ഒക്ടോബര്‍ 21 നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പട്രോളിങ് നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയതായി പ്രഖ്യാപിച്ചത്. നീക്കം നയതന്ത്ര വകുപ്പുകളുടെ മികച്ച തീരുമാനങ്ങളില്‍ ഒന്നാണെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തിയിലെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുമോയെന്ന് ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.
നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ്ങിനൊപ്പം
2020ല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കി ഇന്ത്യയുടേയും ചൈനയുടെയും പ്രതിനിധികള്‍ കൂടിയാലോചന നടത്തിയതിന്റെ ബാക്കിപത്രമാണ് എല്‍.എ.സി കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനായി ഇന്ത്യയും ചൈനയും നടപടികള്‍ സ്വീകരിക്കുമെന്ന് സമ്മതിക്കുന്നതാണ് കരാര്‍.
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് കോ-ഓര്‍ഡിനേഷന്റെ നേതൃത്വത്തിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
സൈനികരെ അടക്കം ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചകള്‍ 30 സെഷനുകളായാണ് നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ മൂലകാരണം ഇന്ത്യയുടേയും ചൈനയുടെയും അതിര്‍ത്തികള്‍ കൃത്യമായി വേര്‍തിരിക്കാത്തതാണ്. സെപ്റ്റംബര്‍ 22ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയും ചൈനയും 3400 കിലോമീറ്ററിലധികം നീളത്തില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. നിലവില്‍ അതിര്‍ത്തിയില്‍ ഉടലെടുക്കാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കുന്നത്.
ഇതിന്റെ ഭാഗമായാണ് എല്‍.എ.സി കരാര്‍ പൂര്‍ണമായും നടപ്പിലാക്കാനുള്ള നടപടികളില്‍ ഇന്ത്യയും ചൈനയും ഏര്‍പ്പെട്ടിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും രണ്ട് ദിവസത്തിനകം പട്രോളിങ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 28, 29 തീയതികള്‍ക്കകം നടപടികള്‍ ക്രമീകരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരുരാജ്യങ്ങളുടെയും പട്രോളിങ് അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി മേഖലയിലെ ഏഴ് ഘര്‍ഷണ കേന്ദ്രങ്ങളിലെ രണ്ട് ഭാഗങ്ങളില്‍ നിന്ന് സൈനികരെ പിരിച്ചുവിടുന്ന നടപടിയാണ് ഇന്ത്യയും ചൈനയും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ദെപ്സാങ് സമതലത്തിലും ഡെംചോക്കിലും ചൊവ്വാഴ്ച മുതല്‍ സൈന്യത്തെ വിച്ഛേദിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ ആര്‍മിയുടെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ചൈനയുടെ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് 2020ല്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതുവരെ അതിര്‍ത്തിയിലെ സാഹചര്യം എങ്ങനെ ആയിരുന്നുവോ, ആ സാഹചര്യത്തിലേക്കായിരിക്കും ഇരുരാജ്യങ്ങളിലെയും സൈനികരെ എല്‍.എ.സി കരാര്‍ ഇനി എത്തിക്കുക. സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ സാധാരണ നിലയില്‍ നടത്തിയിരുന്ന പട്രോളിങ്ങും രാജ്യങ്ങള്‍ പുനരാരംഭിക്കും.
എസ്. ജയശങ്കർ
ഗാല്‍വാനില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് വഷളായ പട്രോളിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നും ജയശങ്കര്‍ പറയുകയുണ്ടായി.
പരസ്പര വിശ്വാസത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാഭാവികമായും സമയമെടുക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അയല്‍ രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന സൗഹൃദപരമായ നീക്കങ്ങളുടെ ആദ്യപടിയാണ് എല്‍.എ.സി കരാറെന്നും എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. അതേസമയം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 5629 ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയാണ് ചൈന ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയിരിക്കുന്നത്.
ഗൗതം അദാനി
ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തിപ്പെടുന്നത് ഏഷ്യാറ്റിക്ക് മേഖലയ്ക്ക് കൂടി പ്രയോജനകരമാണെന്ന് വിലയിരുത്തല്‍. സെപ്റ്റംബര്‍ പത്തിന് ഗൗതം അദാനി ചൈനയില്‍ കോടി കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറക്കുമതിയിലും കയറ്റുമതിയിലുമായി ചൈനയില്‍ അദാനി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നല്‍കിയ ക്ലീന്‍ ചീറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ നീക്കം ഇന്ത്യയുടെ സുരക്ഷയെ വരെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ‘ഇന്ത്യന്‍ ബൂര്‍ഷ്വാസി’ക്ക് ചൈനയുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പീപ്പിള്‍ ഡെമോക്രസിയിലൂടെ സി.പി.ഐ.എമ്മും പ്രതികരിച്ചിരുന്നു. ചൈനയുമായുള്ള ബന്ധം സാധാരണമാക്കുക എന്ന കേന്ദ്രത്തിന്റെ തീരുമാനം വിവേകപൂര്‍ണമാണെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ദി ഓര്‍ഗനൈസറും പറഞ്ഞിരുന്നു.
നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം
ഗാല്‍വാനിലെ സംഘര്‍ഷത്തിന് പിന്നാലെ യു.എസുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തിയിരുന്നു. ഒന്നിലധികം പ്രതിരോധ കരാറുകളിലും യു.എസും ഇന്ത്യയും ഒപ്പുവെക്കുകയുണ്ടായി. കൂടാതെ ഓസ്ട്രേലിയയും ജപ്പാനും ഉള്‍പ്പെടുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് ഗ്രൂപ്പിലെ അംഗം കൂടിയാണ് ഇന്ത്യ.
എന്നാല്‍ യു.എസിന്റെ ഏതാനും നയതന്ത്ര നിലപാടുകളില്‍ സംശയം ഉന്നയിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാരണങ്ങളും അഫ്ഗാനില്‍ നിന്നുള്ള യു.എസിന്റെ പിന്‍വാങ്ങലും അടിസ്ഥാനമാക്കിയാണ് ഓര്‍ഗനൈസര്‍ ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ചത്. 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരുപക്ഷെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍, ചൈനയുമായുള്ള നയതന്ത്രം ബന്ധം സാധാരണമാക്കുന്നത് ഇന്ത്യക്ക് അനുകൂലമാകുമെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
ആഗോള തലത്തിലെ രാഷ്ട്രീയം മാറിമറിയുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയും അയല്‍രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെയും പ്രവര്‍ത്തിക്കേണ്ടതിന്റെയും ആവശ്യകത പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സാമ്പത്തികമായും രാഷ്ട്രീയമായും നയപരമായും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഊര്‍ജിതമാകേണ്ടതുണ്ട്. എല്‍.എ.സി കരാര്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ വിദേശനയവും നയതന്ത്രവും കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Content Highlight: Examining the latest relationship between India and China