'അക്രമികള്‍ പദ്ധതിയിട്ടത് സഭയുടെ മൗനാനുവാദത്തിന് ശേഷം'; പ്രൊഫ ടി.ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകളില്‍'നിന്ന്
BOOKS
'അക്രമികള്‍ പദ്ധതിയിട്ടത് സഭയുടെ മൗനാനുവാദത്തിന് ശേഷം'; പ്രൊഫ ടി.ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകളില്‍'നിന്ന്
ടി.ജെ ജോസഫ്‌
Tuesday, 28th January 2020, 3:30 pm

എന്നെ പിരിച്ചുവിടുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും നിനച്ചിരുന്നില്ല. എന്‍ക്വയറി നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാനേജരച്ചനെ കണ്ടപ്പോള്‍ ‘ഞങ്ങള്‍ സാറിനെ ശിക്ഷിക്കും’ എന്നു പറഞ്ഞിരുന്നെങ്കിലും വകുപ്പുമേധാവി സ്ഥാനത്തുനിന്നും മാറ്റും അല്ലെങ്കില്‍ ഒന്നോ രണ്ടോ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കും എന്നൊക്കെയേ വിചാരിച്ചുള്ളു.

എന്നാല്‍ എന്റെ നേരേയുണ്ടായ ആക്രമണത്തിനുശേഷം ചോദ്യപേപ്പര്‍ വിവാദത്തിലെ സത്യാവസ്ഥ സാമാന്യജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ സംഗതിയായതിനാലും മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ക്കുപോലും എന്നോട് അനുഭാവമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മേല്‍പടി ചെറിയ ശിക്ഷകള്‍പോലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

ആ പിരിച്ചുവിടല്‍ ഉത്തരവ് ഒരു യാഥാര്‍ത്ഥ്യംതന്നെയാണെന്ന് ബോധ്യം വരാന്‍ അല്പസമയമെടുത്തു. തിരിച്ചറിവുവന്നതോടെ വല്ലാത്തൊരു ആധി എന്നെ ബാധിച്ചു. വെളിച്ചങ്ങളെല്ലാം കെട്ട് മനസ്സാകെ ഇരുട്ടിലായി.

ഞാന്‍ ഫിസിയോതെറാപ്പികഴിഞ്ഞ് മടങ്ങിവരുന്നതും കാത്ത് ഈരാറ്റുപേട്ടയില്‍നിന്നു വന്ന ഒരു സുഹൃത്തും മകളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. അദ്ദേഹം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലാണ്. പിരിച്ചുവിടല്‍ ഉത്തരവ് വായിച്ച അദ്ദേഹം ഏതു കോടതിയും ഈ ശിക്ഷാനടപടി റദ്ദുചെയ്യുമെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അക്കാര്യത്തില്‍ എനിക്കും സംശയമുണ്ടായിരുന്നില്ല.

എന്നാല്‍ അതൊക്കെ എന്നാണ് സാധിതപ്രായമാവുക? അതുവരെ ശാരീരികാവശതകളുള്ള ഞാനും എന്റെ കുടുംബവും എങ്ങനെ ജീവിക്കും?

സര്‍വ്വകലാശാലയുടെ ചട്ടമനുസരിച്ച് ഏഴുതരം ശിക്ഷകളാണുള്ളത്. ‘ശാസന’ ആണ് ഒന്നാമത്തേത്. ഏഴാമത്തെ പിരിച്ചുവിടല്‍ (dismissal) ആണ്. ഏറ്റവും കടുത്ത ശിക്ഷ. പിരിച്ചുവിടപ്പെടുന്ന ആളിന് സര്‍വ്വകലാ ശാലയുടെ കീഴിലുള്ള ഒരു കോളജിലും പിന്നീട് ജോലിചെയ്യാനാകില്ല. പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.

പിരിച്ചുവിടലിന് തൊട്ടടുത്ത ശിക്ഷ–ആറാമത്തേത്–നിര്‍ബന്ധിത വിരമിക്കല്‍ (Compulsory retirement) ആണ്. ആ ശിക്ഷ ലഭിക്കുന്ന ആളെയും ജോലിയില്‍നിന്നു പിരിച്ചുവിടും. എന്നാല്‍ സര്‍വ്വീസ് അനുസരിച്ചുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. യൂണിവേഴ്‌സിറ്റിയിലെ മറ്റു കോളജില്‍ നിയമനം ലഭിക്കുന്നതിന് തടസ്സവുമില്ല.

ചോദ്യപേപ്പര്‍ വിവാദമാക്കിയവര്‍പോലും അന്ന് ആവശ്യപ്പെട്ടത് ന്യൂമാന്‍ കോളജില്‍നിന്ന് എന്നെ മാറ്റണമെന്ന് മാത്രമാണ്. മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു കോളജിലേക്കും എന്നെ വേണ്ടെന്ന് മാനേജ്‌മെന്റ് തീര്‍ച്ചപ്പെടുത്തുന്നുവെങ്കില്‍ ‘നിര്‍ബ്ബന്ധിത വിരമിക്കല്‍’ എന്ന ശിക്ഷ തന്ന് എന്നെ ഒഴിവാക്കാമായിരുന്നു. ശിഷ്ടകാലം പെന്‍ഷന്‍ വാങ്ങി എനിക്കും എന്റെ കുടുംബത്തിനും പട്ടിണിയില്ലാതെ കഴിയാമായിരുന്നുവല്ലോ. ഞാന്‍ ഉള്ളാലെ പരിതപിച്ചു.

പിരിച്ചുവിട്ട കാര്യം പറയാന്‍ നാവുപൊന്താതിരുന്നതുകൊണ്ട് അക്കാര്യം ആരെയും ഞങ്ങള്‍ അറിയിച്ചില്ല. പിറ്റേന്ന് ഫിസിയോതെറാപ്പിക്കു പോകാനും മനസ്സുവന്നില്ല. എന്നാല്‍ അടുത്ത ദിവസം ചേച്ചി നിര്‍ബന്ധിച്ച് കൊണ്ടുപോയെങ്കിലും ഇടതു കൈകൊണ്ടുള്ള എഴുത്തഭ്യാസത്തില്‍ ഒരു താത്പര്യവും തോന്നിയില്ല. ഇനി എഴുതിപ്പഠിച്ചിട്ട് എന്തിനാണ്?

റേച്ചല്‍ മാഡം നിര്‍ബ്ബന്ധിച്ച് എഴുതിപ്പിക്കുമ്പോള്‍ പിരിച്ചുവിട്ട കാര്യം അവരോട് പറയണമെന്നു തോന്നി. എന്നാല്‍ ജാള്യത അതിനനുവദിച്ചില്ല. സര്‍വ്വീസില്‍നിന്ന് എന്നെ നീക്കം ചെയ്ത കാര്യം മാധ്യമങ്ങളെ അറിയിക്കാന്‍ മാനേജ്മെന്റ് വൈകിയപ്പോള്‍ ആ നടപടി അവര്‍ പിന്‍വലിക്കുമെന്ന് ഒരുവേള ഞാന്‍ വെറുതെ ആശിച്ചു.

എന്നാല്‍ 2010 സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തില്‍ എന്നെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്ത വാര്‍ത്ത പത്രങ്ങളിലെല്ലാം വന്നു. തലേന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ മോണ്‍ തോമസ് മലേക്കുടി പറഞ്ഞത് മാനേജ്മെന്റിന്റേത് ഒരു ശിക്ഷാനടപടിയല്ല. ശിക്ഷണനടപടി മാത്രമാണെന്നാണ്. (അവ തമ്മിലുള്ള വ്യത്യാസം എനിക്കിനിയും മനസ്സിലായിട്ടില്ല.)

മാനേജ്മെന്റ് നടപടി ക്രൂരവും നിന്ദ്യവുമാണെന്ന സമീപനമാണ് പല പത്രങ്ങളും പുലര്‍ത്തിയത്. മാതൃഭൂമി പത്രത്തിലെ ‘കാകദൃഷ്ടി’ എന്ന കാര്‍ട്ടൂണ്‍ കോളത്തില്‍ ‘ന്യൂമാന്‍ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു, ഒരു അധ്യാ…പകദിനം കൂടി’ എന്ന എഴുത്തോടെയാണ് എന്റെ ദയനീയ ചിത്രം വരച്ചുവച്ചത്.

‘അധ്യാപകദിനം’ ആശംസിച്ചുകൊണ്ട് അന്നാണ് ജീവിതത്തില്‍ എനിക്കേറ്റവും ഫോണ്‍കോളുകള്‍ വന്നത്. ഓരോ ആശംസാവാക്കുകളും എന്നെ കൂടുതല്‍ സങ്കടപ്പെടുത്താനാണ് ഉപകരിച്ചത്.

ഞാന്‍ അംഗമായിരുന്ന എ.കെ.പി.സി.റ്റി.എ. എന്ന സംഘടന എന്റെ ചികിത്സാച്ചെലവിലേക്കായി സമാഹരിച്ച ഏഴുലക്ഷം രൂപയുമായി സംഘടനാഭാരവാഹികള്‍ വന്നത് ആ അധ്യാപകദിനത്തില്‍തന്നെയാണ്. അവര്‍ തന്ന തുകയും പറഞ്ഞ ആശ്വാസവാക്കുകളും എന്റെ മനോവിഷമത്തെ അല്പമൊന്നു കുറയ്ക്കാതിരുന്നില്ല.

എന്നാല്‍ അതിനെക്കാള്‍ വിലയുള്ള ഒരു സ്നേഹോപഹാരവുമായി തൊടുപുഴ കൊടുവേലി സാന്‍ജോ സി.എം.ഐ. പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ എന്നെ കാണാനെത്തി. അവരോടൊപ്പം പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയും ഉണ്ടായിരുന്നു. ആ സ്‌കൂളിലെ ഒന്നാംക്ലാസ്സു മുതല്‍ പത്താംക്ലാസ്സുവരെയുള്ള മുഴുവന്‍ കുട്ടികളും എനിക്കെഴുതിയ കത്തുകള്‍ സമാഹരിച്ച് ഭംഗിയായി ബയന്റ് ചെയ്ത് ‘കൈ ഒപ്പ്’ എന്ന് പേരുമിട്ട് അവര്‍ കൊണ്ടുവന്നിരിക്കുകയാണ്.

എഴുത്തുവശമാകാത്ത കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളുടെ വകയായി ‘ഞങ്ങളെല്ലാവരും അങ്ങയോടൊപ്പമുണ്ട്’ എന്നെഴുതിയതിന്റെ ചുവട്ടില്‍ തങ്ങളുടെ കുഞ്ഞിക്കൈകള്‍ പലവര്‍ണ്ണങ്ങളില്‍ മുക്കി പതിപ്പിച്ച ഒരു പോസ്റ്ററും അവര്‍ എന്നെ കാണിച്ചു.

എന്നോടുള്ള അനുഭാവവും ആദരവും വെളിപ്പെടുത്തുന്നവയായിരുന്നു കുട്ടികളുടെ കത്തുകള്‍. മതതീവ്രവാദത്തിന് അവരെല്ലാം എതിരാണ്. എന്റെ നേരേ ആക്രമണമുണ്ടായതില്‍ അവര്‍ക്ക് ദുഃഖമുണ്ട്. അവരുടെ പ്രാര്‍ത്ഥന എനിക്കും എന്റെ കുടുംബത്തിനുമുണ്ട്. ആക്രമിച്ചവരോട് ക്ഷമിച്ചുവെന്ന് ഞാന്‍ പറഞ്ഞത് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്റെ നിരപരാധിത്വം തെളിഞ്ഞതിലും അവര്‍ സന്തോഷിക്കുന്നു.

കൈതുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയിച്ചതില്‍ അവര്‍ക്കെല്ലാം അതിയായ സന്തോഷമാണുള്ളത് എത്രയും വേഗം പൂര്‍ണ്ണസുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു. അധ്യാപനവൃത്തിയില്‍ ശ്രേയസ്‌കരമായി മുന്നേറാനും അവര്‍ ആശംസിക്കുന്നു.

എന്നെ പിരിച്ചുവിട്ട വാര്‍ത്ത വരുന്നതിനു മുമ്പ് എഴുതിയ കത്തുകളായിരുന്നു അവ. ആ കത്തുകളിലെ ആശയങ്ങള്‍ അവരിലേക്ക് പകര്‍ന്നത് അവരുടെ അധ്യാപകരും വിശിഷ്യ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയും ആയിരിക്കുമല്ലോ. ഫാ. ജോണ്‍സണുമായോ ആ സ്‌കൂളിലെ മറ്റ് അധ്യാപകരുമായോ എനിക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ കുഞ്ഞുങ്ങളെക്കൊണ്ട് എഴുതിച്ചത് പക്ഷപാതിത്വമില്ലാത്ത ബഹുജനാഭിപ്രായമാണെന്നു നിരീക്ഷിച്ച് ഞാന്‍ സന്തോഷിച്ചു.

”ഈ ‘കൈയൊപ്പ്’ ഒരു മരുന്നാണ്. ജോസഫ് സാറിന്റെ മുറിവില്‍ പുരട്ടുവാന്‍ ഒരു സ്‌കൂളിലെ കുട്ടികള്‍ കൂട്ടിയെടുത്ത കലര്‍പ്പില്ലാത്ത പച്ചമരുന്ന്” എന്ന ഫാ. ജോണ്‍സണ്‍ പാലപ്പള്ളിയുടെ ആമുഖക്കുറിപ്പ് അങ്ങനെതന്നെ എനിക്ക് അനുഭവവേദ്യമായി.

2010 സെപ്റ്റംബര്‍ 6-ന് ‘ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്’ പത്രത്തില്‍ പിരിച്ചുവിടല്‍ നടപടിയെ അപലപിച്ചുകൊണ്ട് മുഖപ്രസംഗം വന്നു. മനസ്സറിയാത്ത കാര്യത്തിന് വലിയ ശിക്ഷകള്‍ ഏറ്റുവാങ്ങിയ എന്നെ ഷേക്സ്പിയര്‍ നാടകത്തിലെ ദുരന്തനായകനോട് ഉപമിച്ചുകൊണ്ടാണ് അതിന്റെ തുടക്കം.

വിവാദ ചോദ്യത്തെപ്പറ്റിയുള്ള അധ്യാപകന്റെ വിശദീകരണം പ്രവാചകനിന്ദയോ മതനിന്ദയോ അതിലില്ലെന്ന് വ്യക്തമാക്കുന്നതാണ്. കിംവദന്തികളാണ് അതില്‍ മതനിന്ദയുണ്ടെന്ന് വരുത്തിത്തീര്‍ത്തത്. ഇപ്പോള്‍ എല്ലാറ്റിനും നല്ല വ്യക്തത വന്നിരിക്കുന്നു. അതിനാല്‍ അധ്യാപകന്റെ കാര്യത്തില്‍ സുമനസ്സുകള്‍ക്ക് സഹാനുഭൂതിയാണ് ഉണ്ടായിട്ടുള്ളത്.” എന്നിങ്ങനെയാണ് ലേഖനം തുടങ്ങുന്നത്.

ഭാര്യയും രണ്ടു മക്കളും ഉള്ള അധ്യാപകന്റെ ഉപജീവനമാര്‍ഗ്ഗം നിര്‍ത്തലാക്കുക വഴി ന്യൂമാന്‍ കോളജ് മാനേജ്മെന്റ് കൈകള്‍ വെട്ടിയ മതഭ്രാന്തരുടെ ലെവലിലേക്ക് വന്നിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ‘അദ്ധ്യാപകന്റെ മുറിവുകളില്‍ ഉപ്പുതേക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള മുഖപ്രസംഗം അവസാനിക്കുന്നത്.

ആശുപത്രിയിലും വീട്ടിലുമായി ഞാന്‍ നടത്തിയ മാധ്യമ സംവാദങ്ങള്‍ ഫലവത്തായതിന്റെ പ്രതിഫലനമായി ആ മുഖപ്രസംഗത്തെ ഞാന്‍ നിരീക്ഷിച്ചു. ചിലര്‍ക്കെങ്കിലും എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടല്ലോ. അതുമതി.

എന്നെ വീട്ടില്‍ വന്നു സന്ദര്‍ശിച്ച സി.എം.പി നേതാവ് സി.പി. ജോണ്‍, എന്നെ തിരിച്ചെടുക്കുന്ന കാര്യം മാനേജ്മെന്റുമായി സംസാരിച്ച് ഒരു തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രമം മാനേജ്മെന്റിന്റെ കാര്‍ക്കശ്യംമൂലം തുടക്കത്തില്‍ത്തന്നെ വഴിമുട്ടി.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസ്യോസ് തിരുമേനി എന്നെ വീട്ടില്‍ വന്ന് ആശ്വസിപ്പിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കോതമംഗലം രൂപതാധികാരികളുമായി ബന്ധപ്പെട്ട് എന്നെ തിരിച്ചെടുക്കുന്ന കാര്യം സംസാരിക്കാനായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ തിരുമേനിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ആരാഞ്ഞു.

ഇത് തങ്ങളുടെ സഭയിലെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റു സഭകള്‍ അതില്‍ ഇടപെടുന്നത് സഭകള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുമെന്നും കോതമംഗലം അരമനയില്‍നിന്നെത്തിയ ദൂതന്‍, മാര്‍ അത്താനാസ്യോസ് തിരുമേനിയെ അറിയിച്ചു. അങ്ങനെ ആ ഉദ്യമവും പര്യവസാനിച്ചു.

എന്നെ പിരിച്ചുവിട്ടതിനെച്ചൊല്ലി സാംസ്‌കാരിക നായകരുടെ പ്രതികരണങ്ങള്‍ ചിലതെല്ലാം ഞാനും വായിച്ചു. എന്നെ കുറ്റവിമുക്തനാക്കാന്‍ ചിലര്‍ കൂട്ടാക്കിയില്ലെങ്കിലും ശിക്ഷ ഏറിപ്പോയെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം കണ്ടില്ല. കോളജ് മാനേജ്മെന്റിന്റെ തീരുമാനം ശരിയായ സന്ദേശമാണെന്നു പറഞ്ഞ സീറോ മലബാര്‍സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടും ശിക്ഷ കൂടിപ്പോയെന്ന അഭിപ്രായക്കാരനായിരുന്നു. (മാനേജ്മെന്റിന്റെ തീരുമാനം തെറ്റായിരുന്നു വെന്ന് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിനും പറയേണ്ടിവന്നു.)

എന്റെ ഗുരുവും പ്രസിദ്ധ സാഹിത്യകാരനുമായ പ്രൊഫ. എം.കെ.സാനു പറഞ്ഞത് ഇപ്രകാരമാണ്: ”അധ്യാപകന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി തോന്നുന്നില്ല. അറിയാതെ പ്രവാചകന്റെ പേര് ഉപയോഗിച്ചുപോയി. അതില്‍ പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തതാണ്. മാനേജ്‌മെന്റ് സംഭവത്തെ ശരിയായി വിലയിരുത്തി അധ്യാപകനെ തിരിച്ചെടുക്കുക എന്നത് ധാര്‍മ്മികതയാണ്.”

പ്രസിദ്ധരായ രണ്ട് അധ്യാപകരുടെ അഭിപ്രായംകൂടി ഇവിടെ കുറിക്കാം.

വര്‍ഗ്ഗീയശക്തികള്‍ കേരളത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണം ആരംഭിച്ചതിനുദാഹരണമാണ് പ്രൊഫ. ജോസഫിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട നടപടി. ഇത് അനീതിയാണ്. പിരിച്ചുവിടാന്‍ മാത്രം തക്ക തെറ്റ് അധ്യാപകന്‍ ചെയ്തിട്ടില്ല. മതനേതാക്കന്മാരുടെ പേരുകള്‍ അധ്യാപകര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും ഭ്രാന്തന്മാര്‍ക്കും ഉണ്ടാവുക സ്വഭാവികം മാത്രം… സംഭവിച്ച കാര്യത്തില്‍ അധ്യാപകന്റെ വിശദീകരണം പൂര്‍ണ്ണമായും വിശ്വസനീയമാണ്. ഒരു അധ്യാപകനാകാനുള്ള യോഗ്യത ജോസഫിനുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നിട്ടും അദ്ദേഹത്തെ പിരിച്ചുവിടുന്നത് മാനേജ്മെന്റിന്റെ ഭീരുത്വമാണ്.
പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള (കവി)

ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി നീതിരഹിതമാണ്. അധ്യപകനെ ഉടന്‍ തിരിച്ചെടുക്കണം. മാനേജ്മെന്റ് നിലപാട് അക്കാഡമിക് സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നു കയറ്റമാണ്.
ഡോ. പി. ഗീത (കോളജ് അധ്യാപിക, എഴുത്തുകാരി)

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് കെ.ടി. തോമസ്, ആനന്ദ്, സക്കറിയ, ഒ.എന്‍.വി., സുഗതകുമാരി, വൈശാഖന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, പി. വത്സല, യു.എ. ഖാദര്‍, നൈനാന്‍ കോശി, ഫാ. എ. അടപ്പൂര്‍, പഴവിള രമേശന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സ്വാമി അഗ്നിവേശ്, ജോസഫ് പുലിക്കുന്നേല്‍ എന്നിവരൊക്കെ പിരിച്ചുവിടല്‍ നടപടിയെ അപലപിച്ച സാംസ്‌കാരിക നേതാക്കളാണ്.

ചോദ്യപേപ്പര്‍ വിവാദം, അനന്തരസംഭവങ്ങള്‍, മാനേജ്മെന്റ് നിലപാട് എന്നിവയെക്കുറിച്ച് ചരിത്രപണ്ഡിതനും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലറും ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വെസ്ചെയര്‍മാനുമായ ഡോ. കെ.എന്‍. പണിക്കരുടെ നിരീക്ഷണങ്ങളാണ് ഏറെ സമീചീനമായത്. ഫ്രണ്ട്ലൈന്‍ ദ്വൈവാരികയിലും മറ്റും വന്ന അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഉന്നത വിദ്യാഭ്യാസ വിചക്ഷണന്റെ അന്തസ്സാരം വെളിപ്പെടുത്തുന്നവയായിരുന്നു.

എന്നെ പിരിച്ചുവിട്ട വാര്‍ത്തയറിഞ്ഞ ന്യൂമാന്‍ കോളജിലെ എന്റെ സഹപ്രവര്‍ത്തകര്‍ കൂട്ട അവധിയെടുത്ത് ഒരു ദിവസം ജോലിയില്‍ നിന്ന് വിട്ടുനിന്നു. (ലീവ് അടയാളപ്പെടുത്താതിരുന്ന ഹാജര്‍ ബുക്കില്‍ പിന്നീട് മാനേജ്മെന്റ് ഭീഷണിപ്പെടുത്തി അവരില്‍ പലരെക്കൊണ്ടും ഒപ്പിടുവിച്ചു.) തങ്ങളുടെ അധ്യാപകനെ പിരിച്ചുവിട്ട നടപടിയില്‍ സങ്കടപ്പെട്ട ന്യൂമാന്‍ കോളജിലെ കുട്ടികള്‍ പഠിപ്പുമുടക്കി കരിദിനം ആചരിച്ചു.

പിരിച്ചുവിടല്‍ നടപടി നീതിരഹിതമായ വലിയ തെറ്റാണെന്നും വേണ്ടി വന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രസ്താവിച്ചു.ചട്ടങ്ങള്‍ പാലിക്കാതെയുള്ള പിരിച്ചുവിടല്‍ പുനഃപരിശോധിക്കണമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല രേഖാമൂലം ന്യൂമാന്‍ കോളജ് മാനേജരോട് ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷത്തൊഴിലാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എം.ജെ. ഷാജി അന്യായമായി പിരിച്ചുവിടപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ന്യൂമാന്‍ കോളജ് കവാടത്തിനുമുമ്പില്‍ മുട്ടിന്മേല്‍നിന്ന് കുരിശു പിടിച്ച് ഒമ്പതുമണിക്കൂര്‍ ഉപവാസസമരം നടത്തി.

തൊടുപുഴ വണ്ണപ്പുറം ഭാഗത്തുനിന്നും നൂറിലേറെ സഭാവിശ്വാസികള്‍ സംഘടിച്ച് കോതമംഗലം അരമനയിലെത്തി മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനെയും മറ്റ് സഭാധികാരികളെയും കണ്ട് പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന് വികാരവിക്ഷോഭത്തോടെ ആവശ്യപ്പെട്ടു. പിരിച്ചുവിടല്‍ നടപടി അന്യായമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്ക വിശ്വാസികള്‍ കോതമംഗലം ബിഷപ്ഹൗസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

വിവിധ അധ്യാപക സംഘടനകളുടെ കൂട്ടായ്മയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധറാലി തൊടുപുഴ ന്യൂമാന്‍ കോളജിലേക്ക് സംഘടിപ്പിക്കപ്പെട്ടു. വിവിധ സംഘടനകള്‍ പല സ്ഥലങ്ങളിലും പിരിച്ചുവിടലിനെതിരേ ധര്‍ണ്ണ നടത്തി.

എറണാകുളത്തു നടന്ന ഒരു സായാഹ്ന ധര്‍ണ്ണയില്‍ എന്റെ ഗുരുവായ പ്രൊഫ. എം.കെ. സാനു, ശിഷ്യനായ എന്നെ തിരിച്ചെടുക്കാന്‍ യേശുവിന്റെ നാമത്തില്‍ സഭാധികാരികളോട് അപേക്ഷിച്ചു.

എന്നെ തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കുന്ന കത്തുകള്‍ ലോകമെമ്പാടുനിന്നും ധാരാളമായി കോതമംഗലം ബിഷപ്സ് ഹൗസിലെത്തി. മാനുഷിക പരിഗണനയുടെ പേരില്‍ പിരിച്ചുവിടല്‍ നടപടി റദ്ദാക്കണമെന്നപേക്ഷിച്ച് ഞാനും മാനേജര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. എല്ലാ ശ്രമങ്ങളും വിഫലമായി. മാത്രമല്ല, കോതമംഗലം അരമന യുദ്ധസന്നദ്ധവുമായി.

ബഹുജനാഭിപ്രായത്തെ പ്രതിരോധിക്കാനും വിശ്വാസികളെ അനുനയിപ്പിക്കാനും രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ ‘ചോദ്യപേപ്പര്‍ വിവാദം അച്ചടക്കനടപടി’ എന്ന പേരില്‍ ഒരു ഇടയലേഖനം രചിച്ച് രൂപതയിലെ നൂറ്റിഇരുപതോളം പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും 2010 സെപ്റ്റംബര്‍ 12-ന് ഞായറാഴ്ചക്കുര്‍ബ്ബാന മധ്യേ വായിക്കുന്നതിന് ഏര്‍പ്പാടാക്കി.

എന്നെ കുറ്റവാളിയാക്കി തള്ളിപ്പറഞ്ഞുകൊണ്ട് പിരിച്ചുവിടല്‍ നടപടിയെ ശരിവെക്കുന്ന ഇടയലേഖനം അസത്യജഡിലവും അക്രൈസ്തവവുമാണെന്ന ബോധ്യത്തില്‍ രൂപതയിലെ സീനിയേഴ്സായ ചില വൈദികര്‍ അതു വായിക്കാന്‍ തയ്യാറായില്ല. മറ്റു ചിലരാകട്ടെ, സത്യവിരുദ്ധമെന്നു തങ്ങള്‍ക്കു തോന്നിയ ഭാഗങ്ങള്‍ വിട്ടുകളഞ്ഞുകൊണ്ട് അതു വായിക്കുകയും മെത്രാന്റെ കല്പനയെ അനുസരിച്ചെന്നു വരുത്തുകയും ചെയ്തു.

”എന്തുകൊണ്ട് മാനേജ്മെന്റ് ഈ അധ്യാപകന് കടുത്ത ശിക്ഷ നല്കി എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹവും വിശദീകരിക്കാന്‍ എനിക്ക് ചുമതലയുമുണ്ടല്ലോ” എന്ന് ലേഖനാരംഭത്തില്‍ തന്റെ ‘ഉദ്ദേശ്യ ശുദ്ധി’ വെളിപ്പെടുത്തുന്ന മെത്രാനച്ചന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വിശ്വാസികളുമായി പങ്കുവെക്കുന്നത്.

മാനേജ്മെന്റിന്റെ ഇംഗിതമനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു എന്ന അഭിഭാഷകനെ മാത്രമാണ് ചോദ്യപേപ്പര്‍ വിഷയത്തില്‍ എന്‍ക്വയറി ഓഫീസറായി മാനേജര്‍ നിയമിച്ചതെന്നിരിക്കേ ‘സമഗ്ര അന്വേഷണത്തിന് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരടങ്ങുന്ന ഒരു കമ്മീഷനെ നിയമിച്ചു’ എന്നാണ് അഭിവന്ദ്യപിതാവിന്റെ പ്രസ്താവം.

എന്റെ അറിവില്‍ സമീപകാലത്ത് പിരിച്ചുവിടപ്പെട്ട രണ്ടു കോളജ് അധ്യാപകര്‍ മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ പ്രൊഫ. ജോയി മൈക്കിളും എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ പ്രൊഫ. സെബാസ്റ്റ്യന്‍ ആന്റണിയുമാണ്. അവരെ പിരിച്ചുവിടാന്‍ പാകത്തിന് എന്‍ക്വയറി റിപ്പോര്‍ട്ടുണ്ടാക്കാന്‍ ‘ക്വട്ടേഷന്‍’ എടുത്തിരുന്നത് എന്റെ എന്‍ക്വയറി ഓഫീസര്‍ തന്നെയാണ്.

എന്‍ക്വയറി റിപ്പോര്‍ട്ടില്‍ മതനിന്ദയും പ്രവാചകനിന്ദയും ആരോപിച്ച് എന്നെ കുറ്റക്കാരനാക്കാന്‍ മേല്‍പടി നിയമജ്ഞന്‍ നടത്തുന്ന നീചശ്രമങ്ങള്‍ ആരെയും ലജ്ജിപ്പിക്കുന്നതാണ്. വിവാദ ചോദ്യത്തില്‍ മുഹമ്മദ്, ദൈവം എന്നീ രണ്ടു കഥാപാത്രങ്ങളാണല്ലോ ഉണ്ടായിരുന്നത്. ‘മുഹമ്മദ്’ എന്ന കഥാപാത്രത്തെ പ്രവാചകനെന്നു വരുത്തിത്തീര്‍ക്കാന്‍ ഞാന്‍ ഉപയോഗിച്ച ‘ദൈവം’ എന്ന വാക്കിനെ ‘അള്ളാ’ എന്നാണ് റിപ്പോര്‍ട്ടിലുടനീളം അദ്ദേഹം പരാമര്‍ശിക്കുന്നത്. വിസ്താരഭയത്താല്‍ അദ്ദേഹത്തിന്റെ കുത്സിത ശ്രമങ്ങളെ കൂടുതലായി വിവരിക്കുന്നില്ല.

‘കുട്ടികളുടെ പാഠ്യഭാഗമല്ലാത്ത പി.റ്റി. കുഞ്ഞുമുഹമ്മദിന്റെ ‘തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തില്‍ ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണഭാഗത്തില്‍ ഭ്രാന്തനു പകരം മുഹമ്മദ് എന്ന പേര് കൂട്ടിച്ചേര്‍ത്തു ചോദ്യമുണ്ടാക്കിയത് ദുരൂഹമാണ്.’ എന്ന ഇടയലേഖനത്തിലെ പ്രസ്താവം കുട്ടികള്‍ക്ക് പഠിക്കാനില്ലാത്ത കാര്യത്തിലാണ് ചോദ്യമെന്നും അത് മനപൂര്‍വ്വമായി ഉണ്ടാക്കിയിട്ടുള്ളതാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

‘ചോദ്യത്തിലെ അനൗചിത്യം കോളജിലെ ഡി.റ്റി.പി. ഓപറേറ്റര്‍ അദ്ധ്യാപകന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതു പരിഗണിച്ചില്ല’ എന്നത് മറയില്ലാത്ത കള്ളമാണ്. ഡി.റ്റി.പി ഓപ്പറേറ്റര്‍ എന്ന് ഇടയലേഖനത്തില്‍ വിവക്ഷിക്കപ്പെടുന്ന-മാനേജ്മെന്റ് ദിവസക്കൂലിക്ക് താത്കാലികമായി നിയമിച്ചിരുന്ന-ആ സാധുപെണ്‍കുട്ടി കള്ളസാക്ഷി പറയരുത് എന്ന ദൈവപ്രമാണത്തെ നന്നായി ഉള്‍ക്കൊണ്ടിരുന്നവളാണ്.

സമ്മര്‍ദ്ദമേറെ ഉണ്ടായിരുന്നിട്ടും വിവാദചോദ്യം കണ്ട് താന്‍ പുഞ്ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് അവള്‍ പോലീസിന്റെ മുമ്പിലും എന്‍ക്വയറി ഓഫീസറുടെ മുമ്പിലും മൊഴികൊടുത്തിരുന്നത്.

തന്നോടൊപ്പം ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന അദ്ധ്യാപകനെ ക്രൂശിക്കാനായി അസത്യകാര്യങ്ങള്‍ തന്റെമേല്‍ കെട്ടിവെച്ചു പരസ്യപ്പെടുത്തിയതില്‍ ആ കുട്ടി അസ്വസ്ഥയായെന്നും മനോനില വീണ്ടുകിട്ടാന്‍ കൗണ്‍സിലിങ്ങിനും മറ്റും വിധേയമാക്കിയെന്നും ഞാന്‍ പിന്നീടറിഞ്ഞു.

ഇടയലേഖനത്തില്‍ തുടരുന്ന പ്രലപനത്തെക്കുറിച്ച് ഞാന്‍ കൂടുതലായി ഉപപാദിക്കുന്നില്ല.

അധ്യാപകന്‍ തെറ്റ് അംഗീകരിക്കുന്നില്ലെന്നതാണ് പിരിച്ചുവിടാന്‍ ഇടയാക്കിയ ഏറ്റവും വലിയ തെറ്റായി ഇടയലേഖനത്തില്‍ ഘോഷിക്കുന്നത്.

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഞാനാണ്. അതില്‍ ആര്‍ക്കും ഒരു പങ്കുമില്ല. ഞാന്‍ എന്നും എവിടെയും പറഞ്ഞിട്ടുള്ള കാര്യമാണിത്. എന്റെ ചോദ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അനര്‍ത്ഥങ്ങളുണ്ടാക്കിയതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതാണ്.

ആ ക്ഷമാപണമൊഴിയാണ് മാനേജരച്ചന്‍ എഴുതിയെടുത്ത് എന്നെക്കൊണ്ട് ഒപ്പിടുവിച്ചത്. അതുതന്നെയാണ് എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ പതിമൂന്നാം പേജില്‍ എന്റെ കുറ്റസമ്മതമൊഴിയായി വരവുവെച്ചിട്ടുള്ളത്.

മതസ്പര്‍ദ്ധയുണ്ടാക്കാന്‍ വേണ്ടി ഞാന്‍ മനഃപൂര്‍വ്വം ചെയ്തതാണെന്നു സമ്മതിക്കണമെന്നാണോ അഭിവന്ദ്യ പിതാവു പറയുന്നത്? ചെയ്യാത്ത കുറ്റം ചെയ്തെന്നു പറഞ്ഞാല്‍ എന്നെ തിരിച്ചെടുക്കുമോ? ചെയ്യാത്തത് ചെയ്തെന്നു പറഞ്ഞിട്ട് എനിക്കാരുടെയും ഔദാര്യം വേണ്ട. ഇടയലേഖനത്തെക്കുറിച്ചുള്ള എന്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് അങ്ങനെയൊക്കെയാണ്.

‘വെളിച്ചത്തിന്റെ ഒരു കീറ്’ എന്ന തലക്കെട്ടില്‍ ആനന്ദ് എന്റെ നിലപാടിനെ ശ്ലാഘിച്ചു കൊണ്ട് ഒരു പ്രമുഖ പത്രത്തില്‍ കുറിപ്പെഴുതി. അത് ഒരു ഒറ്റമൂലിപോലെ എന്റെ മനോബലത്തെ ഉത്തേജിപ്പിച്ചു.

ചുരുക്കം ചില വൈദികര്‍ വായിച്ചില്ലെന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിക്കപ്പെട്ടു. ‘ചോദ്യപ്പേപ്പര്‍ വിവാദം-അന്വേഷണത്തിന്റെ നാള്‍വഴി’ എന്ന പേരില്‍ മാനേജര്‍ തോമസ് മലേക്കുടിയുടെ വകയായ ഒരു ലിഖിതവും ഇടയലേഖനത്തോടൊപ്പം ഉണ്ടായിരുന്നു. അതൊക്കെ വായിക്കുക മാത്രമല്ല, പ്രായേണ ചെറുപ്പക്കാരായ വൈദികര്‍ എന്നെ ഭര്‍ത്സിക്കാനും ഉത്സാഹിച്ചു.

രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടാണോ എന്നറിയില്ല, തുടര്‍ദിവസങ്ങളില്‍ രൂപതയിലെ വിവിധ സന്ന്യാസിനി സമൂഹങ്ങളില്‍പെട്ട കന്യാസ്ത്രീകള്‍ ഭവനസന്ദര്‍ശനം നടത്തി ഞാന്‍ ഭാര്യാമര്‍ദ്ദകന്‍ ആണെന്നും അമ്മയെ നോക്കാത്തവനാണെന്നും വിശ്വാസികള്‍ക്കിടയില്‍ അപവാദ പ്രചാരണം നടത്തി.

സഭാധികാരികളുടെ നിര്‍ദ്ദേശമനുസരിച്ച് സഭാ പ്രസിദ്ധീകരണങ്ങളിലെല്ലാം എന്നെ കുറ്റപ്പെടുത്തിയും മാനേജ്മെന്റ് നടപടിയെ ശ്ലാഘിച്ചും ധാരാളമായി ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും വന്നു. സഭയുടെ കീഴില്‍ വര്‍ത്തിക്കുന്ന ഭക്തസംഘടനകള്‍ മാത്രമല്ല, കര്‍ഷകസംഘടനയായ ‘ഇന്‍ഫാം’ പോലും എന്നെ തള്ളിപ്പറഞ്ഞും സഭാനട പടികളെ പിന്തുണച്ചും പ്രസ്താവനകളും ലഘുലേഖകളും അച്ചടിച്ചു വിതരണം നടത്തി.

എന്നെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിയെ അപലപിച്ചുകൊണ്ട് പത്രമാസികകളില്‍ ലേഖനമെഴുതിയ സാത്വികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെ നിന്ദിച്ചും കന്യാസ്ത്രീയായ എന്റെ ചേച്ചിയെ പുലഭ്യം പറഞ്ഞും എഴുതപ്പെട്ട ഊമക്കത്തുകള്‍ നാട്ടിലെമ്പാടും തപാല്‍ വഴി വിതരണം ചെയ്യപ്പെട്ടു.

സഭേതര പത്രമാസികകളില്‍ എനിക്ക് അനുകൂലമായി അഭിപ്രായങ്ങളും ലേഖനങ്ങളും എഴുതിയവരില്‍ ക്രിസ്തീയ നാമധാരികളെ തെരഞ്ഞു കണ്ടുപിടിച്ച് കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ നേരിട്ടുതന്നെ ശാസിച്ചു.

ഏതായാലും സഭാധികാരികളുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. എന്റെ വീട്ടിലെ തിരക്കൊഴിഞ്ഞു. ആവേശത്തോടെ പ്രാര്‍ത്ഥന നടത്തിയിരുന്ന ഭക്തശിരോമണികളെ ആരെയും പിന്നീട് ആ വഴിക്കു കണ്ടില്ല. റോമന്‍ കത്തോലിക്കരായ മിക്കപേരും എല്ലാവിധ സമ്പര്‍ക്കങ്ങളും മനഃപൂര്‍വ്വം ഒഴിവാക്കി. അടുത്ത ബന്ധുക്കള്‍പോലും വീട്ടില്‍ വരാതായി. അവരും സത്യവിശ്വാസികളാണല്ലോ!

ഞാന്‍ റോമന്‍ കാത്തോലിക്കാ സഭാംഗവും കോതമംഗലം രൂപതയില്‍പെട്ട ആളുമാണ്. ഞാന്‍ ജോലി ചെയ്തിരുന്ന ന്യൂമാന്‍ കോളജിന്റെ മാനേജ്മെന്റ് കോതമംഗലം രൂപതയാണ്. രൂപതാംഗമായ ഞാനും മാനേജ്മെന്റിന്റെ ഭാഗമാണ്. അതിനാല്‍ത്തന്നെ ഞാന്‍ ജോലി ചെയ്യുന്ന ന്യൂമാന്‍ കോളജ് എന്റേതുകൂടിയാണ്. കോളജിനോ കോളജ് മാനേജ്മെന്റിനോ എതിരായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്കെതിരായി പ്രവര്‍ത്തിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിച്ചുപോരുന്ന ആളാണു ഞാന്‍.

എന്നിരിക്കേ കുറ്റാരോപണത്താല്‍ നിന്ദിതനും ഭീകരാക്രമണത്താല്‍ അംഗപരിമിതനുമായ എന്നോട് സഭാധികാരികള്‍ യുദ്ധസമാനം പൊരുതുന്നത് എന്തിനാണ്? ആരെ തൃപ്തിപ്പെടുത്താനാണ്? എന്നോട് ഞാനും മറ്റുപലരും പലവട്ടം ചോദിച്ചിട്ടുള്ള ചോദ്യമാണിത്. അതിനുള്ള ഉത്തരം അക്കാലത്ത് കേരളാ പോലീസിന്റെ നേതൃത്വനിരയിലെ രണ്ടാമനും രഹസ്യാന്വേഷണ വിഭാഗം തലവനു മായിരുന്ന എഡിജിപി ഡോ. സിബി മാത്യൂസ് ഐ.പി.എസ് തന്റെ ആത്മകഥയില്‍ കുറിച്ചു വെച്ചിട്ടുണ്ട്.

ചോദ്യപേപ്പര്‍ വിവാദവും അനന്തര സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം തലവന്‍ എന്ന നിലയില്‍ അദ്ദേഹം സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഡോ. സിബി മാത്യൂസ് തികഞ്ഞ ക്രൈസ്തവ വിശ്വാസിയും മതനേതൃത്വവുമായി നല്ല ബന്ധമുണ്ടായിരുന്ന ആളുമായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ‘നിര്‍ഭയം’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്.

‘ന്യൂമാന്‍ കോളജ് ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ആദ്യം സസ്പെന്‍ഷനും പിന്നീട് പിരിച്ചുവിടല്‍ നോട്ടീസും നല്കി. മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ കോതമംഗലം ബിഷപ്പ് അടക്കം കോളജ് മാനേജ്മെന്റ് പ്രതികാരബുദ്ധിയോടെയാണ് നടപടികള്‍ സ്വീകരിച്ചത്. റോമന്‍ കത്തോലിക്ക സഭയിലെ അംഗവും ഒരു കന്യാസത്രീയുടെ സഹോദരനുമായ പ്രൊഫസര്‍ ജോസഫിനോട് അത്രയേറെ കഠിനമായ ശിക്ഷാനടപടികള്‍ വേണ്ടിയിരുന്നില്ല. ക്രൈസ്തവസമൂഹവും ഒറ്റപ്പെടുത്തുകയാണെന്ന് മനസ്സിലാക്കിയ തീവ്രമതചിന്തയുള്ള ചില ചെറുപ്പക്കാര്‍ ഇസ്ലാമിക മതനിയമം അനുശാസിക്കുന്ന രീതിയില്‍ വലതുകൈ വെട്ടിമാറ്റി.’

നിര്‍ഭയമുള്ള ആ സാക്ഷ്യപ്പെടുത്തലിന്റെ പൊരുള്‍ ചെറുതായൊന്ന് വിശദീകരിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്.

2010 മാര്‍ച്ച് 26-ന് തൊടുപുഴയില്‍ വര്‍ഗ്ഗീയവാദികള്‍ കലാപമുണ്ടാക്കുമ്പോഴാണ് എന്നെ തള്ളിപ്പറയാന്‍ സഭാധികാരികളും കോളജ് അധികൃതരും തീരുമാനമെടുത്തത്. അന്നുതൊട്ട് എന്നെ കുറ്റപ്പെടുത്തി ക്കൊണ്ടല്ലാതെ അവരിലാരും സംസാരിച്ചിട്ടില്ല.

എന്നെ ആക്രമിച്ചവര്‍ അതിനുള്ള ഗൂഢാലോചന 2010 മാര്‍ച്ച് 28-ന് ആരംഭിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ അവര്‍ കോതമംഗലം അരമനയിലേക്ക് ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. സഭാധികാരികള്‍ക്ക് എന്നോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നിങ്ങള്‍ എന്തു ചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി മാത്രമല്ല, ഞങ്ങളെന്തെങ്കിലും ചെയ്താല്‍ നിങ്ങളുടെ നിലപാടെന്തായിരിക്കും എന്ന ചോദ്യത്തിനും അവര്‍ ഉത്തരം തേടി.

അത്തരം ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ച് 05-05-2010-ല്‍ മെമ്മോയുടെ മറുപടിയുമായി അരമനയില്‍ ചെന്ന എന്നോട് മാനേജര്‍ മോണ്‍ തോമസ് മലേക്കുടി പറഞ്ഞിട്ടുള്ളതാണ്.

മതാന്ധരാണെങ്കിലും തീവ്രവാദക്കാര്‍ക്കും ബുദ്ധിയുണ്ടല്ലോ. അവര്‍ സൂത്രത്തില്‍ സഭയുടെയും മാനേജ്മെന്റിന്റെയും എന്നോടുള്ള നിഷേധ നിലപാട് മനസ്സിലാക്കി. എന്നെ തള്ളിപ്പറയാതെ സഭാംഗമെന്ന നിലയില്‍ സംരക്ഷിക്കുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്നെ ആക്രമിക്കുവാന്‍ അവര്‍ ഒരിക്കലും ധൈര്യപ്പെടില്ലായിരുന്നു. എന്നെ ആക്രമിക്കുന്നതിനുള്ള മൗനാനുവാദം സഭാധികാരികളില്‍നിന്ന് കിട്ടിയതിനു ശേഷമാണ് ആക്രമണകാരികള്‍ തങ്ങളുടെ പദ്ധതി ഊര്‍ജ്ജസ്വലമാക്കിയത്.

ആ നാളുകളില്‍ അരമനയില്‍ ചെല്ലുന്ന എന്നോട് ബിഷപ്പും മാനേജരും സൗഹൃദം ഭാവിച്ചത് കൊല്ലപ്പെടാന്‍ പോകുന്നവനോടുള്ള പരിഗണന വെച്ചായിരുന്നുവെന്ന പരമാര്‍ത്ഥം വൈകിയാണെങ്കിലും ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

എന്നെ സസ്പെന്റ് ചെയ്തത് 2010 മാര്‍ച്ച് 26-നാണ്. മൂന്നുമാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തീര്‍പ്പാക്കണമെന്നാണ് സര്‍വ്വകലാശാലാ നിയമം. അതിന്‍പടിയാണ് ജൂണ്‍ 15-നു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെ മാനേജര്‍ എന്‍ക്വയറി ഓഫീസറെ നിയമിച്ചത്. എന്‍ക്വയറി ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മാനേജര്‍ നടപടിയെടുക്കാന്‍ അമാന്തിച്ചു. കാരണം, എന്റെ നേരേയുണ്ടാകാന്‍ പോകുന്ന ആക്രമണം അവര്‍ ഉറപ്പിച്ചിരുന്നു.

ജൂലൈ 1-ന് ഇടവകവികാരി എന്നെ കാണാന്‍ വന്നത് എന്റെ നേരേ ‘ഫത്വ’ ഉണ്ടെന്ന് അറിവു കിട്ടിയതുകൊണ്ടാണല്ലോ. ഇന്നല്ലെങ്കില്‍ നാളെ കൊല്ലപ്പെടാന്‍ പോകുന്നവനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് വെറുതെ പഴി കേള്‍ക്കുന്നത് എന്തിനാണ്? അച്ചടക്കനടപടികളില്‍ മൂന്നുമാസത്തിനകം തീര്‍പ്പുകല്പിക്കണം എന്ന യൂണിവേഴ്സിറ്റി ചട്ടത്തെ മറികടന്ന് അവര്‍ കാത്തിരുന്നു.

ആക്രമണം വൈകി മാനേജരും മറ്റും അക്ഷമരായിട്ടിരിക്കുമ്പോഴാണ് ജൂലൈ 4-ന് ആ ‘സദ്വാര്‍ത്ത’ അവരുടെ കാതിലെത്തുന്നത്. ‘അവര്‍ പണി പറ്റിച്ചു’ എന്നു വിചാരിച്ച് ഉടന്‍തന്നെ മാനേജര്‍ മോണ്‍. തോമസ് മലേക്കുടി, മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. ജോസഫ് കോയിത്താനത്ത്, ഫാ. കുര്യാക്കോസ് കൊടകല്ലില്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തി. വീട്ടിലെത്തി എന്റെ അമ്മയെയും കുടുംബങ്ങളെയും ആശ്വസിപ്പിച്ചു.

അധികം വൈകാതെ ബിഷപ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ ഭവനസന്ദര്‍ശനം നടത്തുമെന്ന് ഇടവകവികാരി. ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ എന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ഞാന്‍ മരിച്ചിട്ടില്ലെന്നു സൂചന കിട്ടിയതിനാലാവാം ബിഷപ് തന്റെ ഉദ്യമം പിന്നീട് വേണ്ടെന്നു വെച്ചു.

ആക്രമണത്തെ മുസ്‌ലിം സംഘടനകള്‍പോലും അപലപിച്ചു. എന്നാല്‍ സഭാധികാരികള്‍ മൗനം ഭജിച്ചു. തൊട്ടടുത്ത ദിവസം മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളുടെ കമ്മറ്റിയോഗത്തില്‍ ആക്രമണത്തില്‍ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ചിലര്‍ ചൂണ്ടികാണിച്ചപ്പോള്‍ അവിടെ സന്നിഹിതനായിരുന്ന മാനേജര്‍ മോണ്‍. തോമസ് മലേക്കുടി വളരെ ഉദാസീനമായിട്ടാണ് അതിനോട് പ്രതികരിച്ചത്. ‘മരിച്ചുപോയെങ്കില്‍ കുഴപ്പമില്ലായിരുന്നു’ എന്ന് അദ്ദേഹം തന്റെ മനോഗതം അപ്പോള്‍ വെളിപ്പെടുത്തുകയും ചെയ്തു.

സഭാംഗങ്ങളില്‍നിന്നും വൈദികരില്‍നിന്നും ഭക്തസംഘടനാ നേതാക്കളില്‍നിന്നും സമ്മര്‍ദ്ദമേറി വന്നപ്പോള്‍ ആക്രമണത്തെ അപലപിക്കാന്‍ സഭാധികാരികള്‍ നിര്‍ബന്ധിതരായി. ബിഷപ് ഇടയലേഖനമെഴുതി. പ്രതിഷേധങ്ങള്‍ ആത്മസംയമനത്തോടെ വേണമെന്ന് ഇടയലേഖനം വിശ്വാസികളെ പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു. അതിന്‍പ്രകാരം തൊടുപുഴയിലും മൂവാറ്റുപുഴയിലും കോതമംഗലത്തും മൗനജാഥകള്‍ നടന്നു.

ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി, മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ അരമനവാസികളായ മറ്റു ചില വൈദികര്‍ക്കൊപ്പം മൂവാറ്റുപുഴയിലെ ഏതോ ഒരു ഹാളില്‍ സമ്മേളിച്ച് തങ്ങളുടെ ഇടയില്‍ കുറച്ചു മൗലവിമാരെയും ഹാജിമാരെയും തിരുകിയിരുത്തി മതമൈത്രീസമ്മേളനം നടത്തിയതിന്റെ വാര്‍ത്ത വിശാലമായ പനോരമ സൈസ് ഫോട്ടോയോടൊപ്പം പത്രങ്ങള്‍ക്കെല്ലാം നല്കി.

പ്രഹസനങ്ങള്‍ക്കൊടുവില്‍ അവര്‍ എന്നെ എന്റെ ലാവണത്തില്‍ നിന്ന് നീക്കം ചെയ്തു. മുസ്‌ലിം സമുദായം ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കാമെന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തി. നൈതികതയുടെ താക്കോല്‍ കൈവശമില്ലെങ്കില്‍ പിന്നെ എന്തുചെയ്യാനാണ്?

എന്റെ നേരേ നടന്ന ആക്രമണം പ്രതീക്ഷിച്ചത്ര ഫലിക്കാതെ പോയതാണ് സഭാധികാരികളെ കൂടുതലായി വലച്ചത്. അതുകൊണ്ടല്ലേ എന്നെ പിരിച്ചുവിട്ടിട്ട് മാലോകരുടെ പഴി കേള്‍ക്കേണ്ടിവന്നത്.

സഭാധികാരികളുടെ ആ അസന്തുഷ്ടിയാണ് അന്ന് ന്യൂമാന്‍ കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന ഫാ. നോബിള്‍ പാറയ്ക്കല്‍ മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മറയില്ലാതെ പ്രതിഫലിച്ചത്. അന്ന് ബ്രദര്‍ മാത്രമായിരുന്ന നോബിള്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിന്റെ നിര്‍ദ്ദേശപ്രകാരം എഴുതിയ ആ ലേഖനത്തിന്റെ ശീര്‍ഷകം ഇതായിരുന്നു: വിവേകമില്ലാത്ത തലകള്‍ മുറിച്ചുനീക്കപ്പെടട്ടെ!

(പ്രൊഫ.ടി.ജെ ജോസഫിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മ്മകളില്‍ നിന്ന്)

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ