മരണങ്ങളാണ് കൊവിഡ് പടര്‍ന്നുപിടിച്ച കാലയളവില്‍ ഇവിടെ നടന്നിട്ടുള്ളത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8068 കൊവിഡ് മരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. കൊവിഡ് കാലത്ത് നടന്നിട്ടുള്ള അധിക മരണങ്ങളെല്ലാം കൊവിഡ് മൂലമാകണമെന്നില്ലെങ്കിലും ഇവയില്‍ വലിയൊരു ശതമാനം കൊവിഡ് മരണമാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമാനമായ രീതിയില്‍ ആന്ധ്രാപ്രദേശില്‍ 1,95,422ഉം കര്‍ണാടകയില്‍ 1,25,732ഉം രാജസ്ഥാനില്‍ 45,088ഉം അധിക മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങളില്‍ യഥാക്രമം 10930, 29090, 8385 എന്നിങ്ങനെയാണ് ഇതുവരെ രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങള്‍.

എന്നാല്‍ കേരളത്തില്‍ 2018-2019 വര്‍ഷത്തേക്കാള്‍ 4,178 അധിക മരണങ്ങളാണ് കൊവിഡ് കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 9954 കൊവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളതെന്നാണ് കണക്കുകള്‍.

ഈ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ രേഖപ്പെടുത്താത്ത കൊവിഡ് മരണങ്ങള്‍ വളരെ കുറവായിരിക്കുമെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജസ്ഥാനിലെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കൊവിഡ് മരണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിലെയും മറ്റും സംസ്ഥാനങ്ങളെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ കൊവിഡ് കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ അട്ടിമറി നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവന്‍ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആവശ്യം.

ഇതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരിച്ച തീയതിയും വെച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസ്സും സ്ഥലവും വെച്ച് പ്രസിദ്ധീകരിക്കാനാണു തീരുമാനം. കൊവിഡ് മരണം രേഖപ്പെടുത്തുന്നതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Excess deaths in Kerala during Covid times is very low compared to other states, The Hindu report says