national news
ഭാര്യയുമായുള്ള നിർബന്ധിത ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന നിയമം സമത്വത്തെ ദുർബലപ്പെടുത്തുന്നു: ഡെറക് ഒബ്രയൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 03:35 am
Monday, 10th February 2025, 9:05 am

ന്യൂദൽഹി: ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 63 പ്രകാരം വൈവാഹിക ബലാത്സംഗത്തിന് അനുവദിച്ചിരിക്കുന്ന ഇളവ് സ്ത്രീകളുടെ സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശത്തെയും സമത്വത്തെയും ദുർബലപ്പെടുത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ഡെറക് ഒബ്രയൻ.

ബലാത്സംഗത്തെ നിർവചിക്കുന്ന ബി.എൻ.എസിലെ സെക്ഷൻ 63 ലെ (മുമ്പ് ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 375 പ്രകാരം) ഇളവ് മൂലം, 18 വയസിന് മുകളിലുള്ള ഭാര്യയുമായി ഒരു പുരുഷൻ നടത്തുന്ന നിർബന്ധിത ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ല.

വെള്ളിയാഴ്ച, മുതിർന്ന ടി.എം.സി നേതാവ് രാജ്യസഭയിൽ ഇതിനെതിരെ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചു. ‘വിഡ്ഢിത്തം പറയുന്ന ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായി പാർലമെന്റിൽ ഒരു പുതിയ സ്വകാര്യ ബിൽ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 63 വൈവാഹിക ബലാത്സംഗത്തിന് ഇളവ് നൽകുന്നു,’ ഒബ്രയൻ ഞായറാഴ്ച തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.

‘ഇത് സ്ത്രീകളുടെ സ്വയംഭരണത്തെയും സമത്വത്തെയും ദുർബലപ്പെടുത്തുന്നു. വൈവാഹിക ബലാത്സംഗം ക്രിമിനൽ നിയമങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന് ഉറപ്പാക്കാൻ എന്റെ ബിൽ ശ്രമിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

അദ്ദേഹം അവതരിപ്പിച്ച 2024 ലെ ഭാരതീയ ന്യായ സംഹിത (ഭേദഗതി) ബിൽ പ്രകാരം പ്രതിയും ഇരയും വിവാഹിതരാണ് എന്നത് കൊണ്ട് മാത്രം ബലാത്സംഗം എന്ന കുറ്റകൃത്യം ലഘൂകരിക്കപ്പെടില്ല.

ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളും കാരണങ്ങളും വ്യക്തമാക്കുന്ന പ്രസ്താവനയിൽ നിയമ കമ്മീഷന്റെ 42-ാമത് റിപ്പോർട്ട് (1971) ബലാത്സംഗത്തിന് നൽകുന്ന ഈ ഇളവ് നീക്കം ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 84-ാമത് നിയമ കമ്മീഷൻ റിപ്പോർട്ടിൽ ജുഡീഷ്യൽ വേർപിരിയൽ കാലയളവിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള നിർബന്ധിത ലൈംഗീകബന്ധം കുറ്റകരമാക്കുന്നതിനായി 1983ൽ ഇന്ത്യൻ ശിക്ഷാ നിയമം (1860) ഭേദഗതി ചെയ്തു. എന്നാൽ 18 വയസിന് മുകളിലുള്ള ഭാര്യയുമായി ഒരു പുരുഷൻ നടത്തുന്ന നിർബന്ധിത ലൈംഗിക ബന്ധത്തെ ഇപ്പോഴും ബലാത്സംഗമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ രണ്ടിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ നിർവചനത്തിൽ വൈവാഹിക ബലാത്സംഗത്തെ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബില്ലിൽ പറയുന്നുണ്ട്.

ദി കൺവെൻഷൻ ഓൺ ദി എലിമിനേഷൻ ഓഫ് ഓൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് വുമൺ (CEDAW) ബലാത്സംഗത്തിന്റെ നിർവചനത്തിൽ നിന്ന് വൈവാഹിക ബലാത്സംഗത്തെ ഒഴിവാക്കിയതിനെ വിമർശിച്ചിട്ടുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഡനത്തിന്റെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനും വൈവാഹിക ബലാത്സംഗത്തെ ബലാത്സംഗത്തിന്റെ നിർവചനകളിൽ നിന്ന് എടുത്ത് കളയരുതെന്നും കമ്മിറ്റി നിർദേശിച്ചു.

‘കൂടാതെ, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാനും മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനും അന്താരാഷ്ട്ര നിയമത്തെ ബഹുമാനിക്കാനും സംസ്ഥാനം ശ്രമിക്കണമെന്ന് ആർട്ടിക്കിൾ 51 ആവശ്യപ്പെടുന്നു. ഈ രണ്ട് ആർട്ടിക്കിളുകൾ പ്രകാരം, വൈവാഹിക ബലാത്സംഗത്തിന് നൽകുന്ന ഈ ഇളവ് നീക്കം ചെയ്യേണ്ടത് നിയമസഭയുടെ ഉത്തരവാണ്,’ ബിൽ പറയുന്നു.

ബലാത്സംഗ കുറ്റങ്ങളിൽ നിന്നും വൈവാഹിക ബലാത്സംഗംങ്ങളെ ഒഴിവാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നൽകിയിട്ടുള്ള ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. അതിനാൽ, ബലാത്സംഗ കുറ്റകൃത്യത്തിൽ വൈവാഹിക ബലാത്സംഗത്തെ കൂടി കൂട്ടിച്ചേർക്കേണ്ടത് അനിവാര്യമാണെന്ന് ബിൽ പറയുന്നു.

 

Content Highlight: Exception to marital rape undermines autonomy, equality of women: Derek O’Brien